സംസ്ഥാനത്ത് ഡെങ്കിപ്പനി പടരുന്ന സാഹചര്യത്തിൽ, രോഗത്തിന്റെ ഉറവിടങ്ങൾ നശിപ്പിക്കുന്നതിനും പരിസര ശുചീകരണം ഊർജ്ജിതമാക്കുന്നതിനുമായി ആരോഗ്യവകുപ്പ് ആഹ്വാനം ചെയ്ത ഡ്രൈ ഡേ ഇന്ന് വീടുകളിൽ നടക്കും. ഇതിന്റെ സംസ്ഥാനതല ഉദ്ഘാടനം രാവിലെ 10.30-ന് ആരോഗ്യം ദേവസ്വം വകുപ്പ് മന്ത്രി കെ.മുരളീധരന്റെ കവടിയാർ ജവഹർ നഗറിലെ വസതിയിൽ വെച്ച് നടക്കും.
തുടർന്ന് പ്രദേശത്തെ വീടുകളിൽ ആരോഗ്യ പ്രവർത്തകരോടൊപ്പം മന്ത്രി ബോധവത്കരണ പ്രവർത്തനങ്ങളിലും പങ്കാളിയാകും. പ്രതിരോധ പ്രവർത്തനങ്ങൾ
കഴിഞ്ഞ ദിവസം മന്ത്രി കെ.മുരളീധരന്റെ അദ്ധ്യക്ഷതയിൽ ചേർന്ന ആരോഗ്യവകുപ്പിന്റെ ഉന്നതല യോഗത്തിലാണ് ഡ്രൈ ഡേ കർശനമായി ആചരിക്കാൻ തീരുമാനമെടുത്തത്.
ഇതിന്റെ ഭാഗമായി വെള്ളിയാഴ്ച സ്കൂളുകളിലും, ശനിയാഴ്ച ഓഫീസുകളിലും, ഞായറാഴ്ച വീടുകളിലും ശുചീകരണ യജ്ഞങ്ങൾ നടക്കും. ഡെങ്കിപ്പനിക്ക് കാരണമാകുന്ന ഈഡിസ് കൊതുകുകളുടെ പ്രജനന കേന്ദ്രങ്ങൾ പൂർണമായി ഇല്ലാതാക്കുക എന്നതാണ് ഈ പ്രവർത്തനങ്ങളുടെ മുഖ്യ ലക്ഷ്യം.
പൂച്ചട്ടികൾ, റഫ്രിജറേറ്ററിന് പിന്നിലെ ട്രേ, പരിസരങ്ങളിൽ അലക്ഷ്യമായി കിടക്കുന്ന ചിരട്ടകൾ തുടങ്ങി വെള്ളം കെട്ടിനിൽക്കാൻ സാധ്യതയുള്ള എല്ലാ സാഹചര്യങ്ങളും ഒഴിവാക്കാൻ ശ്രദ്ധിക്കണം. മഴ ശക്തിപ്പെടുന്നതോടെ ഡെങ്കിപ്പനി കേസുകൾ വർധിക്കുമെന്ന ആരോഗ്യ വിദഗ്ധരുടെ മുന്നറിയിപ്പിനെ തുടർന്ന് ശുചീകരണം വ്യാപകമാക്കാൻ മന്ത്രി കെ.മുരളീധരൻ കർശന നിർദേശം നൽകിയിട്ടുണ്ട്.
തിരഞ്ഞെടുപ്പ് കാലമായതിനാൽ മുൻകാലങ്ങളിൽ മഴക്കാലപൂർവ ശുചീകരണം കാര്യക്ഷമമായി നടന്നിരുന്നില്ല. ഇത് ഡെങ്കിപ്പനി ഉൾപ്പെടെയുള്ള പകർച്ചവ്യാധികൾ വർധിക്കാൻ കാരണമായതായി വിലയിരുത്തുന്നു.
ഈ സാഹചര്യത്തിൽ വരുന്ന ആഴ്ചകളിലും ഡ്രൈ ഡേയുമായി ബന്ധപ്പെട്ട പ്രവർത്തനങ്ങൾ കൂടുതൽ കാര്യക്ഷമമായി മുന്നോട്ട് കൊണ്ടുപോകുമെന്ന് മന്ത്രി കെ.മുരളീധരൻ അറിയിച്ചു.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

