വയനാട്ടിലെ തോട്ടങ്ങളിൽ ആവശ്യക്കാരില്ലാതെ പഴുത്തു നശിക്കുന്ന ചക്കയ്ക്ക് കർണാടകയിലെ വിപണികളിൽ വൻ സ്വീകാര്യത. ദിവസവും ലോഡ് കണക്കിന് ചക്കയാണ് അതിർത്തി കടന്ന് കർണാടകയിലെ വിപണികളിലും വിനോദസഞ്ചാര കേന്ദ്രങ്ങളിലും എത്തുന്നത്.
അവിടെ പഴുത്തതും പാകപ്പെടുത്തിയ ചുളകളും പച്ചച്ചക്കയും ഒരുപോലെ വിറ്റഴിക്കപ്പെടുന്നുണ്ട്. വിനോദസഞ്ചാര കേന്ദ്രങ്ങളിലെ പാതയോരങ്ങളിൽ ചക്കപ്പഴം വാങ്ങാൻ വൻ തിരക്കാണ് അനുഭവപ്പെടുന്നത്.
നിലവിൽ 5 ചുള ചക്കപ്പഴത്തിന് 30 രൂപയാണ് വില. ഒരു ചക്കച്ചുളയ്ക്ക് 6 രൂപ നിരക്കിലാണ് വിൽപന നടക്കുന്നത്.
ഒരു വലിയ ചക്ക മുറിച്ച് വിൽക്കുമ്പോൾ കച്ചവടക്കാരന് 500 രൂപയിലധികം വരുമാനം ലഭിക്കുമ്പോൾ, വയനാട്ടിലെ കർഷകർക്ക് ലഭിക്കുന്നത് വെറും 20 രൂപ മാത്രമാണ്. ഇടിച്ചക്കയും പച്ചച്ചക്കയും പഴുത്തവയും തരംതിരിച്ച് ലോറികളിലാണ് കർണാടകയിലേക്കും ഉത്തരേന്ത്യൻ വിപണികളിലേക്കും എത്തിക്കുന്നത്.
വേനൽച്ചൂടിൽ ചക്ക കേടാകാതിരിക്കാൻ ഐസ് പാളികൾ നിരത്തിയാണ് വാഹനങ്ങളിൽ കയറ്റി അയക്കുന്നത്. ഓരോ വർഷവും ഇത്തരത്തിൽ ടൺ കണക്കിന് ചക്കയാണ് ജില്ലയിൽനിന്ന് പുറത്തേക്ക് കൊണ്ടുപോകുന്നത്.
എന്നാൽ, ആവശ്യമായ സംസ്കരണ സംവിധാനങ്ങളുടെ അഭാവം മൂലം വയനാട്ടിലെ തോട്ടങ്ങളിൽ വിളയുന്ന ചക്കയുടെ വലിയൊരു ഭാഗവും പഴുത്ത് ചീഞ്ഞു നശിക്കുകയാണ്. തികച്ചും ജൈവരീതിയിൽ ഉൽപാദിപ്പിക്കുന്ന മറ്റ് പഴവർഗങ്ങളുടെ അവസ്ഥയും സമാനമാണ്.
കാർഷിക മേഖലയിൽ വിവിധ പദ്ധതികൾ നടപ്പിലാക്കുന്നുണ്ടെങ്കിലും, ഉൽപന്നങ്ങൾക്ക് വിപണി കണ്ടെത്താനോ കൃത്യമായ സംസ്കരണ രീതികൾ അവലംബിക്കാനോ സാധിക്കാത്തത് കർഷകർക്ക് വലിയ തിരിച്ചടിയാകുന്നു.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

