അര്‍ജന്റീന ഫുട്ബോള്‍ ടീമിനെ കേരളത്തിലെത്തിച്ച് മത്സരം സംഘടിപ്പിക്കുമെന്ന പ്രഖ്യാപനവുമായി ബന്ധപ്പെട്ട് നടന്ന സാമ്പത്തിക ഇടപാടുകളില്‍ വലിയ തോതിലുള്ള ക്രമക്കേടുകള്‍ കണ്ടെത്തിയതായി ജിഎസ്ടി പ്രത്യേക അന്വേഷണ സംഘം (എസ്ഐടി). വിഷയത്തിൽ എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് (ഇ.ഡി) ഉള്‍പ്പെടെയുള്ള പ്രമുഖ കേന്ദ്ര ഏജൻസികളുടെ സമഗ്രമായ അന്വേഷണം ആവശ്യമാണെന്നാണ് എസ്ഐടിയുടെ ഔദ്യോഗിക ശുപാര്‍ശ.
നികുതി വെട്ടിപ്പുകള്‍ അടക്കമുള്ള ഗുരുതരമായ നിയമലംഘനങ്ങള്‍ വ്യക്തമാക്കുന്ന അന്തിമ അന്വേഷണ റിപ്പോര്‍ട്ടാണ് സർക്കാർ മുൻപാകെ സമർപ്പിച്ചിരിക്കുന്നത്. റജിസ്ട്രാര്‍ ഓഫ് കമ്പനീസ്, ആദായനികുതി വകുപ്പിന്റെ ഇന്‍വെസ്റ്റിഗേഷന്‍ വിഭാഗം, റിസര്‍വ് ബാങ്ക്, ഇ.ഡി, റജിസ്ട്രാര്‍ ഓഫ് ചിറ്റ് ഫണ്ട്സ്, റജിസ്ട്രേഡന് ഇന്‍സ്പെക്ടര്‍ ജനറൽ, ഡയറക്ടര്‍ ജനറൽ ഓഫ് ജിഎസ്ടി ഇന്റലിജന്‍സ് എന്നിവരുടെ നേതൃത്വത്തില്‍ സമഗ്രമായ പരിശോധന നടത്തണമെന്നാണ് എസ്ഐടി പ്രധാനമായും ശുപാർശ ചെയ്തിട്ടുള്ളത്.
നടത്തിയ സാമ്പത്തിക ഇടപാടുകളുടെ ഘടന പരിശോധിച്ചതില്‍ കള്ളപ്പണം വെളുപ്പിക്കല്‍ നടന്നിട്ടുണ്ടെന്ന സംശയവും റിപ്പോര്‍ട്ടില്‍ ശക്തമായി ഉന്നയിക്കുന്നുണ്ട്. കൃത്യമായ യാതൊരുവിധ രേഖകളും ഇല്ലാതെ സമാഹരിച്ച തുക വിദേശത്തേക്ക് കടത്തിയിട്ടുണ്ട്.
യുഎസ് ഡോളര്‍ കൈകാര്യം ചെയ്തതും, വെളിപ്പെടുത്താത്തതും, വിദേശ എടിഎം പിന്‍വലിക്കല്‍ സൗകര്യമുള്ളതുമായ പ്രത്യേക അക്കൗണ്ടുകള്‍ അന്വേഷണത്തിൽ കണ്ടെത്തിയിട്ടുണ്ട്. വെറും 9.94 കോടി രൂപയ്ക്ക് വാങ്ങിയ വസ്തുവിന്റെ മൂല്യം വെറും ഒരു വര്‍ഷം കൊണ്ട് 154.38 കോടി രൂപയായി പെരുപ്പിച്ചു കാണിച്ചതായും വ്യക്തമായിട്ടുണ്ട്.
ഈ പശ്ചാത്തലത്തില്‍ അന്വേഷണ റിപ്പോര്‍ട്ടിന്റെ പകര്‍പ്പ് തുടര്‍നടപടികള്‍ക്കായി കൊച്ചിയിലെ ഇ.ഡി അധികൃതർക്ക് കൈമാറണമെന്നാണ് ജിഎസ്ടി എസ്ഐടി ശിപാർശ ചെയ്തിരിക്കുന്നത്. വിദേശവിനിമയ ചട്ടങ്ങളുടെ ലംഘനം നടന്നിട്ടുണ്ടോ എന്ന് പരിശോധിക്കുന്നതിനായി ഈ വിഷയം റിസര്‍വ് ബാങ്കിന്റെ ശ്രദ്ധയിൽപ്പെടുത്തണമെന്നും പ്രത്യേക സംഘം ആവശ്യപ്പെട്ടിട്ടുണ്ട്.
സംസ്ഥാനത്ത് 25.78 കോടിയുടെ വലിയ നികുതി വെട്ടിപ്പാണ് ഇതുമായി ബന്ധപ്പെട്ട് നടന്നിട്ടുള്ളത്. എന്നാല്‍ ഇതിനെതിരെ നിയമനടപടികള്‍ സ്വീകരിക്കുന്നതില്‍ നിന്നും ഉദ്യോഗസ്ഥരെ വിലക്കുന്ന തരത്തിലുള്ള ഇടപെടലുകൾ രണ്ടാം പിണറായി സര്‍ക്കാരിന്റെ കാലത്തുണ്ടായതായും ജിഎസ്ടി എസ്ഐടി കണ്ടെത്തിയിട്ടുണ്ട്.
അര്‍ജന്റീന ഫുട്ബോള്‍ അസോസിയേഷന് കലക്ഷന്‍ ഏജന്റ് വഴി സ്പോണ്സര് 126.04 കോടി രൂപ അയച്ചതില്‍ 22.69 കോടി രൂപയുടെ ജിഎസ്ടിയാണ് വെട്ടിച്ചത്. കൂടാതെ ലീഗല്‍ ഫീസ് ഇനത്തില്‍ കൈമാറിയ 1.90 കോടി രൂപയ്ക്ക് അടയ്ക്കേണ്ടിയിരുന്ന 34.15 ലക്ഷം രൂപയുടെ ജിഎസ്ടിയും അടച്ചിട്ടില്ല.
വെറും 10 ലക്ഷം രൂപ മാത്രം അടിസ്ഥാന മൂലധനമുള്ള കമ്പനിയാണ് വിവിധ സ്ഥാപനങ്ങളില്‍ നിന്നായി അര്‍ജന്റീന ഫുട്ബോള്‍ അസോസിയേഷനു കൈമാറാനായി ആകെ 213 കോടി രൂപ സമാഹരിച്ചതെന്നും സർക്കാരിന് സമർപ്പിച്ച റിപ്പോർട്ടിൽ വ്യക്തമാക്കുന്നു.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

