കാഴ്ച നഷ്ടം ഉൾപ്പെടെയുള്ള ഗുരുതരമായ ആരോഗ്യപ്രശ്നങ്ങൾ പ്രതിരോധിക്കുന്നതിൽ രോഗങ്ങൾ നേരത്തേ കണ്ടെത്തുന്നതിനും ബോധവൽക്കരണത്തിനും നിർണായക പങ്കുണ്ടെന്ന് മുഖ്യമന്ത്രി വി.ഡി. സതീശൻ വ്യക്തമാക്കി.
കൊച്ചിയിൽ ഗിരിധർ ഐ ഇൻസ്റ്റിറ്റ്യൂട്ടിന്റെ മുപ്പതാം വാർഷികാഘോഷം ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. ആധുനിക കാലത്ത് ജീവിതശൈലീരോഗങ്ങൾ ആശങ്കാജനകമാംവിധം വർധിച്ചുവരുന്ന സാഹചര്യത്തിൽ കേരളത്തിന് കൃത്യമായ ആരോഗ്യ നയവും സുദൃഢമായ ദീർഘകാല കാഴ്ചപ്പാടും ആവശ്യമാണെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു.
ചടങ്ങിന്റെ ഭാഗമായി ഗിരിധർ ഐ ഇൻസ്റ്റിറ്റ്യൂട്ട് ആരംഭിക്കുന്ന സർക്കാർ-എയ്ഡഡ് സ്കൂൾ വിദ്യാർഥികൾക്കായുള്ള നേത്രപരിശോധനാ പദ്ധതിയും, പ്രമേഹ രോഗികൾക്കായുള്ള ഡയബറ്റിക് റെറ്റിനോപ്പതി മൊബൈൽ പരിശോധനാ യൂണിറ്റും മുഖ്യമന്ത്രി ഫ്ലാഗ് ഓഫ് ചെയ്തു. സ്ഥാപനത്തിന്റെ മുപ്പതാം വാർഷിക ലോഗോ പ്രകാശനം നിർവഹിച്ചതും അദ്ദേഹമാണ്.
പ്രമേഹബാധിതരുടെ എണ്ണത്തിലുണ്ടാകുന്ന വർധനവും ഡിജിറ്റൽ സ്ക്രീനുകളുടെ അമിത ഉപയോഗവും കണ്ണിന്റെ ആരോഗ്യത്തെ ഗുരുതരമായി ബാധിക്കുന്നുണ്ടെന്നും, അതിനാൽ കൃത്യമായ ഇടവേളകളിൽ നേത്ര പരിശോധന നടത്തേണ്ടതിന്റെ ആവശ്യകത ഏറിയിട്ടുണ്ടെന്നും ചടങ്ങിൽ അധ്യക്ഷത വഹിച്ച ഇൻസ്റ്റിറ്റ്യൂട്ട് മാനേജിങ് ഡയറക്ടർ ഡോ. എ.
ഗിരിധർ ചൂണ്ടിക്കാട്ടി. ചടങ്ങിൽ ഹൈബി ഈഡൻ എംപി, ഉമ തോമസ് എംഎൽഎ, മേയർ വി.കെ.
മിനിമോൾ, കൗൺസിലർ പി.ഡി. മാർട്ടിൻ, മെഡിക്കൽ സൂപ്രണ്ട് ഡോ.
എസ്.ജെ. സായികുമാർ, ഡോ.
കാഞ്ചന ഗിരിധർ, ഡോ. ജി.
മഹേഷ്, ഡോ. പുഷ്പ സൂസൻ ഐസക് തുടങ്ങിയ പ്രമുഖർ സംസാരിച്ചു.
ജില്ലയിലെ സർക്കാർ, എയ്ഡഡ് വിദ്യാലയങ്ങളിൽ നടപ്പിലാക്കുന്ന ഈ നേത്രപരിശോധനാ പദ്ധതിയിലൂടെ സാമ്പത്തികമായി പിന്നാക്കം നിൽക്കുന്ന കുട്ടികൾക്ക് ആവശ്യമായ തുടർപരിശോധനകളും ചികിത്സകളും ഗിരിധർ ഐ ഇൻസ്റ്റിറ്റ്യൂട്ടിൽ സൗജന്യമായി ലഭ്യമാക്കാനാണ് ലക്ഷ്യമിടുന്നത്. ഇതിന്റെ ഭാഗമായി കുട്ടികൾ, രക്ഷിതാക്കൾ, അധ്യാപകർ എന്നിവർക്കായി പ്രത്യേക നേത്ര ആരോഗ്യ ബോധവൽക്കരണ ക്ലാസുകളും സംഘടിപ്പിക്കും.
ഡിജിറ്റൽ ഉപകരണങ്ങളുടെ സുരക്ഷിതമായ ഉപയോഗം, കണ്ണിന്റെ സംരക്ഷണം, പ്രതിരോധിക്കാനാകുന്ന കാഴ്ചാ വൈകല്യങ്ങൾ എന്നിവയെക്കുറിച്ച് ഈ ക്ലാസുകളിൽ ഊന്നൽ നൽകും. കൂടാതെ, ഡയബറ്റിക് റെറ്റിനോപ്പതി മൊബൈൽ പരിശോധനാ യൂണിറ്റ് ജില്ലയിലെ വിവിധ പ്രദേശങ്ങളിൽ സഞ്ചരിച്ച് അയ്യായിരത്തിലധികം പ്രമേഹ രോഗികൾക്ക് സൗജന്യ പരിശോധന ഉറപ്പാക്കുമെന്നും ഡോ.
എസ്.ജെ. സായി കുമാർ വിശദീകരിച്ചു.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

