ആറന്മുള ഗവൺമെന്റ് ഹൈസ്കൂളിലെ ഉച്ചഭക്ഷണ വിതരണ സൗകര്യം വലിയ പ്രതിസന്ധി നേരിടുന്നു. സ്കൂൾ ഡൈനിങ് ഹാളിൽ വർഷങ്ങളായി അങ്കണവാടി പ്രവർത്തിച്ചു വരുന്നത് വിദ്യാർത്ഥികളുടെയും അങ്കണവാടി കുട്ടികളുടെയും ദൈനംദിന പ്രവർത്തനങ്ങളെ സാരമായി ബാധിച്ചിരിക്കുകയാണ്.
അടിയന്തര സാഹചര്യത്തിൽ അങ്കണവാടി ഇവിടെ നിന്നും മാറ്റി സ്ഥാപിക്കണമെന്ന നിർദ്ദേശം ജില്ലാ പഞ്ചായത്ത്, മല്ലപ്പുഴശ്ശേരി പഞ്ചായത്ത് അധികൃതർക്ക് കൈമാറി. ഹൈസ്കൂൾ വിഭാഗത്തിൽ ഇരുനൂറ്റൻപതോളം വിദ്യാർത്ഥികളുള്ള ഈ വിദ്യാലയത്തിൽ 187 കുട്ടികളാണ് നിലവിൽ ഉച്ചഭക്ഷണം കഴിക്കുന്നത്.
2018-ൽ 9.5 ലക്ഷം രൂപ ചെലവഴിച്ചാണ് ജില്ലാ പഞ്ചായത്ത് ഈ ഡൈനിങ് ഹാളും കഞ്ഞിപ്പുരയും നിർമിച്ചത്. എന്നാൽ, അങ്കണവാടി ഇവിടെ പ്രവർത്തിക്കുന്നതിനാൽ 50 കുട്ടികൾക്ക് പോലും ഒരുമിച്ച് ഭക്ഷണം കഴിക്കാനുള്ള സ്ഥലസൗകര്യം ഇവിടെ ലഭ്യമല്ല.
നേരത്തെ സ്കൂളിലെ പഴയ കെട്ടിടത്തിന്റെ ക്ലാസ് മുറിയിലായിരുന്നു അങ്കണവാടി പ്രവർത്തിച്ചിരുന്നത്. ക്ലാസ് മുറിയിലെ നവീകരണ പ്രവർത്തനങ്ങൾക്കായി താൽക്കാലികമായാണ് ഡൈനിങ് ഹാളിലേക്ക് മാറ്റിയത്.
എന്നാൽ, എട്ട് വർഷം പിന്നിട്ടിട്ടും അങ്കണവാടിക്ക് സ്ഥിരമായ മറ്റൊരു കെട്ടിടം കണ്ടെത്താൻ സാധിച്ചിട്ടില്ല. നിലവിൽ ഏഴ് കുട്ടികൾ പഠിക്കുന്ന അങ്കണവാടിയുടെ പഠനം, ഭക്ഷണം, വിശ്രമം എന്നിവയെല്ലാം ഈ ഒറ്റ മുറിയിലാണ് നടക്കുന്നത്.
സ്കൂളിൽ പുതിയ കെട്ടിടം നിർമിക്കുന്നതിനായി വിദ്യാഭ്യാസ വകുപ്പ് ഒരു കോടി രൂപ അനുവദിച്ചിട്ടുണ്ടെങ്കിലും നിർമാണ പ്രവർത്തനങ്ങൾ ഇതുവരെ ആരംഭിച്ചിട്ടില്ല. അങ്കണവാടി സൗകര്യപ്രദമായ മറ്റൊരു സ്ഥലത്തേക്ക് മാറ്റിയാൽ മാത്രമേ കുട്ടികൾക്ക് ഉച്ചഭക്ഷണം കഴിക്കുന്നതിനുള്ള തടസ്സം നീങ്ങുകയുള്ളൂവെന്നും, ഇതിനായി പഞ്ചായത്ത് ഭരണകൂടം അടിയന്തരമായി ഇടപെടണമെന്നുമാണ് അധികൃതരുടെ നിലപാട്.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

