പറമ്പിക്കുളം – ആളിയാർ നദീജല കരാർ ചിറ്റൂരിന്റെ മാത്രം വിഷയമല്ല, മറിച്ച് പാലക്കാട്, തൃശൂർ, മലപ്പുറം ജില്ലകളിലൂടെ ഒഴുകുന്ന ഭാരതപ്പുഴയുടെ നിലനിൽപ്പിനെത്തന്നെ ബാധിക്കുന്ന സുപ്രധാന വിഷയമാണ്. ആളിയാർ ഡാമിൽ നിന്ന് മൂലത്തറ വഴി ചിറ്റൂർ പുഴയിലെത്തുന്ന ജലം, പിന്നീട് പറളിയിൽ വെച്ച് ഭാരതപ്പുഴയായി മാറുന്നു.
പാലക്കാടൻ കാർഷിക മേഖലയുടെ ജീവനാഡിയായ ഈ ജലസ്രോതസ്സിന്റെ ലഭ്യത ഉറപ്പാക്കുന്നത് ഈ കരാറാണ്. **കരാറിന്റെ പശ്ചാത്തലം**
പറമ്പിക്കുളം സിസ്റ്റത്തിലെ മൂന്ന് അണക്കെട്ടുകൾ (പറമ്പിക്കുളം, പെരുവാരിപ്പള്ളം, തൂണക്കടവ്), ആളിയാർ ഡാം, കേരള – തമിഴ്നാട് ഷോളയാർ അണക്കെട്ടുകൾ, കോണ്ടൂർ കനാൽ, ആളിയാർ കനാൽ, ലോവർ-അപ്പർ നീരാർ എന്നിവയെല്ലാം ഈ കരാറിന്റെ പരിധിയിൽ വരുന്നു.
1970 മേയ് 29ന് ഒപ്പുവെച്ച കരാറിന് 1958 നവംബർ ഒന്നു മുതലുള്ള മുൻകാല പ്രാബല്യമാണുള്ളത്. ഓരോ 30 വർഷം കൂടുമ്പോഴും ജലലഭ്യതയുടെ അടിസ്ഥാനത്തിൽ കരാർ വ്യവസ്ഥകൾ പുനരവലോകനം ചെയ്യണമെന്നാണ് ചട്ടം.
എന്നാൽ, ഈ വ്യവസ്ഥ പ്രകാരം രണ്ടുതവണ പുനരവലോകനം ചെയ്യേണ്ടിയിരുന്നിട്ടും, കാര്യക്ഷമമായ നടപടികളിലേക്ക് നീങ്ങാൻ കേരളത്തിന് സാധിച്ചിട്ടില്ല. **പുനരവലോകനത്തിന്റെ ആവശ്യകത**
നിലവിലെ കരാർ പ്രകാരം ജൂലൈ ഒന്ന് മുതൽ അടുത്ത വർഷം ജൂൺ 30 വരെയുള്ള കാലയളവിൽ 7.25 ടിഎംസി ജലം മാത്രമാണ് കേരളത്തിന് ലഭിക്കുന്നത്.
ഇത് 12.5 ടിഎംസി ആയി ഉയർത്തണമെന്നതാണ് പാലക്കാടിന്റെ ദീർഘകാലമായുള്ള ആവശ്യം. കരാർ ലംഘനങ്ങൾക്കെതിരെ ഫലരപ്രദമായി പ്രതികരിക്കാൻ സംസ്ഥാനത്തിന് കഴിയുന്നില്ലെന്ന ആക്ഷേപവുമുണ്ട്.
മുൻ ജലസേചന വകുപ്പ് മന്ത്രി കെ.കൃഷ്ണൻകുട്ടിയുടെ കാലത്ത് മുഖ്യമന്ത്രിമാരുടെയും ഉദ്യോഗസ്ഥതലത്തിലും ചർച്ചകൾ സജീവമായിരുന്നെങ്കിലും, പിന്നീട് ഈ വിഷയത്തിൽ കാര്യമായ പുരോഗതി ഉണ്ടായില്ല. മുല്ലപ്പെരിയാർ, ശിരുവാണി കരാറുകളിൽ നിന്ന് വ്യത്യസ്തമായി പറമ്പിക്കുളം – ആളിയാർ കരാറിന് നിശ്ചിത കാലാവധി നിശ്ചയിച്ചിട്ടില്ല എന്നത് വലിയൊരു പോരായ്മയാണ്.
കൂടാതെ, മുതലമട പഞ്ചായത്ത് പരിധിയിലുള്ള പറമ്പിക്കുളം അണക്കെട്ടുകളുടെ നിയന്ത്രണം കരാർ പ്രകാരം തമിഴ്നാടിനാണ്.
അറ്റകുറ്റപ്പണികളും അവർ തന്നെയാണ് നടത്തുന്നത്. അതിനാൽ, ഡാമിന്റെ നിയന്ത്രണം കേരളം ഏറ്റെടുക്കണമെന്ന ആവശ്യം ശക്തമാണ്.
കൃത്യമായ ടൈം ഷെഡ്യൂളോട് കൂടിയുള്ള ചർച്ചകൾ ആരംഭിക്കുക എന്നതാണ് വിഷയത്തിൽ അടിയന്തരമായി സ്വീകരിക്കേണ്ട നടപടിയെന്ന് വിദഗ്ധർ ചൂണ്ടിക്കാട്ടുന്നു.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

