സംസ്ഥാനത്തെ സർക്കാർ ആശുപത്രികളിൽ മരുന്നുകളുടെ ലഭ്യതക്കുറവ് ഔദ്യോഗികമായി സ്ഥിരീകരിച്ച് ആരോഗ്യവകുപ്പ് ഡയറക്ടറുടെ ശബ്ദസന്ദേശം പുറത്തുവന്നു. ആശുപത്രികൾ സ്വന്തം ഉത്തരവാദിത്തത്തിൽ അടിയന്തരമായി മരുന്ന് സ്റ്റോക്ക് ഉറപ്പാക്കണമെന്നാണ് നിർദ്ദേശം നൽകിയിരിക്കുന്നത്.
പ്രതിസന്ധിയുമായി ബന്ധപ്പെട്ട് മാധ്യമങ്ങളോട് യാതൊരു വിവരവും പങ്കുവെക്കരുതെന്നും സന്ദേശത്തിൽ കർശന നിർദ്ദേശമുണ്ട്. നേരത്തെ മരുന്ന് ക്ഷാമത്തെക്കുറിച്ചുള്ള വാർത്തകൾ വ്യാജമാണെന്ന നിലപാടിലായിരുന്നു ആരോഗ്യവകുപ്പ്.
“അസൂയക്കും കുശുമ്പിനും ഒഴിച്ച് ബാക്കിയെല്ലാത്തിനും സർക്കാർ ആശുപത്രികളിൽ മരുന്നുണ്ടെന്നായിരുന്നു” മരുന്ന് ക്ഷാമ വാർത്തകളോടുള്ള ആരോഗ്യമന്ത്രി കെ. മുരളീധരന്റെ പ്രതികരണം.
എന്നാൽ, മന്ത്രി ഈ പ്രസ്താവന നടത്തി മൂന്ന് ദിവസങ്ങൾ പിന്നിടുമ്പോഴാണ് പ്രതിസന്ധിയുടെ ആഴം വ്യക്തമാക്കുന്ന ആരോഗ്യവകുപ്പ് ഡയറക്ടറുടെ ശബ്ദസന്ദേശം പുറത്തുവരുന്നത്. അടുത്ത മാസം 15ആം തീയതിയോടെ പ്രശ്നപരിഹാരമാകുമെന്നാണ് മന്ത്രി ഇപ്പോൾ അറിയിക്കുന്നത്.
എഡിഎച്ച്എസുമാർ, ജില്ലാ മെഡിക്കൽ ഓഫീസർമാർ, ജില്ലാ പ്രോജക്ട് മാനേജർമാർ എന്നിവരടങ്ങിയ ഔദ്യോഗിക വാട്സാപ്പ് ഗ്രൂപ്പിലാണ് ആശുപത്രികൾ സ്വന്തം നിലയിൽ മരുന്ന് സംഭരിക്കണമെന്ന നിർദ്ദേശം പങ്കുവെച്ചിട്ടുള്ളത്. വീഴ്ചയുണ്ടായാൽ സ്ഥിതി ഗുരുതരമാകുമെന്ന മുന്നറിയിപ്പും സന്ദേശത്തിലുണ്ട്.
പ്രതിസന്ധി രൂക്ഷമാണെങ്കിലും വിവരം ഒട്ടും പുറത്തുപറയരുതെന്നും ആരെയും അറിയിക്കരുതെന്നുമാണ് ഡിഎച്ച്എസിന്റെ താക്കീത്. മാധ്യമങ്ങൾക്ക് ഒരു വിവരവും കൈമാറരുത്.
മാധ്യമങ്ങളോട് ആശുപത്രി സൂപ്രണ്ടുമാർ സംസാരിക്കുന്നില്ലെന്ന് ജില്ലാ മെഡിക്കൽ ഓഫീസർമാർ (ഡിഎംഒ) ഉറപ്പുവരുത്തണമെന്നും സന്ദേശത്തിൽ ആവശ്യപ്പെടുന്നു. റാബിസ് വാക്സിനും വൈറ്റമിൻ കോപൗണ്ടുകളും അടക്കം അവശ്യവും അത്യാവശ്യവുമായ 209 ഇനം മരുന്നുകളുടെ പുതിയ സ്റ്റോക്ക് ഇതുവരെ എത്താതിരുന്നത് വലിയ പ്രതിസന്ധിയാണ് സൃഷ്ടിക്കുന്നത്.
ലോക്കൽ പർച്ചേസിംഗ് നടത്തി നിലവിലെ പ്രതിസന്ധി പുറത്തറിയാതിരിക്കാൻ ശ്രദ്ധിക്കണമെന്നാണ് ആശുപത്രി അധികൃതർക്ക് നൽകിയിരിക്കുന്ന പ്രധാന നിർദ്ദേശം. മരുന്ന് ലഭ്യതയുമായി ബന്ധപ്പെട്ട് പുറത്തുവരുന്ന വാർത്തകൾ സ്വകാര്യ ലോബിക്ക് വേണ്ടിയുള്ളതാണെന്നായിരുന്നു ആരോഗ്യവകുപ്പിന്റെ കഴിഞ്ഞ ദിവസത്തെ വിശദീകരണം.
എന്നാൽ ആരോഗ്യവകുപ്പ് ഡയറക്ടറുടെ ശബ്ദസന്ദേശം പുറത്തുവന്നതോടെ പ്രതിസന്ധി നിലവിലുണ്ടെന്ന് സർക്കാർ ഒടുവിൽ അംഗീകരിച്ചു. സംഭവത്തിൽ സർക്കാരിനെതിരെ രൂക്ഷ വിമർശനവുമായി പ്രതിപക്ഷം രംഗത്തെത്തിയിട്ടുണ്ട്.
ഇത് ഭരണകൂടത്തിന്റെ ഔദ്യോഗിക കുറ്റസമ്മതമാണെന്നാണ് പ്രതിപക്ഷനേതാവ് കുറ്റപ്പെടുത്തിയിരിക്കുന്നത്.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

