തെലങ്കാനയിലെ സെക്കന്തരാബാദിൽ കരസേനയുടെ മദ്രാസ് റെജിമെൻ്റ് ക്യാമ്പിൽനിന്ന് ആയുധങ്ങൾ കവർന്ന സംഭവത്തിൽ മുൻ സൈനികൻ പിടിയിലായി. മുൻ ഹവിൽദാർ ഉപ്പുതൊള്ള മല്ലേഷ് ആണ് തെലങ്കാന പൊലീസിന്റെ പിടിയിലായത്.
ഇയാളെ മോഷണത്തിന് സഹായിച്ച മറ്റ് രണ്ടുപേരെയും കസ്റ്റഡിയിൽ എടുത്തിട്ടുണ്ട്. കേസിൽ നഷ്ടപ്പെട്ട
മുഴുവൻ ആയുധങ്ങളും ഹൈദരാബാദിൽനിന്ന് കണ്ടെടുക്കാൻ അന്വേഷണ സംഘത്തിന് സാധിച്ചു. സർവീസിൽനിന്ന് പുറത്താക്കിയതുമായി ബന്ധപ്പെട്ട
വിദ്വേഷമാണ് മോഷണത്തിന് കാരണമെന്ന് പൊലീസ് വ്യക്തമാക്കി. തെലങ്കാന ഡിജിപി സി വി ആനന്ദ് വാർത്താസമ്മേളനം വിളിച്ച് ചേർത്താണ് അറസ്റ്റ് ഉൾപ്പെടെയുള്ള വിവരങ്ങൾ മാധ്യമങ്ങളെ അറിയിച്ചത്.
നേരത്തെ വിരമിക്കാനായി മേലുദ്യോഗസ്ഥരുടെ ഭാഗത്തുനിന്ന് സമ്മർദ്ദമുണ്ടായതിൽ പ്രതിക്ക് പകയുണ്ടായിരുന്നതായി പൊലീസ് വ്യക്തമാക്കി. മഹബൂബ് നഗർ സ്വദേശിയായ ഉപ്പുതൊള്ള മല്ലേഷ്, ഇക്കഴിഞ്ഞ ജൂൺ മാസം 30-നാണ് സർവീസിൽനിന്ന് വിരമിച്ചത്.
2010-ൽ കരസേനയുടെ ഭാഗമായ ഇയാൾ, 16 വർഷം സൈന്യത്തിൽ സേവനം അനുഷ്ഠിച്ചിട്ടുണ്ട്. അച്ചടക്ക പ്രശ്നങ്ങളെയും ആരോഗ്യപരമായ കാരണങ്ങളെയും തുടർന്ന് നിർബന്ധിത വിരമിക്കലിന് ഇയാൾ വിധേയനാവുകയായിരുന്നു.
ഈ നടപടിയിലുള്ള കടുത്ത അസംതൃപ്തിയാണ് കുറ്റകൃത്യത്തിലേക്ക് നയിച്ചതെന്നാണ് പ്രാഥമിക നിഗമനം. കഴിഞ്ഞ ഓഗസ്റ്റ് 30-ന് രാത്രി 11 മണിയോടെ ബോലാറത്തെ മദ്രാസ് റെജിമെൻ്റ് 20-ാം ബെറ്റാലിയൻ്റെ ക്യാമ്പിൽ അതിക്രമിച്ചെത്തിയ പ്രതി, ആയുധങ്ങളും തിരകളും മോഷ്ടിക്കുകയായിരുന്നുവെന്ന് ഡിജിപി വിശദീകരിച്ചു.
കേസിന്റെ അന്വേഷണത്തിന്റെ ഭാഗമായി നൂറിലധികം പേരെ പൊലീസ് ചോദ്യം ചെയ്യുകയും എട്ടര ലക്ഷത്തിലധികം മൊബൈൽ നമ്പറുകളുടെ കോൾ ഡീറ്റെയിൽ റെക്കോർഡ് (സിഡിആർ) പരിശോധിക്കുകയും ചെയ്തു. തുടർന്ന് നടത്തിയ തെരച്ചിലിൽ കാണാതായ നാല് എകെ-203 അസോൾട്ട് റൈഫിളുകൾ, ആറ് 9 എംഎം പിസ്റ്റലുകൾ, ഒരു ഇൻസാസ് റൈഫിൾ എന്നിവയും തിരകളും പൊലീസ് കണ്ടെടുത്തു.
കരസേന നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ മൽക്കജ്ഗിരി പൊലീസ് കമ്മീഷണറേറ്റാണ് കേസെടുത്ത് അന്വേഷണം ആരംഭിച്ചത്. സംഭവവുമായി ബന്ധപ്പെട്ട് കരസേനയും പ്രത്യേക ആഭ്യന്തര അന്വേഷണം നടത്തിയിരുന്നു.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

