ഒരു നിമിഷത്തെ ചെറിയ തർക്കത്തെത്തുടർന്നു നാടുവിട്ടുപോയ യുവാവ് രണ്ടു പതിറ്റാണ്ടിലേറെക്കാലത്തെ ദുരിതജീവിതത്തിനു ശേഷം ഒടുവിൽ കുടുംബത്തിന്റെ സ്നേഹത്തണലിലേക്ക് മടങ്ങിയെത്തി. 16-ാം വയസ്സിൽ കാണാതായ മകനുവേണ്ടി മൂന്ന് പതിറ്റാണ്ടോളമായി കാത്തിരുന്ന അമ്മയുടെ പ്രാർത്ഥനയാണ് ഇതോടെ സഫലമായത്.
വിരുദുനഗർ പൂമാലപ്പട്ടി ആനക്കുളം ഗ്രാമത്തിലെ രാമമൂർത്തി – സുന്ദരി ദമ്പതിമാരുടെ മൂത്തമകനായ പ്രകാശ് (39) ആണ് പാക്കിസ്ഥാൻ അതിർത്തിക്കടുത്തുള്ള ദുരിതജീവിതത്തിൽ നിന്നും മോചിതനായി തിരിച്ചെത്തിയത്. മൂന്ന് പതിറ്റാണ്ട് മുൻപ് തൊഴിൽ തേടിയാണ് രാമമൂർത്തിയും കുടുംബവും കോയമ്പത്തൂരിൽ എത്തിയത്.
കവുണ്ടംപാളയം ഭാഗത്ത് താമസിക്കുന്നതിനിടയിൽ 2003-ലായിരുന്നു കുടുംബത്തെ കണ്ണീരിലാഴ്ത്തിയ സംഭവം അരങ്ങേറുന്നത്. അച്ഛൻ ഉപയോഗിച്ചിരുന്ന മോപ്പഡ് സ്കൂളിൽ നിന്നും മടങ്ങിയെത്തിയ ശേഷം ആര് ഓടിക്കും എന്നതുമായി ബന്ധപ്പെട്ട് വിദ്യാർത്ഥികളായ പ്രകാശും അനുജൻ പ്രഭുവും തമ്മിൽ തർക്കമുണ്ടായി.
തുടർന്ന് അമ്മയുടെ ഭാഗത്തുനിന്നും ശാസന ഉണ്ടായതോടെ പ്രകാശ് വീടുവിട്ട് ഇറങ്ങുകയായിരുന്നു. രാമമൂർത്തിയും സുന്ദരിയും ബന്ധുക്കളുടെ സഹായത്തോടെ വിവിധയിടങ്ങളിൽ തിരച്ചിൽ നടത്തിയെങ്കിലും മകനെ കണ്ടെത്താനായില്ല.
ഇതിനിടയിൽ കുടുംബം നീലാമ്പൂരിലേക്ക് താമസം മാറ്റി. നാല് വർഷം മുൻപ് അസുഖ ബാധിതനായി രാമമൂർത്തി മരണപ്പെട്ടു.
വീട്ടുജോലികൾ ചെയ്ത് ജീവിതം മുന്നോട്ട് കൊണ്ടുപോകുമ്പോഴും മകൻ ഒരുനാൾ തിരിച്ചെത്തുമെന്ന പ്രതീക്ഷയിൽ സുന്ദരി കാത്തിരിപ്പ് തുടർന്നു. 2022 ജൂലൈ 16 തീയതിയിലാണ് പ്രകാശിന്റെ ജീവിതത്തിൽ വഴിമാറിയത്.
പാക്കിസ്ഥാൻ അതിർത്തിയിൽ നിന്നും വെറും 10 കിലോമീറ്റർ മാത്രം അകലെ, അമൃത്സർ ജസ്റൗർ ഗ്രാമത്തിലെ എരുമ ഫാമിൽ മനുഷ്യാവകാശ സംഘടനയായ അപ്ന ഫാർസ് സേവ സൊസൈറ്റി നടത്തിയ പരിശോധനയിലാണ് പ്രകാശിനെ കണ്ടെത്തിയത്. താടിയും മുടിയും നീട്ടി വളർത്തി, ചെളിയിൽ കുതിർന്ന്, ഇരുമ്പു കട്ടിലിൽ കൈകാലുകൾ ചങ്ങലയിൽ ബന്ധിച്ച നിലയിലായിരുന്നു അദ്ദേഹം.
