കോട്ടയം ജില്ലയിലെ വിവിധ പ്രളയബാധിത പ്രദേശങ്ങളിൽ കേരള വ്യാപാരി വ്യവസായി ഏകോപന സമിതി സംസ്ഥാന നേതാക്കൾ നേരിട്ടെത്തി നാശനഷ്ടങ്ങൾ വിലയിരുത്തി. വെള്ളപ്പൊക്കത്തിൽ കനത്ത തിരിച്ചടി നേരിട്ട
വ്യാപാര സ്ഥാപനങ്ങളിൽ സംഘം സന്ദർശനം നടത്തുകയും വ്യാപാരികൾക്ക് ആവശ്യമായ പിന്തുണയും സാമ്പത്തിക സഹായവും വാഗ്ദാനം ചെയ്യുകയും ചെയ്തു. ഈരാറ്റുപേട്ട, പാലാ പനയ്ക്കപാലം, പടിഞ്ഞാറ് മേഖലയിലെ ഇല്ലിക്കൽ, ചെങ്ങളം, തിരുവാർപ്പ് തുടങ്ങിയ സ്ഥലങ്ങളിലാണ് സംഘം പര്യടനം നടത്തിയത്.
സംസ്ഥാന നേതാക്കളായ കണ്ണൂർ ജില്ലാ പ്രസിഡന്റ് ദേവസ്യ മേച്ചേരി, തൃശൂർ ജില്ലാ പ്രസിഡന്റ് അബ്ദുൽ ഹമീദ്, കാസർകോട് ജില്ലാ പ്രസിഡന്റ് അബ്ദുൽ റഷീദ്, കോട്ടയം ജില്ലാ പ്രസിഡന്റ് എം.കെ.തോമസുകുട്ടി എന്നിവരുടെ നേതൃത്വത്തിലുള്ള സംഘത്തിൽ നിരവധി ജില്ലാ ഭാരവാഹികളും ഉൾപ്പെട്ടിരുന്നു. വരാനിരിക്കുന്ന ഓണവിപണി ലക്ഷ്യമിട്ട് പലിശയ്ക്ക് പണം കടം വാങ്ങി കോടിക്കണക്കിന് രൂപയുടെ സാധനസാമഗ്രികൾ സ്റ്റോക്ക് ചെയ്തിരുന്നതായും, എന്നാൽ അപ്രതീക്ഷിത വെള്ളപ്പൊക്കത്തിൽ ഇവയെല്ലാം പൂർണ്ണമായി നശിച്ചതായും ദേവസ്യ മേച്ചേരി ചൂണ്ടിക്കാട്ടി.
വലിയ തോതിലുള്ള നാശനഷ്ടങ്ങൾ നേരിട്ടിരിക്കുന്ന ഈ ചെറുകിട വ്യാപാരികളെ കരകയറ്റാൻ സർക്കാർ അടിയന്തരമായി സാമ്പത്തിക സഹായം നൽകണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

