വയനാട് ജില്ലയിലെ പനമരത്ത് ജനജീവിതം ദുസ്സഹമാക്കി കുരങ്ങുകളുടെ ശല്യം അതിരൂക്ഷമാകുന്നു. ഗവ.
കമ്യൂണിറ്റി ഹെൽത്ത് സെന്റർ, ഗവ. ഹയർസെക്കൻഡറി സ്കൂൾ എന്നിവയുടെ പരിസരങ്ങളിലാണ് വാനരക്കൂട്ടം വലിയ ഭീഷണി ഉയർത്തുന്നത്.
കൂട്ടമായെത്തുന്ന കുരങ്ങുകൾ ഇവിടെയെത്തുന്ന രോഗികൾക്കും വിദ്യാർഥികൾക്കും നാട്ടുകാർക്കും ഒരുപോലെ ദുരിതമായി മാറിയിരിക്കുകയാണ്. ആശുപത്രിയിൽ ചികിത്സയ്ക്കായി എത്തുന്ന രോഗികളുടെ കൈവശമുള്ള സാധനങ്ങളും ഭക്ഷണപ്പൊതികളും കുരങ്ങുകൾ പിടിച്ചുപറിക്കുന്ന സ്ഥിതിയാണുള്ളത്.
ആശുപത്രി വാർഡുകൾക്കുള്ളിലേക്കും ഒപി വിഭാഗത്തിന്റെ പരിസരങ്ങളിലേക്കും ഇവ താവളമാക്കുന്നത് ജീവനക്കാരിലും ആശങ്ക സൃഷ്ടിക്കുന്നുണ്ട്. ഇതിനു പുറമെയാണ് സമീപത്തുള്ള ഹയർ സെക്കൻഡറി സ്കൂളിലെ സ്ഥിതി.
ക്ലാസ് മുറികളിലേക്ക് കുരങ്ങുകൾ കൂട്ടത്തോടെ ഇരച്ചുകയറുന്നത് മൂലം കുട്ടികളുടെ പഠനം തടസ്സപ്പെടുന്ന സാഹചര്യം പതിവായിട്ടുണ്ട്. വിദ്യാർഥികളുടെ ഉച്ചഭക്ഷണവും പാത്രങ്ങളും ഇവ കവരുന്നതായും കുട്ടികളെ ആക്രമിക്കാൻ മുതിരുന്നതായും ഗുരുതരമായ പരാതികളുണ്ട്.
പരിസരത്തെ മരങ്ങളിലും കെട്ടിടങ്ങളുടെ മുകളിലും നിലയുറപ്പിക്കുന്ന വാനരക്കൂട്ടം പ്രദേശത്ത് വലിയ തോതിലുള്ള നാശനഷ്ടങ്ങളാണ് ഉണ്ടാക്കുന്നത്. പ്രദേശത്ത് വാനരശല്യം തുടങ്ങിയിട്ട് നാളുകളായെങ്കിലും ഇതുവരെ യാതൊരുവിധ ഫലപ്രദമായ നടപടികളും അധികൃതരുടെ ഭാഗത്തുനിന്നും ഉണ്ടായിട്ടില്ലെന്ന് നാട്ടുകാർ ആക്ഷേപമുന്നയിക്കുന്നു.
വനംവകുപ്പും തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളും അടിയന്തരമായി വിഷയത്തിൽ ഇടപെട്ട് ശാശ്വത പരിഹാരം കാണണമെന്നും ജനങ്ങളുടെ സുരക്ഷിതത്വം ഉറപ്പാക്കണമെന്നുമാണ് നാട്ടുകാരുടെ ശക്തമായ ആവശ്യം.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

