യുഎഇയിലെ ഇന്ത്യൻ പൗരന്മാർക്ക് ലഭ്യമാകുന്ന പാസ്പോർട്ട്, വിസ, അറ്റസ്റ്റേഷൻ തുടങ്ങിയ സേവനങ്ങളുടെ നടത്തിപ്പിൽ സുപ്രധാനമായ മാറ്റങ്ങൾ വരുത്താൻ ഇന്ത്യൻ എംബസി തീരുമാനിച്ചു. നിലവിൽ സേവനങ്ങൾ നൽകി വരുന്ന ഏജൻസിയുടെ കാലാവധി അവസാനിക്കുകയും പുതിയ കമ്പനിക്ക് ചുമതല കൈമാറുകയും ചെയ്യുന്നതിന്റെ ഭാഗമായാണ് ഈ നടപടിക്രമങ്ങൾ പരിഷ്കരിക്കുന്നത്.
പുതിയ സേവന ദാതാക്കളുടെ പ്രവർത്തനങ്ങൾ ആരംഭിക്കുന്നതിനോട് അനുബന്ധിച്ച് നിലവിലുള്ള ബിഎൽഎസ് (BLS) കേന്ദ്രങ്ങൾ ജൂൺ 25 മുതൽ പുതിയ അപ്പോയിൻമെന്റുകൾ നൽകുന്നത് അവസാനിപ്പിക്കും. സേവനങ്ങളിൽ തടസ്സം നേരിടാതിരിക്കാൻ പ്രവാസികൾ ഈ തീയതികളിൽ പ്രത്യേക ശ്രദ്ധ പുലർത്തണമെന്ന് എംബസി നിർദ്ദേശിച്ചു.
അടിയന്തര സാഹചര്യങ്ങളിൽ പാസ്പോർട്ട്, വിസ സേവനങ്ങൾ ലഭ്യമാകുന്നതിനായി താത്കാലിക ക്രമീകരണങ്ങൾ ഏർപ്പെടുത്തിയിട്ടുണ്ട്. ഇതുപ്രകാരം ജൂൺ 26 മുതൽ ജൂൺ 30 വരെയുള്ള ദിവസങ്ങളിൽ അത്യാവശ്യ സേവനങ്ങൾക്കായി അപേക്ഷകർക്ക് നേരിട്ട് ഇന്ത്യൻ എംബസിയെയും കോൺസുലേറ്റിനെയും സമീപിക്കാവുന്നതാണ്.
തുടർന്ന്, ജൂലൈ 1 മുതൽ പുതിയ കരാർ ഏറ്റെടുത്തിരിക്കുന്ന അൽഹിന്ദ് കേന്ദ്രങ്ങളുടെ അപ്പോയ്ന്റ്മെന്റ് പോർട്ടൽ പ്രവർത്തനം ആരംഭിക്കും. ഇതിനുശേഷം യുഎഇയിലെ പാസ്പോർട്ട്, വിസ, അറ്റസ്റ്റേഷൻ സേവനങ്ങൾ പൂർണ്ണതോതിൽ സാധാരണ നിലയിലേക്ക് മടങ്ങിയെത്തും.
പ്രവാസികൾ ഔദ്യോഗിക അറിയിപ്പുകൾ കൃത്യമായി നിരീക്ഷിക്കണമെന്നും എംബസി വാർത്താക്കുറിപ്പിൽ വ്യക്തമാക്കി.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

