കെഎസ്ആർടിസിയുടെ പത്തനംതിട്ടയിൽ നിന്നുള്ള മംഗളൂരു സർവീസിൽ യാത്രക്കാർക്ക് കനത്ത ദുരിതം. സ്വിഫ്റ്റ് ബസ് കണ്ടാണു സീറ്റുകൾ ബുക്ക് ചെയ്തതെന്നു പത്തനംതിട്ടയിൽ നിന്ന് മംഗളൂരുവിലേക്കു ടിക്കറ്റ് ബുക്ക് ചെയ്തതെന്ന് യാത്രക്കാർ വ്യക്തമാക്കി.
എന്നാൽ കോട്ടയം കെഎസ്ആർടിസി ഡിപ്പോയിൽ നിന്നു പകരം എത്തിയത് ഏറെ പഴക്കമുള്ള പച്ചഡീലക്സ് ബസായിരുന്നു. ഈ ബസ് എത്താൻ വൈകിയതു കാരണം സർവീസ് ആരംഭിച്ചത് അര മണിക്കൂർ വൈകിയായിരുന്നു.
പകരമായി എത്തിയ ബസിന്റെ സീറ്റുകൾ എല്ലാം കാലപ്പഴക്കത്തിൽ ദീർഘദൂരയാത്രയ്ക്ക് അനുയോജ്യമല്ലാത്തവയായിരുന്നു. യാത്ര ആരംഭിച്ചപ്പോൾ തന്നെ യാത്രക്കാർ ഈ വിവരം ബസ് ജീവനക്കാരുടെ ശ്രദ്ധയിൽപ്പെടുത്തിയിരുന്നു.
എല്ലാ സീറ്റുകളും ബുക്ക് ചെയ്തവയായിരുന്നു. പ്രതിഷേധവും ബുദ്ധിമുട്ടും സഹിച്ചായിരുന്നു ശനിയാഴ്ചത്തെ മംഗളൂരു യാത്ര.
പകരമെത്തിയ ബസിനു മംഗളൂരുവിലേക്കു പോകുന്നതിനുള്ള പെർമിറ്റ് ഇല്ലാത്തതിനാൽ യാത്രക്കാരെ വീണ്ടും ഇറക്കി പെർമിറ്റുള്ള മറ്റൊരു ബസിലേക്കു മാറ്റി കയറ്റി 11 മണിയോടെ മംഗളൂരുവിൽ എത്തിച്ചു. മംഗളൂരുവിലേക്കു ശനിയാഴ്ച വൈകിട്ട് സർവീസ് നടത്തിയ ബസിന്റെ ടയർ സോളിങ് ഇളകിയതിനെ തുടർന്നു യാത്രക്കാർ മണിക്കൂറുകളാണ് വഴിയിൽ കുടുങ്ങിയത്.
നാലു ബസ് മാറിക്കയറി അഞ്ച് മണിക്കൂർ വൈകിയാണു യാത്രക്കാർക്കു മംഗളൂരുവിൽ എത്താനായത്. കെഎസ്ആർടിസി അധികൃതരുടെ നിരുത്തരവാദപരമായ നടപടി കാരണം ദുരിതത്തിലായത് കോളജ് വിദ്യാർഥികൾ ഉൾപ്പെടെയുള്ളവരാണ്.
ദിവസവും വൈകിട്ട് 5 മണിക്കു പുറപ്പെടുന്ന സ്വിഫ്റ്റ് ബസ് പിറ്റേ ദിവസം രാവിലെ ആറരയോടെ മംഗളൂരുവിൽ എത്തുന്ന രീതിയിലാണു സർവീസ് നടത്തിവരുന്നത്. 40 സീറ്റുള്ള സ്വിഫ്റ്റ് ബസാണ് ഈ റൂട്ടിൽ പതിവായി സർവീസ് നടത്തിയിരുന്നത്.
എന്നാൽ ശനിയാഴ്ച വൈകിട്ട് പുറപ്പെടേണ്ടിയിരുന്ന ബസ് ബജറ്റ് ടൂറിസവുമായി ബന്ധപ്പെട്ടു മറ്റൊരു റൂട്ടിലാണു സർവീസിനു പോയത്. പകരമായി കോട്ടയം ഡിപ്പോയിൽ നിന്ന് ഏറെ പഴക്കമുള്ള പച്ചഡീലക്സ് ബസാണ് എത്തിയത്.
