മുംബൈ: ബോളിവുഡ് താരം ടൈഗർ ഷ്രോഫ് ലക്ഷ്യമാക്കി നടന്ന വെടിവെയ്പ്പ് കേസിൽ നിർണ്ണായക പുരോഗതി. സംഭവവുമായി ബന്ധപ്പെട്ട് നാല് പേരെ കൂടി അന്വേഷണ സംഘം പിടികൂടി.
പ്രതികൾക്ക് ആവശ്യമായ ആയുധങ്ങൾ എത്തിച്ചു നൽകിയ രണ്ട് യുവതികൾ ഉൾപ്പെടെയുള്ളവരെയാണ് ഡൽഹി പൊലീസിന്റെ സ്പെഷ്യൽ സെൽ പിടികൂടിയത്. തുടർന്ന് കസ്റ്റഡിയിലെടുത്ത പ്രതികളെ മുംബൈ പൊലീസിന് കൈമാറി.
ഡൽഹിയിൽ നിന്നും ഹരിയാനയിൽ നിന്നുമായി പിടിയിലായ പ്രതികളെ കുനാൽ (21), സുമിത്ത് (19), രാധ (23), ബബിത (23) എന്നിങ്ങനെ തിരിച്ചറിഞ്ഞു. അമൃത്സറിൽ നിന്നും തോക്ക് വാങ്ങിയ കുനാലും സുമിത്തും ഇത് മേൽപ്പറഞ്ഞ യുവതികൾക്ക് കൈമാറുകയായിരുന്നു.
തുടർന്ന് മുംബൈയിലെ ദാദറിൽ വെച്ചാണ് ഈ ആയുധങ്ങൾ സംഘത്തിന് ലഭിച്ചത്. പ്രതികളുടെ ലക്ഷ്യം ബോളിവുഡിലെ ഉന്നത വ്യക്തിയാണെന്നും പൊലീസ് വ്യക്തമാക്കുന്നു.
കേസിലെ മുഖ്യസൂത്രധാരനായ സമീർ ഇതിനോടകം ഹരിയാന പൊലീസിന്റെ പിടിയിലായിട്ടുണ്ട്. ലോറൻസ് ബിഷ്ണോയി സംഘാംഗമായ അനിൽ പണ്ഡിറ്റ് നൽകിയ നിർദ്ദേശപ്രകാരമാണ് സമീർ ഈ ആക്രമണത്തിന് പദ്ധതിയിട്ടത്.
അമൃത്സറിലെ ഒരു വ്യാപാരിയെ വധിക്കാൻ ശ്രമിച്ച കേസിലെ പ്രതികളായ റൈഹാൻ, ഫൂൽസിങ് എന്നിവരെയാണ് ഈ കൃത്യത്തിനായി നിയോഗിച്ചത്. പ്രതികൾക്ക് 35,000 രൂപയും വിദേശത്ത് ജോലിയും വാഗ്ദാനം ചെയ്തിരുന്നു.
മുംബൈയിലെത്തിയ ശേഷം ഇവർ ഓൺലൈൻ ടാക്സി ഡ്രൈവറായ റിതിക് എന്നയാളെയും സംഘത്തിൽ ഉൾപ്പെടുത്തി. തുടർന്ന് അനിൽ പണ്ഡിറ്റ് യുഎസിൽ നിന്നും അയച്ച പണം മൂവർ സംഘം ഒരു കടയിൽ നിന്നും കൈപ്പറ്റി.
മുംബൈയിലെ ഒരു കുപ്പത്തൊട്ടിയിലാണ് തോക്കുകൾ ഒളിപ്പിച്ചിരിക്കുന്നതെന്ന് സമീർ പ്രതികൾക്ക് വിവരം നൽകിയിരുന്നു. ഏകദേശം പത്ത് ദിവസത്തോളം ടൈഗർ ഷ്രോഫിന്റെ നീക്കങ്ങൾ നിരീക്ഷിച്ച ശേഷമാണ് സംഘം ഞായറാഴ്ച രാത്രി ആക്രമണം നടത്തിയത്.
ഇതിനിടെ രാജസ്ഥാനിൽ പിടിയിലായ മറ്റ് മൂന്ന് പ്രതികളുമായി ക്രൈം ബ്രാഞ്ച് സംഘം മുംബൈയിലേക്ക് തിരിച്ചു.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

