സംസ്ഥാനത്ത് വലിയ ചർച്ചയായ അവയവക്കടത്ത് കേസുമായി ബന്ധപ്പെട്ട് എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് (ഇഡി) നടത്തിയ പരിശോധനകളിൽ നിർണായക വിവരങ്ങൾ ലഭിച്ചതായി സൂചന. കേസ് അന്വേഷണത്തിന്റെ ഭാഗമായി കഴിഞ്ഞ ദിവസങ്ങളിൽ നടന്ന റെയ്ഡുകളിൽ വ്യാജരേഖകളും സാമ്പത്തിക ഇടപാടുകളെ സാധൂകരിക്കുന്ന സുപ്രധാന തെളിവുകളും ഉദ്യോഗസ്ഥർ കണ്ടെടുത്തു.
ഈ രേഖകൾ കേസിലെ പ്രതികളുടെ നിയമവിരുദ്ധ പ്രവർത്തനങ്ങളെക്കുറിച്ചും പണമിടപാടുകളെക്കുറിച്ചും കൂടുതൽ വ്യക്തത നൽകുന്നതാണ്. പ്രതികളുടെ ബാങ്ക് അക്കൗണ്ടുകൾ മരവിപ്പിക്കുന്നതിനുള്ള നടപടികളും ഇഡി ആരംഭിച്ചിട്ടുണ്ട്.
കൊച്ചിയിലെ രണ്ട് സ്വകാര്യ ആശുപത്രികൾ, കോട്ടയം, തിരുവനന്തപുരം എന്നിവിടങ്ങളിലെ ഓരോ ആശുപത്രികൾ, കൂടാതെ അവയവക്കടത്തിലെ ഇടനിലക്കാരായി സംശയിക്കുന്ന കൊല്ലം പുളിയത്തുമുക്ക് സ്വദേശികളായ ശ്രീജ, സുധീർ എന്നിവരുടെ വീടുകൾ എന്നിവിടങ്ങളിലായിരുന്നു ഇഡി സംഘം പരിശോധന നടത്തിയത്. ഈ കേസിൽ നേരത്തെ അറസ്റ്റിലായവരെ ചോദ്യം ചെയ്തതിൽ നിന്നും കണ്ടെടുത്ത സാമ്പത്തിക രേഖകളിൽ നിന്നും ലഭിച്ച വിവരങ്ങളുടെ അടിസ്ഥാനത്തിലാണ് ആശുപത്രികളിലേക്ക് അന്വേഷണം വ്യാപിപ്പിച്ചത്.
അവയവക്കടത്തുമായി ബന്ധപ്പെട്ട് വൻതോതിൽ കള്ളപ്പണ ഇടപാടുകൾ നടന്നിട്ടുണ്ടെന്ന സംശയമാണ് റെയ്ഡിലേക്ക് നയിച്ചത്. കേസിലെ മുഖ്യ സൂത്രധാരന്മാരിൽ ഒരാളായ കാസർകോട് സ്വദേശി മുഹമ്മദ് നജീബ് കല്ലട്രയുടെ ബാങ്ക് അക്കൗണ്ടുകളിലേക്ക് വൻതോതിൽ പണമെത്തിയതായി ഇഡി കണ്ടെത്തിയിട്ടുണ്ട്.
കൊച്ചിയിൽ റെയ്ഡ് നടന്ന ഒരു പ്രമുഖ സ്വകാര്യ ആശുപത്രിയിൽ നിന്ന് നജീബിന്റെ വ്യക്തിഗത അക്കൗണ്ടിലേക്ക് വലിയ തുക കമ്മിഷനായി കൈമാറ്റം ചെയ്യപ്പെട്ടതായാണ് പ്രാഥമിക നിഗമനം. ഈ സാമ്പത്തിക ഇടപാടുകളുമായി ബന്ധപ്പെട്ട
ഡിജിറ്റൽ രേഖകളും ബാങ്ക് സ്റ്റേറ്റ്മെന്റുകളും പിടിച്ചെടുക്കുക എന്ന ലക്ഷ്യത്തോടെയാണ് ഉദ്യോഗസ്ഥർ പരിശോധന ശക്തമാക്കിയത്.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

