ഓൺലൈൻ ഷോപ്പിംഗ് രീതികളെ പൂർണ്ണമായും മാറ്റിമറിക്കാൻ ലക്ഷ്യമിട്ട് പുതിയ സാങ്കേതികവിദ്യയുമായി ഗൂഗിൾ രംഗത്ത്. 2026 മെയ് മാസത്തിൽ നടന്ന ഗൂഗിൾ ഐ/ഒ (I/O) സമ്മേളനത്തിലാണ് ഉപഭോക്താക്കൾക്ക് ഏറെ സഹായകമാകുന്ന ‘യൂണിവേഴ്സൽ കാർട്ട്’ എന്ന സംവിധാനം കമ്പനി അവതരിപ്പിച്ചത്.
ഇതിനെക്കുറിച്ച് സംസാരിക്കവെ, ഗൂഗിൾ ആഡ്സ് ആൻഡ് കൊമേഴ്സ് വിഭാഗം വൈസ് പ്രസിഡന്റ് വിദ്യ ശ്രീനിവാസൻ ഇതിനെ വിശേഷിപ്പിച്ചത് ഇപ്രകാരമാണ്: “foundation of agentic commerce.” ഇന്റർനെറ്റിലൂടെ ഉൽപ്പന്നങ്ങൾ തിരയുമ്പോൾ അവ തനിയെ ശേഖരിച്ചുവെക്കാനും, വിലയിലെ മാറ്റങ്ങൾ, ഓഫറുകൾ, സ്റ്റോക്ക് വിവരങ്ങൾ എന്നിവ കൃത്യമായി നിരീക്ഷിക്കാനും ഈ സംവിധാനത്തിലൂടെ സാധിക്കും. ഗൂഗിളിന്റെ എപി2 (AP2) പ്രോട്ടോക്കോൾ ഉപയോഗിച്ച് പ്രവർത്തിക്കുന്ന ഈ സംവിധാനം വഴി, ഉപഭോക്താക്കൾ നിശ്ചയിക്കുന്ന പരിധിക്കുള്ളിൽ നിന്നുകൊണ്ട് എഐ ഏജന്റുകൾക്ക് പർച്ചേസ് നടപടികൾ പൂർത്തിയാക്കാൻ കഴിയും.
നിലവിൽ സെർച്ച് എൻജിനിലും ജെമിനി ആപ്പിലുമാണ് ഈ സേവനം ലഭ്യമാകുന്നത്. വരും നാളുകളിൽ യൂട്യൂബിലേക്കും ജിമെയിലിലേക്കും ഇത് വ്യാപിപ്പിക്കും.
ഉദാഹരണത്തിന്, ഒരു ക്യാമറയെക്കുറിച്ചുള്ള യൂട്യൂബ് റിവ്യൂ കാണുമ്പോൾ തന്നെ അത് കാർട്ടിലേക്ക് ചേർക്കാനും, ജെമിനി വഴി അനുയോജ്യമായ മെമ്മറി കാർഡുകൾ കണ്ടെത്താനും ഉപയോക്താക്കൾക്ക് സാധിക്കും. കമ്പ്യൂട്ടർ പാർട്സുകൾ വാങ്ങുന്നതുമായി ബന്ധപ്പെട്ട
തത്സമയ പരിശോധനയിൽ, തെറ്റായ കോമ്പിനേഷൻ തിരഞ്ഞെടുക്കുന്നത് ഒഴിവാക്കാൻ ജെമിനി ഉപഭോക്താക്കളെ സഹായിക്കുന്നതായും ഗൂഗിൾ വ്യക്തമാക്കി. യൂണിവേഴ്സൽ കൊമേഴ്സ് പ്രോട്ടോക്കോൾ (UCP) അടിസ്ഥാനമാക്കിയാണ് ഈ സംവിധാനം പ്രവർത്തിക്കുന്നത്.
പേയ്മെന്റുകൾ സുരക്ഷിതമാക്കാൻ എജന്റ് പേയ്മെന്റ് പ്രോട്ടോക്കോൾ (AP2) ആണ് ഉപയോഗിക്കുന്നത്. ഡിജിറ്റൽ കരാറുകൾ വഴി പേയ്മെന്റുകൾ ടോക്കണൈസ് ചെയ്യപ്പെടുന്നതിനാൽ ഉപഭോക്താക്കളുടെ സാമ്പത്തിക വിവരങ്ങൾ സുരക്ഷിതമായിരിക്കും.
ഈ സംവിധാനത്തിന്റെ സൗകര്യം കണക്കിലെടുത്ത് നൈക്കി, സെഫോറ, ടാർഗെറ്റ്, അൾട്ട ബ്യൂട്ടി, വാൾമാർട്ട്, വേഫെയർ, ഷോപ്പിഫൈ എന്നിവയുൾപ്പെടെയുള്ള പ്രമുഖ ബ്രാൻഡുകൾ ഇതിനോടകം തന്നെ ഗൂഗിളുമായി സഹകരിക്കാൻ തയ്യാറെടുപ്പ് നടത്തിക്കഴിഞ്ഞു.
ഗൂഗിളിന്റെ ഈ പുതിയ നീക്കം ഉപഭോക്താക്കൾക്ക് വലിയ ആശ്വാസമാകുമെങ്കിലും, ഭാവിയിൽ ഇന്റർനെറ്റ് ഷോപ്പിംഗ് മേഖലയിൽ ഗൂഗിൾ ഒരു നിർണ്ണായക മധ്യവർത്തിയായി മാറുമോ എന്ന ആശങ്കയും നിരീക്ഷകർ പങ്കുവെക്കുന്നുണ്ട്.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

