ആമ്പല്ലൂർ ദേശീയപാതയിൽ നടക്കുന്ന അശാസ്ത്രീയമായ അടിപ്പാത നിർമാണം മൂലം നെന്മണിക്കര ഗ്രാമം കടുത്ത വെള്ളക്കെട്ട് ഭീഷണിയിൽ. കേളിത്തോട് മുതൽ മണലിപ്പുഴ വരെയുള്ള പ്രദേശങ്ങളിൽ മഴവെള്ളം സുഗമമായി ഒഴുകിപ്പോകുന്നതിനായി ഡ്രെയ്നേജ് സംവിധാനം നിർമിക്കാത്തതാണ് പ്രതിസന്ധി രൂക്ഷമാക്കുന്നത്.
ദേശീയപാതയിൽ അടിപ്പാതയുള്ള ഭാഗങ്ങളിൽ നിന്ന് പടിഞ്ഞാറ് ദിശയിലേക്ക് ഒഴുകുന്ന വെള്ളം പൂർണമായും നെന്മണിക്കര പ്രദേശത്തേക്കാണ് എത്തിച്ചേരുന്നത്. എന്നാൽ, ഈ വെള്ളം ഒഴുക്കിക്കളയാൻ ശാസ്ത്രീയമായ സംവിധാനങ്ങൾ ഇല്ലാത്തത് പ്രദേശവാസികൾക്ക് വലിയ ദുരിതമാണ് സമ്മാനിക്കുന്നത്.
നെന്മണിക്കരയിലേക്കുള്ള മൂന്ന് പ്രധാന റോഡുകളുടെ പ്രവേശന കവാടങ്ങളിൽ വെള്ളക്കെട്ടും ചെളിയും നിറയുന്ന സാഹചര്യമാണുള്ളത്. ഇത് തുടർന്നാൽ അഞ്ഞൂറിലധികം വീടുകൾ, ആരാധനാലയങ്ങൾ, വിദ്യാഭ്യാസ സ്ഥാപനങ്ങൾ എന്നിവിടങ്ങളിലേക്കുള്ള ഗതാഗതം തടസ്സപ്പെടുകയോ അപകടകരമായി മാറുകയോ ചെയ്യും.
പ്രശ്നത്തിൽ ഇടപെടണമെന്ന നെന്മണിക്കര പഞ്ചായത്തിന്റെ പരാതിയെത്തുടർന്ന് ദേശീയപാത അധികൃതർ ആമ്പല്ലൂരിൽ സ്ഥലപരിശോധന നടത്തി. മഴക്കാലം ആരംഭിക്കുന്നതിന് മുൻപ് തന്നെ പ്രശ്നത്തിന് ശാസ്ത്രീയമായ പരിഹാരം കാണണമെന്നാണ് പഞ്ചായത്ത് ഭരണസമിതിയുടെ ആവശ്യം.
ദേശീയപാത മുറിച്ചുകടക്കുന്ന വെള്ളം പുഴയിലേക്ക് ഒഴുക്കിവിടുന്നതിനായി കൃത്യമായ ഓടകൾ നിർമിക്കണമെന്നും പഞ്ചായത്ത് ആവശ്യപ്പെട്ടു. ഉദ്യോഗസ്ഥർ സ്ഥലത്തെത്തിയപ്പോൾ പഞ്ചായത്ത് പ്രസിഡന്റ് വി.ടി.വിജയലക്ഷ്മി, വൈസ് പ്രസിഡന്റ് കെ.എ.സുരേഷ്, അംഗം വി.ആർ.സുരേഷ് എന്നിവർ സന്നിഹിതരായിരുന്നു.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

