ട്രെയിനുകളിലെ വനിതാ കമ്പാർട്ട്മെന്റുകളിൽ ചട്ടങ്ങൾ ലംഘിച്ച് യാത്ര ചെയ്ത സംഭവത്തിൽ കർശന നടപടിയുമായി റെയിൽവേ പ്രൊട്ടക്ഷൻ ഫോഴ്സ് (ആർപിഎഫ്). തിരുവനന്തപുരം ആർപിഎഫിന്റെ നേതൃത്വത്തിൽ കഴിഞ്ഞ മൂന്ന് മാസത്തിനിടെ നടത്തിയ പരിശോധനയിലാണ് 51 പുരുഷന്മാർ പിടിയിലായത്.
നിയമലംഘനം നടത്തിയവരിൽ നിന്ന് ആകെ 1,27,000 രൂപയാണ് ഈ കാലയളവിൽ പിഴയായി ഈടാക്കിയത്. വനിതാ കോച്ചുകളിൽ അനധികൃതമായി പ്രവേശിക്കുന്നതിനുള്ള പിഴത്തുക 500 രൂപയിൽ നിന്ന് 2,500 രൂപയായി വർധിപ്പിച്ചതിന് ശേഷമുള്ള കണക്കുകളാണിത്.
ഇതിനുപുറമെ, റെയിൽവേ ട്രാക്കിൽ അതിക്രമിച്ചു കയറിയതിനും അനധികൃതമായി ട്രാക്ക് മുറിച്ചുകടന്നതിനുമായി 11 ലക്ഷം രൂപയും പിഴയായി ചുമത്തിയിട്ടുണ്ട്. സ്ത്രീകളുടെ യാത്രാസുരക്ഷ പൂർണ്ണമായും ഉറപ്പുവരുത്തുന്നതിന്റെ ഭാഗമായി വരും ദിവസങ്ങളിലും പരിശോധനകൾ കൂടുതൽ ശക്തമാക്കുമെന്ന് ആർപിഎഫ് അധികൃതർ വ്യക്തമാക്കി.
ട്രെയിനുകളിലും റെയിൽവേ സ്റ്റേഷനുകളിലും സുരക്ഷാ ചട്ടങ്ങൾ ലംഘിക്കുന്നവർക്കെതിരെ വിട്ടുവീഴ്ചയില്ലാത്ത കർശന നിയമനടപടികൾ തുടരുമെന്നും അധികൃതർ അറിയിച്ചു.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