കോയമ്പത്തൂരിൽ നിന്നും പല ട്രെയിനുകൾ മാറി പഞ്ചാബിൽ എത്തിപ്പെട്ട പ്രകാശിനെ ജോലിക്കായി കൊണ്ടുപോയ ഫാം ഉടമ ക്രൂരമായ പീഡനത്തിനാണ് ഇരയാക്കിയത്.
അടിമയെപ്പോലെ പകലന്തിയോളം ജോലി ചെയ്യിച്ചും രാത്രികാലങ്ങളിൽ ചങ്ങലയിൽ തളച്ചിട്ടും ഒരു നേരത്തെ ഭക്ഷണം മാത്രം നൽകിയുമായിരുന്നു 19 വർഷങ്ങൾ തള്ളിനീക്കിയത്. ക്രൂരമായ പീഡനങ്ങൾ കാരണം പ്രകാശിന് തന്റെ ഭാഷയും നാടും കുടുംബവുമെല്ലാം പൂർണ്ണമായും മറന്നുപോയിരുന്നു.
പട്യാല ഗവ. മെഡിക്കൽ കോളജ് ആശുപത്രിയിൽ മാസങ്ങൾ നീണ്ട
ചികിത്സയ്ക്കിടെ അദ്ദേഹം ഉച്ചരിച്ച മുറിഞ്ഞ തമിഴ് വാക്കുകളാണ് രക്ഷാപ്രവർത്തകർക്ക് പേരും നാടും കണ്ടുപിടിക്കാൻ നിർണായകമായത്. തുടർന്ന് വീഡിയോ കോളിലൂടെ പ്രകാശിനെ തിരിച്ചറിഞ്ഞ സുന്ദരിയോട് മകനുമായി ബന്ധപ്പെട്ട
രേഖകൾ ആവശ്യപ്പെട്ടെങ്കിലും, ഒറ്റമുറി വീട്ടിൽ യാതൊന്നും കൈവശമില്ലാത്ത അവസ്ഥയായിരുന്നു. പഴയ റേഷൻ കാർഡിലെ പേരും കോയമ്പത്തൂരിലെ സ്കൂൾ പഠനവും മാത്രമായിരുന്നു അമ്മയ്ക്ക് പറയാനുണ്ടായിരുന്നത്.
കോയമ്പത്തൂർ കലക്ടർക്ക് നൽകിയ പ്രത്യേക നിവേദനമാണ് ഒടുവിൽ മകനെ അമ്മയുടെ അരികിൽ എത്തിക്കാൻ വഴിയൊരുക്കിയത്. സന്നദ്ധ പ്രവർത്തകരുടെ അകമഴിഞ്ഞ പിന്തുണയോടെ സുന്ദരി നേരിട്ട് പഞ്ചാബിൽ എത്തിയാണ് മകനെ ഏറ്റുവാങ്ങി മടങ്ങിയത്.
ഏറെക്കാലമായി കാത്തിരുന്ന അനുജൻ പ്രഭുവിനെയും പ്രകാശിനെയും നേരിൽ കണ്ടതോടെ അവിടെയുണ്ടായിരുന്നവരുടെയെല്ലാം കണ്ണുകൾ സന്തോഷത്താൽ നിറഞ്ഞു. ഇതിനു പിന്നാലെ പ്രഭു ജ്യേഷ്ഠനായി കരുതിവെച്ച ഒരു സമ്മാനവും മുന്നിൽ വെച്ചു- വർഷങ്ങൾക്ക് മുൻപ് ഇരുവരും തമ്മിലുള്ള വഴക്കിന് കാരണമായ ആ ഇരുചക്രവാഹനം.
നഷ്ടപ്പെട്ടുപോയ പ്രകാശിന്റെ ഓർമ്മകൾ പൂർണ്ണമായി തിരിച്ചുപിടിക്കാനുള്ള തീവ്ര ശ്രമത്തിലാണ് ഇപ്പോൾ കുടുംബം.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

