കാനഡയിലെ ടൊറന്റോ സ്റ്റേഡിയത്തിൽ നടന്ന ഫിഫ ലോകകപ്പ് 2026 ഗ്രൂപ്പ് ഇ മത്സരത്തിൽ, ആഫ്രിക്കൻ കരുത്തരായ ഐവറി കോസ്റ്റിനെതിരെ ജർമ്മനിക്ക് തകർപ്പൻ വിജയം. ആദ്യ പകുതിയിൽ ഒരു ഗോളിന് പിന്നിൽ നിന്ന ശേഷം രണ്ടാം പകുതിയിൽ നടത്തിയ അതിശക്തമായ തിരിച്ചുവരവിലൂടെയാണ് ജർമ്മനി നോക്കൗട്ട് യോഗ്യത ഉറപ്പിച്ചത്.
മത്സരത്തിന്റെ തുടക്കം മുതൽ ജർമ്മനി ആക്രമണം അഴിച്ചുവിട്ടെങ്കിലും ആദ്യ പകുതി അവർക്ക് തിരിച്ചടിയായിരുന്നു. 21-ാം മിനിറ്റിൽ അലക്സാണ്ടർ പാവ്ലോവിച്ച് ഐവറി കോസ്റ്റ് വലയിൽ പന്തെത്തിച്ചെങ്കിലും, വിഎആർ പരിശോധനയിൽ ഗോൾകീപ്പർ യഹിയ ഫൊഫാനയെ ഫൗൾ ചെയ്തതായി കണ്ടെത്തിയതിനെ തുടർന്ന് റഫറി ഗോൾ നിഷേധിച്ചു.
30-ാം മിനിറ്റിൽ കൗണ്ടർ അറ്റാക്കിലൂടെ ഐവറി കോസ്റ്റ് മുന്നിലെത്തി. യാൻ ഡിയോമൻഡെയുടെ പാസിൽ നിന്ന് അമദ് ഡിയാലോ എടുത്ത ഷോട്ട് ഗോൾകീപ്പർ മാനുവൽ നോയർ തട്ടിയകറ്റിയെങ്കിലും, റീബൗണ്ടിൽ ലഭിച്ച പന്ത് ക്യാപ്റ്റൻ ഫ്രാങ്ക് കെസ്സി വലയിലാക്കുകയായിരുന്നു.
38-ാം മിനിറ്റിൽ ഫ്ലോറിയൻ വിർട്സിന്റെ പാസിൽ കൈ ഹാവെർട്സ് ഗോൾ നേടിയെങ്കിലും അതും വിഎആർ തടഞ്ഞു. രണ്ടാം പകുതിയിൽ കളം നിറഞ്ഞ ജർമ്മനി 68-ാം മിനിറ്റിൽ സമനില പിടിച്ചു.
വലതുവശത്ത് നിന്ന് ലഭിച്ച ക്രോസ് കൃത്യമായി ഉപയോഗപ്പെടുത്തി ഡെനിസ് ഉണ്ടാവ് സ്കോർ ബോർഡ് ചലിപ്പിച്ചു. മത്സരം സമനിലയിലേക്ക് നീങ്ങുമെന്ന് കരുതിയ എക്സ്ട്രാ ടൈമിന്റെ നാലാം മിനിറ്റിൽ (90+4) എൻമെച്ച നൽകിയ പാസ് സ്വീകരിച്ച് ഡെനിസ് ഉണ്ടാവ് വീണ്ടും ലക്ഷ്യം കണ്ടതോടെ ജർമ്മനി വിജയം ഉറപ്പിച്ചു.
ഈ വിജയത്തോടെ ഗ്രൂപ്പ് ഇ-യിൽ ആറ് പോയിന്റുമായി ജർമ്മനി അടുത്ത റൗണ്ടിലേക്ക് പ്രവേശിച്ചു. ഇക്വഡോറിനെതിരെ ജയം സ്വന്തമാക്കിയിരുന്ന ഐവറി കോസ്റ്റിന് മൂന്ന് പോയിന്റാണുള്ളത്.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

