പെരുമ്പെട്ടി ∙ മണിമലയാറിന്റെ ഓരങ്ങളിൽ തീരങ്ങൾ ഇടിഞ്ഞുതാഴുന്നത് വ്യാപകമാകുന്നതിൽ പ്രദേശത്തെ ഭൂ ഉടമകൾ കനത്ത ആശങ്കയിൽ. കഴിഞ്ഞ ദിവസങ്ങളിലുണ്ടായ പ്രളയാനന്തരം തീരങ്ങൾ ആറ്റിലേക്കു പതിക്കുന്നത് ക്രമാതീതമായി വർധിച്ചുവരികയാണ്.
കടൂർക്കടവിനു സമീപവും, കുളത്തൂർമൂഴി എന്നിവിടങ്ങളിലുമാണു നിലവിൽ സ്ഥിതി കൂടുതൽ രൂക്ഷമായിട്ടുള്ളത്. 2018, 2021 വർഷങ്ങളിലെ പ്രളയങ്ങൾക്കു ശേഷമുള്ള മഴക്കാലങ്ങളിലുണ്ടായ മലവെള്ളപ്പാച്ചിലുകളിൽ ഏക്കറുകണക്കിനു കൃഷിയിടങ്ങളാണ് ഇതിനോടകം ആറ്റിലലിഞ്ഞു ചേർന്നത്.
ആറിന്റെ ഓരങ്ങളിൽ കർഷകർ മുളയും കണ്ടലും വച്ചുപിടിപ്പിക്കുന്നുണ്ടെങ്കിലും, ശക്തമായ ഒഴുക്കിൽ അടിത്തട്ടിലെ മണ്ണിളകി വടവൃക്ഷങ്ങളടക്കം ആറ്റിലേക്ക് പതിക്കുന്ന അവസ്ഥയാണുള്ളത്. മേഖലയിൽ പാലങ്ങളുടെ സമീപനപാതയോടു ചേർന്നുകിടക്കുന്ന ഭാഗത്തു മാത്രമാണ് തീരങ്ങളിൽ നാമമാത്രമായി സംരക്ഷണഭിതിയുള്ളത്.
എങ്കിലും തൂക്കുപാലങ്ങളുടെ ഓരങ്ങളിൽ സ്ഥിതി തികച്ചും വിഭിന്നമാണ്. ആറ്റിലെ തടയണകളുടെ ഇരുവശങ്ങളിൽ ചിലയിടങ്ങളിൽ 20 മീറ്ററിൽ താഴെ ചെറിയ രീതിയിൽ ജലസംഭരണം ശക്തിപ്പെടുത്താൻ ഭിത്തിയുണ്ടെങ്കിലും, ശേഷിക്കുന്ന ഭാഗങ്ങളിൽ അധിക സമ്മർദത്തിൽ ജലം ഒഴുകിയെത്തുമ്പോൾ തീരമിടിഞ്ഞ് ആറ്റിൽ പതിക്കുകയാണെന്ന് ഭൂവുടമകൾ പരാതിപ്പെടുന്നു.
ഒളമനക്കടവ്, നൂലുവേലിക്കടവ്, പുത്തൂർക്കടവ്, അങ്ങാടിക്കടവ്, പള്ളിക്കടവ്, തേലപ്പുഴക്കടവ് എന്നിവിടങ്ങളിലും സമാനമായ സ്ഥിതിയാണ് നിലവിലുള്ളത്. ചിലഭാഗങ്ങളിൽ വീടുകളും കെട്ടിടങ്ങളും ഏതുനിമിഷവും ആറെടുക്കാവുന്ന തരത്തിലുള്ള അപകടാവസ്ഥയിലാണ്.
കഴിഞ്ഞ 2 വർഷത്തിനിടെ മേഖലയിൽ 12 ഏക്കറിലധികം ഭൂമി നഷ്ടപ്പെട്ടന്നാണ് പ്രദേശവാസികൾ വ്യക്തമാക്കുന്നത്. ആറ്റുതീരങ്ങളിലെ ഭൂമിയുടെ സംരക്ഷണം അടിയന്തരമായി ഉറപ്പുവരുത്തണമെന്നും, അപകട
മേഖലകളിൽ സംരക്ഷണഭിത്തികൾ നിർമിക്കണമെന്നുമാണ് ഭൂവുടമകളുടെ പ്രധാന ആവശ്യം.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

