ഉപഭോക്താക്കളുടെ സമ്മതമില്ലാതെ ഭക്ഷണ ബില്ലിൽ ‘സർവീസ് ചാർജ്’ ഉൾപ്പെടുത്തിയ 41 റസ്റ്ററന്റുകൾക്കെതിരെ കേന്ദ്ര ഉപഭോക്തൃ സംരക്ഷണ അതോറിറ്റി നടപടി സ്വീകരിച്ചു. ഉപഭോക്തൃ ഹെൽപ്ലൈനിൽ ലഭിച്ച പരാതികളുടെ അടിസ്ഥാനത്തിലാണ് നടപടി.
ഇതിൽ ഒരു പ്രമുഖ റസ്റ്ററന്റ് ശൃംഖലയ്ക്ക് 50,000 രൂപ പിഴ ചുമത്തിയിട്ടുണ്ട്. പരാതിക്കാരനിൽ നിന്ന് ഈടാക്കിയ തുക തിരികെ നൽകാനും, ബില്ലിങ് സോഫ്റ്റ്വെയറിൽ മാറ്റം വരുത്തി സർവീസ് ചാർജ് ഒഴിവാക്കാനും അതോറിറ്റി കർശന നിർദേശം നൽകി.
നിയമപരമായ തടസ്സങ്ങൾ
2019-ലെ ഉപഭോക്തൃ നിയമത്തിലെ വ്യവസ്ഥകൾക്കും 2025 മാർച്ചിലെ ഡൽഹി ഹൈക്കോടതി ഉത്തരവിനും വിരുദ്ധമാണ് റസ്റ്ററന്റുകളുടെ ഈ നടപടിയെന്ന് അധികൃതർ ചൂണ്ടിക്കാട്ടി. ഭക്ഷണ ബില്ലിൽ സർവീസ് ചാർജ് കൂട്ടിച്ചേർക്കാൻ റസ്റ്ററന്റുകൾക്ക് അധികാരമില്ലെന്നും, ഇതിനായി ഉപഭോക്താക്കളെ നിർബന്ധിക്കരുതെന്നും കോടതി വ്യക്തമാക്കിയിട്ടുണ്ട്.
സർവീസ് ചാർജ് മറ്റ് പേരുകളിൽ ഈടാക്കുന്നതും നിയമവിരുദ്ധമാണെന്ന് മന്ത്രാലയം അറിയിച്ചു. ബില്ലിൽ ഉൾപ്പെടുത്താവുന്ന തുകകൾ
ഭക്ഷണത്തിന്റെ വിലയ്ക്ക് പുറമെ ചരക്കു സേവന നികുതി (ജിഎസ്ടി) മാത്രമാണ് ബില്ലിൽ ഉൾപ്പെടുത്താൻ അനുമതിയുള്ളത്.
കേന്ദ്ര ജിഎസ്ടിയും സംസ്ഥാന ജിഎസ്ടിയും പ്രത്യേകം രേഖപ്പെടുത്തണം. ഉപഭോക്താവ് സ്വമേധയാ സർവീസ് ചാർജ് നൽകാൻ തയ്യാറാണെങ്കിൽ മാത്രമേ അത് സ്വീകരിക്കാൻ പാടുള്ളൂ.
ഇതിനായി റസ്റ്ററന്റുകൾക്ക് ഉപഭോക്താവിനെ നിർബന്ധിക്കാൻ അവകാശമില്ല. പരാതിപ്പെടേണ്ട
വിധം
ഭക്ഷണ ബില്ലിൽ അനാവശ്യമായി സർവീസ് ചാർജ് ഈടാക്കുന്നത് ശ്രദ്ധയിൽപ്പെട്ടാൽ അത് ഒഴിവാക്കാൻ ഉപഭോക്താക്കൾക്ക് ആവശ്യപ്പെടാവുന്നതാണ്. റസ്റ്ററന്റുകൾ ഇതിന് വഴങ്ങാത്ത സാഹചര്യത്തിൽ, തെളിവുകൾ സഹിതം ദേശീയ ഉപഭോക്തൃ ഹെൽപ്ലൈൻ നമ്പറായ 1915-ൽ വിളിച്ചോ, വെബ്സൈറ്റ് മുഖേനയോ പരാതി നൽകാം.
ലഭിക്കുന്ന പരാതികളിൽ അടിയന്തര അന്വേഷണം നടത്തി കുറ്റക്കാർക്കെതിരെ ശക്തമായ നടപടി സ്വീകരിക്കുമെന്ന് കേന്ദ്ര ഉപഭോക്തൃകാര്യ മന്ത്രാലയം ഉറപ്പുനൽകി.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