യാത്രയ്ക്കിടെ കോഴിക്കോടിനു സമീപം രാത്രി ഒന്നരയോടെ ബസിന്റെ വലതു വശത്തെ അകത്തെ ടയറിന്റെ സോളിങ് ഇളകി മാറി. തുടർന്ന് ബസ് വേഗത്തിൽ ഓടിക്കാൻ കഴിയാത്ത സാഹചര്യമായി മാറി.
ഇളകിയ സോൾ സമീപത്തെ യന്ത്ര ഭാഗത്ത് അടിക്കുന്ന ശബ്ദം കാരണം ബസിനുള്ളിൽ ഇരിക്കാൻ കഴിയാത്ത അവസ്ഥ ഉടലെടുത്തു. തുടർന്നു വെന്നിയൂർ ഭാഗത്തു ഹൈവേയോടു ചേർന്നു ബസ് ഒതുക്കി നിർത്തുകയായിരുന്നു.
ബസ് പാർക്ക് ചെയ്തിരിക്കുന്നതു കണ്ട് മലപ്പുറം കോട്ടയ്ക്കൽ എൻഫോഴ്സ്മെന്റിൽ നിന്നു മോട്ടർ വാഹന വകുപ്പ് ഉദ്യോഗസ്ഥരായ അനുരാഗ്, കെ അനീസ് എന്നിവർ സംഭവസ്ഥലത്തെത്തി. നിലവിലുള്ള അവസ്ഥയിൽ ടയർ മാറ്റാതെ തുടർന്നു യാത്ര ചെയ്യാൻ കഴിയില്ലെന്നു മോട്ടർ വാഹന വകുപ്പ് ഉദ്യോഗസ്ഥർ വ്യക്തമാക്കിയതിനെ തുടർന്നു സർവീസ് തുടരാൻ മറ്റൊരു ബസ് ആവശ്യപ്പെടുകയായിരുന്നു.
ഇതിനിടയിൽ പാവങ്ങാട്ടു നിന്നു മെക്കാനിക്കൽ വിഭാഗം എത്തിയെങ്കിലും പകരം ടയർ ഇല്ലാതിരുന്നതിനാൽ അവർക്ക് മടങ്ങേണ്ടി വന്നു. തുടർന്ന് മലപ്പുറം പാവങ്ങാട്ടു നിന്നു നാലുമണിയോടെ പകരം ബസ് എത്തി.
ഇതിൽ യാത്രക്കാരെ പുലർച്ചെ അഞ്ച് മണിക്കു പാവങ്ങാട്ട് ഡിപ്പോയിൽ എത്തിച്ചു. എന്നാൽ ഈ സ്പെയർ ബസ് ആയതിനാൽ കൂടുതൽ ദൂരം പോകാൻ കഴിയാത്ത സ്ഥിതിയായിരുന്നു.
തുടർന്ന് യാത്രക്കാരെ മറ്റൊരു ബസിൽ കയറ്റി 9.30നു കാസർകോട് ബസ് സ്റ്റാൻഡിലെത്തിച്ചു. പത്തനംതിട്ട ഡിപ്പോയിൽ നിന്നു മംഗളൂരു വരെ ഏകദേശം 580 കിലോമീറ്ററോളമാണ് ദൂരമുള്ളത്.
പത്തനംതിട്ട ഡിപ്പോയിലെ കെ മനോജ്കുമാർ, പി.എം മനു എന്നിവരായിരുന്നു ബസിലെ ജീവനക്കാർ.
ഓരോ തവണയും വാഹനങ്ങൾ മാറുമ്പോൾ പുതിയ ബോർഡുകളുമായിട്ടായിരുന്നു ജീവനക്കാരുടെ യാത്ര. യാത്രയിലുണ്ടായ കനത്ത ദുരിതത്തെക്കുറിച്ച് യാത്രക്കാർ വിവിധ ഡിപ്പോകളിൽ പരാതിപ്പെട്ടിട്ടും അധികൃതരുടെ ഭാഗത്തുനിന്നും കാര്യമായ ഇടപെടലുകൾ ഒന്നും തന്നെ ഉണ്ടായില്ല.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

