കണ്ണൂർ ചാലാട് ശ്രീ ധർമശാസ്താ ക്ഷേത്രത്തിൽ പുലർച്ചെയുണ്ടായ മോഷണത്തിൽ 20,000 രൂപയോളം നഷ്ടപ്പെട്ടതായി പരാതി. വ്യാഴാഴ്ച പുലർച്ചെ രണ്ട് മണിയോടെ ആയുധവുമായി എത്തിയ മോഷ്ടാവ് ക്ഷേത്രത്തിന്റെ മുൻവശത്തെ ഗേറ്റ് തകർത്ത് അകത്ത് കടക്കുകയായിരുന്നു.
ക്ഷേത്ര മാനേജർ സി.എം.ശ്രീജിത്ത് നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ കണ്ണൂർ ടൗൺ പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. ക്ഷേത്രത്തിനുള്ളിൽ പ്രവേശിച്ച ഉടൻ തന്നെ സുരക്ഷാ ജീവനക്കാരനായ വൈഷ്ണവിനെ മോഷ്ടാവ് പുറത്തുനിന്ന് പൂട്ടിയിട്ടു.
തുടർന്ന് പിക്കാസ് ഉപയോഗിച്ച് വഴിപാട് കൗണ്ടറിന്റെ പൂട്ട് തകർക്കുകയും മേശവലിപ്പിൽ സൂക്ഷിച്ചിരുന്ന പണം കവരുകയുമായിരുന്നു. ചുറ്റമ്പലത്തിന് പുറത്തുള്ള പ്രധാന ഭണ്ഡാരം തകർക്കാൻ ശ്രമം നടത്തിയെങ്കിലും പണം അപഹരിക്കാൻ കഴിഞ്ഞില്ല.
തുടർന്ന് ക്ഷേത്രനടയിലെ മേശയും വഴിപാട് കൗണ്ടറിന് സമീപത്തെ ഭണ്ഡാരവും തകർത്ത് പണം കൈക്കലാക്കി. പിൻവശത്തെ ഭണ്ഡാരത്തിന്റെ പൂട്ട് തകർക്കുന്നതിനിടെ സുരക്ഷാ ജീവനക്കാരൻ വൈഷ്ണവ് പൂട്ട് തകർത്ത് പുറത്തിറങ്ങി മോഷ്ടാവിനെ തടയാൻ ശ്രമിച്ചു.
ഈ സമയം ഇരുവരും തമ്മിൽ സംഘർഷമുണ്ടാവുകയും മോഷ്ടാവ് ജീവനക്കാരനെ ആക്രമിക്കുകയും ചെയ്തു. “പിക്കാസ് കൊണ്ട് മോഷ്ടാവ് കൊല്ലാൻ ശ്രമിച്ചുവെന്ന്” വൈഷ്ണവ് വെളിപ്പെടുത്തി.
ജീവനക്കാരനെ തള്ളിമാറ്റിയ ശേഷം പിൻവശത്തെ മതിൽ ചാടി മോഷ്ടാവ് രക്ഷപ്പെടുകയായിരുന്നു. സംഭവസ്ഥലത്തുനിന്നും മോഷ്ടാവിന്റേതെന്ന് സംശയിക്കുന്ന രണ്ട് ടോർച്ചുകൾ പൊലീസ് കണ്ടെടുത്തിട്ടുണ്ട്.
ഫോറൻസിക് സംഘം സ്ഥലത്തെത്തി ശാസ്ത്രീയ പരിശോധന നടത്തി തെളിവുകൾ ശേഖരിച്ചു. മോഷ്ടാവും സുരക്ഷാ ജീവനക്കാരനും തമ്മിലുള്ള ഏറ്റുമുട്ടലിന്റെ സിസിടിവി ദൃശ്യങ്ങൾ അന്വേഷണ സംഘത്തിന് ലഭിച്ചിട്ടുണ്ട്.
ഇതിന്റെ അടിസ്ഥാനത്തിൽ ഊർജ്ജിതമായ അന്വേഷണം തുടരുകയാണ്.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

