കേരളത്തിന്റെ മലയോര മേഖലകളിൽ കാലവർഷം കനക്കുമ്പോൾ ഭീഷണിയായി മാറുന്നത് തുടർച്ചയായ മണ്ണിടിച്ചിലുകളാണ്. ഇടുക്കി ജില്ലയിലെ പല പ്രദേശങ്ങളും അതീവ അപകടസാധ്യതയുള്ള മേഖലകളായി തുടരുന്നുണ്ടെങ്കിലും, പ്രതിരോധ നടപടികളിൽ അധികൃതരുടെ ഭാഗത്തുനിന്നുണ്ടാകുന്ന കാലതാമസം വലിയ ആശങ്കയ്ക്ക് വഴിവയ്ക്കുന്നു. വിദഗ്ധ സമിതികളുടെ നിർദേശങ്ങൾ പോലും നടപ്പാക്കുന്നതിൽ അധികൃതർ അലംഭാവം കാണിക്കുകയാണ്.
ദേവികുളം ഗ്യാപ് റോഡ്
ചെറിയ മഴ പെയ്താൽ പോലും മലയിടിച്ചിൽ ഭീഷണി നേരിടുന്ന പ്രദേശമാണിത്. മലയിടിച്ചിൽ മുന്നറിയിപ്പ് നൽകുന്നതിനായി സ്ഥാപിക്കുമെന്ന് പ്രഖ്യാപിച്ചിരുന്ന ലാൻഡ് സ്ലൈഡ് ഡിറ്റക്ഷൻ സിസ്റ്റം ഇതുവരെ യാഥാർത്ഥ്യമായിട്ടില്ല.
മലയിടിച്ചിൽ സാധ്യതയുള്ള പ്രദേശങ്ങൾ കോൺക്രീറ്റ് ചെയ്ത് ബലപ്പെടുത്തണമെന്ന കോഴിക്കോട് ഐഐടി സംഘത്തിന്റെ നിർദേശം വന്നിട്ടും നടപടികളൊന്നും സ്വീകരിച്ചിട്ടില്ല. നേര്യമംഗലം മുതൽ പള്ളിവാസൽ വരെ
അശാസ്ത്രീയമായ മണ്ണെടുപ്പ് ഈ മേഖലയിൽ കാലവർഷക്കെടുതികളുടെ തീവ്രത വർദ്ധിപ്പിച്ചിട്ടുണ്ട്.
അടിമാലി ലക്ഷംവീട് നഗറിൽ ഉണ്ടായ മണ്ണിടിച്ചിലിന് പിന്നാലെ, പലയിടങ്ങളിലും സമാനമായ ഭീഷണി നിലനിൽക്കുന്നു. ഈ മണ്ണിടിച്ചിലിന് കാരണം അശാസ്ത്രീയ മണ്ണെടുപ്പാണെന്ന് ദുരന്ത നിവാരണ അതോറിറ്റി കണ്ടെത്തിയിരുന്നു.
എന്നിട്ടും സുരക്ഷാ മുൻകരുതലുകളില്ലാതെ നിർമ്മാണ പ്രവർത്തനങ്ങൾ തുടരുന്നത് അപകടസാധ്യത വർദ്ധിപ്പിക്കുന്നു. ഇരുമ്പുപാലം മുതൽ ഇരുട്ടുകാനം വരെ
ശാസ്ത്രീയമായ സുരക്ഷാ ഭിത്തികളുടെ അഭാവം ഈ മേഖലയിൽ രൂക്ഷമാണ്.
പലയിടത്തും 30 അടിയിലേറെ ഉയരമുള്ള തിട്ടകൾ അപകടാവസ്ഥയിൽ തുടരുന്നു. ഇരുമ്പുപാലം, മച്ചിപ്ലാവ്, എട്ടുമുറി, ടെക്നിക്കൽ സ്കൂൾ ജംക്ഷൻ, കൂമ്പൻപാറ ശ്മശാനം, കൂമ്പൻപാറ, ഇരുട്ടുകാനം കല്ലാർ, കരടിപ്പാറ, രണ്ടാംമൈൽ പള്ളിവാസൽ തുടങ്ങിയ സ്ഥലങ്ങൾ ഉൾപ്പെടെ രണ്ട് ഡസനിലേറെ കേന്ദ്രങ്ങൾ ഭീഷണിയിലാണ്.
കൂടാതെ, നേര്യമംഗലം മുതൽ വാളറ വരെയുള്ള 14 കിലോമീറ്റർ ദൂരത്തിലെ നവീകരണ ജോലികൾ മുടങ്ങിക്കിടക്കുന്നത് വൻ ദുരന്തത്തിന് കാരണമായേക്കുമെന്ന ആശങ്ക ശക്തമാണ്. ഇടുക്കി ജില്ലാ ആസ്ഥാനമേഖല
കഞ്ഞിക്കുഴി, വാഴത്തോപ്പ്, വാത്തിക്കുടി, മരിയാപുരം പഞ്ചായത്തുകളിൽ ഉരുൾപൊട്ടൽ സാധ്യതയുള്ള നിരവധി പ്രദേശങ്ങളുണ്ട്.
2018-ലെ പ്രളയകാലത്ത് വലിയ നാശനഷ്ടങ്ങൾ ഉണ്ടായ പ്രദേശമാണിത്. കഞ്ഞിക്കുഴിയിൽ ഇടുക്കി – നേര്യമംഗലം റോഡിന്റെ വശങ്ങളിലുള്ള കൂറ്റൻ പാറക്കൂട്ടങ്ങൾ ഏതു നിമിഷവും താഴേക്ക് പതിക്കാവുന്ന അവസ്ഥയിലാണ്.
പീരുമേട് മത്തായിക്കൊക്ക
കുമളി – കോട്ടയം റോഡിൽ പീരുമേട് മത്തായിക്കൊക്കയും കുട്ടിക്കാനം മുതൽ പെരുവന്താനം ചുഴിപ്പു വരെയുള്ള ഭാഗങ്ങളും മണ്ണിടിച്ചിൽ സാധ്യത നിലനിൽക്കുന്ന സ്ഥലങ്ങളാണ്. രണ്ട് വർഷം മുൻപ് മത്തായിക്കൊക്കയിൽ മണ്ണിടിഞ്ഞ് റോഡ് തകർന്നത് വലിയ ഗതാഗത തടസമുണ്ടാക്കിയിരുന്നു.
കൂടാതെ, പുല്ലുപാറ, അമലഗിരി എന്നിവിടങ്ങളിൽ കൂറ്റൻ പാറക്കല്ലുകൾ റോഡിലേക്ക് പതിക്കുന്നതും പതിവാണ്. കെഎസ്ആർടിസി ബസിനു മുകളിൽ പാറക്കല്ല് വീണ് യാത്രക്കാരന് പരുക്കേറ്റ സംഭവവും ഈ ഭാഗത്താണ് നടന്നത്.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

