പറമ്പിക്കുളം-ആളിയാർ നദീജല കരാർ ചിറ്റൂർ മേഖലയുടെ മാത്രം പ്രശ്നമല്ലെന്നും, ഭാരതപ്പുഴയുടെ ജലലഭ്യതയെയും അനുബന്ധ ജില്ലകളിലെ കാർഷിക മേഖലയെയും ഇത് സാരമായി ബാധിക്കുന്നുണ്ടെന്നും വിദഗ്ധർ അഭിപ്രായപ്പെടുന്നു. ആളിയാർ അണക്കെട്ടിൽ നിന്ന് മൂലത്തറ വഴി ചിറ്റൂർപ്പുഴയിലേക്കെത്തുന്ന ജലം പറളിയിൽ വെച്ച് ഭാരതപ്പുഴയുമായി ലയിക്കുകയാണ് പതിവ്.
അതിനാൽ, ഈ ജലലഭ്യതയിലുണ്ടാകുന്ന ഏതൊരു കുറവും പാലക്കാട്, തൃശൂർ, മലപ്പുറം ജില്ലകളിലെ കാർഷിക സമ്പദ്വ്യവസ്ഥയ്ക്ക് കനത്ത ആഘാതമാണ് സൃഷ്ടിക്കുന്നത്. പറമ്പിക്കുളം, പെരുവാരിപ്പള്ളം, തൂണക്കടവ്, ആളിയാർ എന്നീ അണക്കെട്ടുകൾക്ക് പുറമെ കേരള-തമിഴ്നാട് ഷോളയാർ അണക്കെട്ടുകൾ, കോണ്ടൂർ കനാൽ, ആളിയാർ കനാൽ, നീരാർ അണക്കെട്ടുകൾ എന്നിവ ഈ കരാറിന്റെ പരിധിയിൽ ഉൾപ്പെടുന്നു.
1958 നവംബർ ഒന്ന് മുതൽ പ്രാബല്യത്തോടെ 1970 മേയ് 29-നാണ് ഈ കരാർ ഔദ്യോഗികമായി നിലവിൽ വന്നത്. 30 വർഷത്തിലൊരിക്കൽ ജലലഭ്യതയുടെ അടിസ്ഥാനത്തിൽ കരാറിലെ വ്യവസ്ഥകൾ പുനരവലോകനം ചെയ്യണമെന്ന നിർദ്ദേശം ഇതുവരെയും പൂർണ്ണമായി പാലിക്കപ്പെട്ടിട്ടില്ല.
നിലവിലെ കരാറനുസരിച്ച് ഒരു ജലവർഷത്തിൽ (ജൂലൈ 1 മുതൽ ജൂൺ 30 വരെ) കേരളത്തിന് 7.25 ടിഎംസി ജലമാണ് ലഭിക്കുന്നത്. എന്നാൽ, ഈ അളവ് 12.5 ടിഎംസി ആയി ഉയർത്തണമെന്നത് പാലക്കാട്ടെ കാർഷിക മേഖലയുടെ ദീർഘകാലമായുള്ള ആവശ്യമാണ്.
മുൻ ജലസേചന വകുപ്പ് മന്ത്രി കെ. കൃഷ്ണൻകുട്ടിയുടെ കാലത്ത് ഉന്നതതല ചർച്ചകൾ ആരംഭിച്ചുവെങ്കിലും പിന്നീട് കാര്യമായ തുടർനടപടികൾ ഉണ്ടായിട്ടില്ല.
അണക്കെട്ടുകൾ കേരളത്തിലെ മുതലമട പഞ്ചായത്തിലാണ് സ്ഥിതി ചെയ്യുന്നതെങ്കിലും, അവയുടെ നിയന്ത്രണവും അറ്റകുറ്റപ്പണികളും തമിഴ്നാടിന്റെ അധീനതയിലാണെന്നത് കരാറിലെ വലിയൊരു പോരായ്മയായി ചൂണ്ടിക്കാണിക്കപ്പെടുന്നു.
അണക്കെട്ടിന്റെ നിയന്ത്രണം കേരളം ഏറ്റെടുക്കണമെന്ന ആവശ്യം ശക്തമാണ്. മുല്ലപ്പെരിയാർ, ശിരുവാണി കരാറുകളുടെ മാതൃകയിൽ പറമ്പിക്കുളം – ആളിയാർ കരാറിലും കൃത്യമായ ഒരു ‘ടൈം ഷെഡ്യൂൾ’ നിശ്ചയിച്ച് ചർച്ചകൾ പുനരാരംഭിക്കേണ്ടത് സംസ്ഥാനത്തിന്റെ അടിയന്തര ആവശ്യമാണെന്ന് വിദഗ്ധർ മുന്നറിയിപ്പ് നൽകുന്നു.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

