ഇന്ധനവില വർധനയ്ക്ക് പിന്നാലെ രാജ്യത്തിന്റെ സാമ്പത്തിക മേഖലയിൽ കൂടുതൽ വെല്ലുവിളികൾ ഉടലെടുക്കുന്നു. ഇന്ത്യൻ രൂപയുടെ വിനിമയ മൂല്യം സംരക്ഷിക്കുന്നതിനായി റിസർവ് ബാങ്ക് ഓഫ് ഇന്ത്യ (ആർബിഐ) റീപ്പോ നിരക്കുകൾ ഉയർത്തുന്നത് ഉൾപ്പെടെയുള്ള കർശനമായ നടപടികളിലേക്ക് കടക്കാനൊരുങ്ങുന്നതായി സൂചനകൾ പുറത്തുവരുന്നു.
പലിശ നിരക്കുകളിൽ മാറ്റം വരുന്നത് സാധാരണക്കാരായ വായ്പ ഉപഭോക്താക്കളുടെ പ്രതിമാസ തിരിച്ചടവ് തുകയെ (ഇഎംഐ) നേരിട്ട് ബാധിക്കുമെന്ന് സാമ്പത്തിക വിദഗ്ധർ മുന്നറിയിപ്പ് നൽകുന്നു. ജൂൺ 3 മുതൽ 5 വരെയാണ് റിസർവ് ബാങ്കിന്റെ അടുത്ത പണനയ യോഗം നിശ്ചയിച്ചിരിക്കുന്നത്.
യുഎസ്-ഇറാൻ സംഘർഷത്തെ തുടർന്ന് രാജ്യത്തെ ഇറക്കുമതി ചെലവിലുണ്ടായ വർധനവും വിദേശനാണ്യ ശേഖരത്തിലെ ഇടിവും സമ്പദ്വ്യവസ്ഥയ്ക്ക് കടുത്ത വെല്ലുവിളിയാണ്. അമേരിക്കൻ ഡോളറിനെതിരെ രൂപയുടെ മൂല്യം 97 എന്ന നിലവാരത്തിലേക്ക് കൂപ്പുകുത്തിയതും പണപ്പെരുപ്പവും കണക്കിലെടുത്ത്, നിരക്ക് വർധന അനിവാര്യമാണെന്നാണ് വിലയിരുത്തൽ.
നിലവിൽ 5.25 ശതമാനത്തിലുള്ള പലിശ നിരക്കിൽ 50-75 ബിപിഎസ് (ബേസിസ് പോയിന്റ്) വരെ വർധനയുണ്ടാകാൻ സാധ്യതയുണ്ട്. ഈ സാഹചര്യത്തിൽ ആർബിഐ ജൂണിൽ പലിശ നിരക്ക് വർധിപ്പിക്കുമെന്ന് സ്റ്റാൻഡേർഡ് ചാർട്ടേർഡ് ബാങ്കിലെ സാമ്പത്തിക വിദഗ്ധരും നിരീക്ഷിക്കുന്നു.
സർക്കാർ ബോണ്ടുകളിൽ നിന്നുള്ള വരുമാന വർധനവും ആഗോളതലത്തിൽ മറ്റ് കേന്ദ്രബാങ്കുകൾ സ്വീകരിക്കുന്ന നടപടികളും ഇന്ത്യയ്ക്ക് അവഗണിക്കാനാവില്ല. “ജൂണിലും ഓഗസ്റ്റിലും 25 ബിപിഎസ് വീതം വർധനയുണ്ടാകുമെന്നാണ് കരുതുന്നത്.
ഇനി ജൂണിൽ നിരക്ക് കൂട്ടിയില്ലെങ്കിൽ ഓഗസ്റ്റിൽ 50 ബിപിഎസ് വർധിക്കും” – സ്റ്റാൻഡേർഡ് ചാർട്ടേർഡ് ബാങ്കിലെ സാമ്പത്തിക വിദഗ്ധരായ അനുഭൂതി സഹായ്, സൗരവ് ആനന്ദ് എന്നിവർ പറഞ്ഞു. ബാങ്കുകൾക്ക് ആർബിഐ നൽകുന്ന ഹ്രസ്വകാല വായ്പകളുടെ പലിശ നിരക്കാണ് റീപ്പോ നിരക്ക്.
ഇതിലെ വർധന ഭവന, വാഹന, പേഴ്സണൽ വായ്പകളുടെ പലിശ നിരക്ക് ഉയരാനും അതുവഴി ഇഎംഐ തുകയിലോ തിരിച്ചടവ് കാലാവധിയിലോ വർധനവുണ്ടാകാനും കാരണമാകും. അതേസമയം, സ്ഥിര നിക്ഷേപങ്ങളിലുള്ള പലിശ നിരക്കിൽ വർധന പ്രതീക്ഷിക്കാവുന്നതാണ്.
ഓഹരി വിപണിയെയും ഈ നടപടി സ്വാധീനിച്ചേക്കാം. ഇതിനിടെ, ബാങ്കിങ് സംവിധാനത്തിലേക്ക് 500 കോടി ഡോളർ (ഏകദേശം 48,454 കോടി രൂപ) ലഭ്യമാക്കി പണലഭ്യത ഉറപ്പാക്കാൻ ആർബിഐ പദ്ധതി ആവിഷ്കരിക്കുന്നുണ്ട്.
ഡോളർ-റുപ്പി സ്വാപ് ലേലത്തിലൂടെയാകും ഈ നടപടി നടപ്പിലാക്കുക. ബാങ്കുകളിൽ നിന്ന് ഡോളർ സ്വീകരിച്ച് പകരം രൂപ ലഭ്യമാക്കുന്ന ഈ സംവിധാനത്തിൽ, മൂന്ന് വർഷത്തെ കാലാവധിക്ക് ശേഷം ബാങ്കുകൾക്ക് ഈ തുക തിരികെ വാങ്ങാൻ അവസരമുണ്ടാകും.
രൂപയുടെ മൂല്യത്തകർച്ച തടയുന്നതിനുള്ള നിർണായക നീക്കമായാണിത് വിലയിരുത്തപ്പെടുന്നത്.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

