വയനാടിന്റെയും കർണാടകയുടെയും യാത്രാപ്രശ്നങ്ങൾക്ക് വലിയ ആശ്വാസമായി ബൈരക്കുപ്പ പാലം നിർമാണത്തിന് കർണാടക സർക്കാരിന്റെ ഔദ്യോഗിക എൻഒസി (നിരാക്ഷേപ പത്രം) ലഭിച്ചതായി പൊതുമരാമത്ത് മന്ത്രി പി.കെ ബഷീർ അറിയിച്ചു. പാലം യാഥാർഥ്യമാകുന്നതോടെ ഇരു സംസ്ഥാനങ്ങൾക്കുമിടയിലെ ഗതാഗതവും ചരക്കുനീക്കവും കൂടുതൽ സുഗമമാകും.
അതിർത്തി ഗ്രാമങ്ങളിലുള്ളവർക്ക് കേരളത്തിലെ ആശുപത്രികളിലേക്കും വിദ്യാഭ്യാസ സ്ഥാപനങ്ങളിലേക്കും വേഗത്തിൽ എത്തിച്ചേരാനും പാലം വന്നാൽ സഹായകമാകും. പൊതുമരാമത്ത് മന്ത്രി പി.കെ.ബഷീർ കർണാടക മുഖ്യമന്ത്രി ഡി.കെ ശിവകുമാറുമായി നടത്തിയ നിർണായക ചർച്ചയെ തുടർന്നാണ് അനുമതി ലഭ്യമായത്.
പാലം നിർമാണവുമായി ബന്ധപ്പെട്ട് മന്ത്രി പി.കെ ബഷീർ കർണാടക സർക്കാരുമായി നേരത്തെ നടത്തിയ ചർച്ചയിൽ വിഷയം മന്ത്രിസഭാ യോഗത്തിൽ ഉന്നയിച്ച് നിർദേശങ്ങൾ നൽകുമെന്ന് അറിയിച്ചിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് നിർമാണ പ്രവർത്തനങ്ങൾക്ക് അനുമതി ലഭിച്ചിരിക്കുന്നത്.
കേരളത്തിനും കർണാടകയ്ക്കും ഇടയിൽ ദീർഘകാലമായി മുടങ്ങിക്കിടക്കുന്ന അന്തർ സംസ്ഥാന പാലം വയനാട് ജില്ലയിലെ പെരിക്കല്ലൂരിനെയും മൈസൂരു ജില്ലയിലെ ബൈരക്കുപ്പയെയും ബന്ധിപ്പിക്കുന്നതാണ്. 36 വർഷം മുൻപാണ് ഈ പദ്ധതിക്ക് തറക്കല്ലിട്ടത്.
തുടർന്ന് 2002 മാർച്ച് 15 ന് കേന്ദ്ര ഷിപ്പിങ് റോഡ് ഗതാഗത ഹൈവേ മന്ത്രാലയം പദ്ധതിക്ക് അംഗീകാരം നൽകിയിരുന്നു. കേരളത്തിന്റെ ഭാഗത്ത് നിന്നുള്ള അപ്രോച്ച് റോഡ് ഇതിനകം പൂർണമായും പൂർത്തിയായിട്ടുണ്ട്.
പദ്ധതിയുടെ പൂർത്തീകരണം കർണാടകയിലെ അനുബന്ധ പാതയുടെ നിർമാണത്തെ ആശ്രയിച്ചായതിനാൽ, അവിടുത്തെ അപ്രോച്ച് റോഡിന്റെ നിർമാണത്തിന് ഭൂമി ഏറ്റെടുക്കാൻ ആവശ്യമായ പാരിസ്ഥിതിക അനുമതികൾ വേഗത്തിലാക്കാൻ ഇടപെടണമെന്ന് ആവശ്യപ്പെട്ട് മന്ത്രി പി.കെ ബഷീർ കർണാടക സർക്കാരിന് നേരത്തെ കത്ത് നൽകിയിരുന്നു. ഈ പശ്ചാത്തലത്തിലാണ് ഇപ്പോൾ നിർണായകമായ പുതിയ തീരുമാനം ഉണ്ടായിരിക്കുന്നത്.
പാലം യാഥാർഥ്യമായാൽ ദീർഘകാലമായി നിലനിൽക്കുന്ന നിരവധി പ്രശ്നങ്ങൾക്ക് ശാശ്വത പരിഹാരം ഉണ്ടാകുമെന്ന് മന്ത്രി പി.കെ.ബഷീർ വ്യക്തമാക്കി. പുൽപ്പള്ളി, ബത്തേരി, കൽപറ്റ, കോഴിക്കോട് ഭാഗങ്ങളുമായി മൈസൂരുവിനെയും ബെംഗളൂരുവിനെയും നേരിട്ട് ബന്ധിപ്പിക്കുന്ന ബദൽ പാതയായി ഈ പാലം പ്രവർത്തിക്കും.
നിലവിൽ ദേശീയപാത 766 ൽ ബന്ദിപ്പൂർ വനമേഖലയിൽ നിലവിലുള്ള രാത്രി യാത്രാ നിയന്ത്രണങ്ങൾ മറികടന്ന് ഗതാഗതം സുഗമമാക്കാൻ ഇത് സഹായകമാകും. ബെംഗളുരുവിനും ബത്തേരിക്കും ഇടയിലുള്ള യാത്രാ ദൂരം ഏകദേശം 40 കിലോമീറ്റർ കുറയ്ക്കുന്നതോടൊപ്പം യാത്രാ സമയം ലാഭിക്കാൻ കഴിയുമെന്നും മന്ത്രി കൂട്ടിച്ചേർത്തു.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

