പന്നിയങ്കര ടോൾ പ്ലാസയിൽ പ്രദേശവാസികൾക്ക് അനുവദിച്ചിരുന്ന സൗജന്യ യാത്ര ടോൾ കമ്പനി ഏകപക്ഷീയമായി നിഷേധിക്കുന്നു. കലക്ടർ, ജനപ്രതിനിധികൾ, ഉദ്യോഗസ്ഥർ എന്നിവരുടെ നേതൃത്വത്തിൽ ചേർന്ന സർവകക്ഷി യോഗത്തിലെ തീരുമാനങ്ങളെ കാറ്റിൽപ്പറത്തിയാണ് കമ്പനിയുടെ നടപടി.
ഇനി മുതൽ പ്രദേശവാസികൾക്ക് സൗജന്യ യാത്ര അനുവദിക്കില്ലെന്നും, പകരം പ്രതിമാസം 360 രൂപയുടെ പാസ് എടുത്താൽ മാത്രം യാത്ര അനുവദിക്കുമെന്നുമാണ് ടോൾ കമ്പനിയുടെ നിലപാട്. നിലവിൽ സൗജന്യ പാസിനായുള്ള അപേക്ഷകൾ കമ്പനി സ്വീകരിക്കുന്നില്ല.
വാഹനങ്ങൾ കടന്നുപോകുമ്പോൾ ഫാസ്ടാഗ് വഴിയും വാഹന നമ്പർ റീഡ് ചെയ്തും ടോൾ തുക ഈടാക്കുകയാണ്. നേരത്തെ പ്രതിഷേധം ഉയരുമ്പോൾ അപേക്ഷ സ്വീകരിക്കുകയും ഈടാക്കിയ തുക തിരികെ നൽകുകയും ചെയ്തിരുന്നുവെങ്കിലും, നിലവിൽ അത്തരം നടപടികൾക്കും കമ്പനി തയാറല്ല.
കെ.രാധാകൃഷ്ണൻ എംപി, പി.പി.സുമോദ് എംഎൽഎ എന്നിവരടക്കമുള്ള ജനപ്രതിനിധികളുടെ സാന്നിധ്യത്തിൽ നടന്ന സർവകക്ഷി യോഗത്തിൽ, ഓട്ടോടാക്സികൾക്ക് ടോൾ ഇല്ലാതെ യാത്ര ചെയ്യാമെന്ന ധാരണയുണ്ടായിരുന്നു. എന്നാൽ ഈ വാഹനങ്ങൾക്കും ഇപ്പോൾ ടോൾ നൽകിയാൽ മാത്രമേ പ്രവേശനം അനുവദിക്കുന്നുള്ളൂ.
കൂടാതെ, സ്കൂൾ വാഹനങ്ങൾക്ക് നൽകി വന്ന ഇളവുകളും ഘട്ടംഘട്ടമായി നിർത്തലാക്കി വരികയാണ്. പുതുതായി വാങ്ങുന്ന പ്രദേശവാസികളുടെ വാഹനങ്ങൾക്ക് യാതൊരുവിധ സൗജന്യവും നൽകേണ്ടതില്ലെന്ന കർശന നിലപാടിലാണ് ടോൾ അധികൃതർ.
ഇനി ഒരു ചർച്ചയ്ക്കും തയാറല്ലെന്നും അവർ വ്യക്തമാക്കിയിട്ടുണ്ട്. ജനപ്രതിനിധികളും ടോൾ കമ്പനിയും ഒത്തുകളിക്കുകയാണെന്ന് ആരോപിച്ച് നാട്ടുകാർ രംഗത്തെത്തി.
സൗജന്യം നിഷേധിക്കുന്നതിനെതിരെ ശക്തമായ പ്രതിഷേധ പരിപാടികൾ സംഘടിപ്പിക്കുമെന്ന് വടക്കഞ്ചേരി ജനകീയവേദി ഭാരവാഹികൾ അറിയിച്ചു.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

