സാങ്കേതിക അനുമതികളോ സുരക്ഷാ മുൻകരുതലുകളോ ഇല്ലാതെ പ്രവർത്തിക്കുന്ന അനധികൃത വാക്വം ലിഫ്റ്റുകളുടെ ഉപയോഗം തടയണമെന്ന് ആവശ്യപ്പെട്ട് കേരള എലിവേറ്റർ മാനുഫാക്ചറേഴ്സ് അസോസിയേഷൻ (കീമ) രംഗത്ത്. ഇത്തരം ലിഫ്റ്റുകളുടെ പ്രവർത്തനം അടിയന്തരമായി തടയണമെന്നാവശ്യപ്പെട്ട് കീമ സമർപ്പിച്ച ഹർജിയിലാണ് ഹൈക്കോടതിയുടെ സുപ്രധാന ഉത്തരവുണ്ടായത്.
ജസ്റ്റിസ് ബെച്ചു കുര്യൻ തോമസിന്റെ ബെഞ്ചാണ് ഈ വിധി പുറപ്പെടുവിച്ചിരിക്കുന്നത്. ലിഫ്റ്റുകളുടെ പ്രവർത്തനം കർശനമായി പരിശോധിച്ച് ആവശ്യമായ നടപടികൾ സ്വീകരിക്കാൻ 2024ൽ ഹൈക്കോടതി ഇലക്ട്രിക്കൽ ഇൻസ്പെക്ടറേറ്റിന് നിർദ്ദേശം നൽകിയിരുന്നു.
എന്നാൽ ഈ ഉത്തരവ് നടപ്പാക്കാൻ അധികൃതർ തയാറാകാത്തതിനെ തുടർന്നാണ് സംഘടന വീണ്ടും കോടതിയെ സമീപിച്ചതെന്ന് ഭാരവാഹികൾ വ്യക്തമാക്കി. സംസ്ഥാനത്തുടനീളമുള്ള 26 പ്രമുഖ ലിഫ്റ്റ്, എലിവേറ്റർ നിർമാതാക്കൾ ഉൾപ്പെടുന്ന കൂട്ടായ്മയാണ് കീമ.
ഹൈക്കോടതി വിധിയുടെ പശ്ചാത്തലത്തിൽ പൊതുജനങ്ങൾക്കിടയിൽ വ്യാപകമായ ബോധവൽക്കരണം ഉണ്ടാകേണ്ടതുണ്ടെന്ന് കൊച്ചിയിൽ നടത്തിയ വാർത്താസമ്മേളനത്തിൽ കീമ ഭാരവാഹികൾ വ്യക്തമാക്കി. രാജ്യത്ത് നിലവിലുള്ള സാങ്കേതിക നിയമങ്ങളുടെ യാതൊരുവിധ മാനദണ്ഡങ്ങളും പാലിക്കാതെയാണ് ഇത്തരം വാക്വം ലിഫ്റ്റുകൾ പ്രവർത്തിക്കുന്നതെന്ന് കീമ പ്രസിഡന്റ് നാരായണ മേനോൻ, സെക്രട്ടറി സി.ബി.ശ്രീകുമാർ എന്നിവർ ചൂണ്ടിക്കാട്ടി.
സാധാരണ ലിഫ്റ്റുകളിൽ ലഭ്യമാകുന്ന അടിയന്തര ഘട്ടങ്ങളെ നേരിടാനുള്ള സുരക്ഷാ സംവിധാനങ്ങൾ ഇവയിലില്ല. പിറ്റിന്റെ ആഴം, ഓവർഹൈഡ് ഉയരം, ലാൻഡിങ് തുടങ്ങിയ പ്രധാന ഘടകങ്ങളിലെല്ലാം സുരക്ഷാ മാനദണ്ഡങ്ങൾ ലംഘിക്കപ്പെടുന്നുണ്ട്.
ബ്യൂറോ ഓഫ് ഇന്ത്യൻ സ്റ്റാൻഡേർഡ്സിന്റെയോ (BIS) ഇലക്ട്രിക്കൽ ഇൻസ്പെക്ടറേറ്റിന്റെയോ യാതൊരുവിധ അംഗീകാരവുമില്ലാതെയാണ് ഇവയുടെ പ്രവർത്തനമെന്നും ഭാരവാഹികൾ കൂട്ടിച്ചേർത്തു. സാമൂഹിക മാധ്യമങ്ങളിലൂടെ ഉപയോക്താക്കളെ തെറ്റിദ്ധരിപ്പിച്ചാണ് ഈ അനധികൃത ഇടപാടുകൾ പ്രധാനമായും നടക്കുന്നത്.
സാങ്കേതിക തകരാറുകൾ മൂലം പലതവണ അപകടങ്ങൾ സംഭവിച്ചിട്ടുണ്ടെങ്കിലും നിയമപരമായ യാതൊരുവിധ പരിരക്ഷയും ലഭ്യമല്ലാത്തതിനാൽ ഇത്തരം സംഭവങ്ങൾ മൂടിവെയ്ക്കപ്പെടുകയാണ് പതിവ്. ചെന്നൈ കേന്ദ്രീകരിച്ച് പ്രവർത്തിക്കുന്ന ഒരു കമ്പനിയാണ് നിലവിൽ ഇതിന്റെ നിർമാണവും വിൽപനയും നടപ്പിലാക്കുന്നത്.
അനുമതികളില്ലെങ്കിലും കേരളത്തിലെ ചില മാളുകളിൽ ഇവരുടെ ലിഫ്റ്റുകൾ മാർക്കറ്റിംഗിന്റെ ഭാഗമായി ഡെമോ മോഡലുകളായി സ്ഥാപിക്കുകയും പ്രവർത്തിപ്പിക്കുകയും ചെയ്തത് ശ്രദ്ധയിൽപ്പെട്ടതിനെ തുടർന്ന് നിയമനടപടികളിലൂടെയാണ് തടഞ്ഞത്. എങ്കിലും സമൂഹ മാധ്യമങ്ങളിലൂടെയുള്ള പരസ്യങ്ങളും വിൽപ്പനയും ഇപ്പോഴും നിർബാധം തുടരുകയാണ്.
2024 ലെ കോടതി വിധിയുടെ അടിസ്ഥാനത്തിൽ സുരക്ഷാ മാനദണ്ഡങ്ങൾ പാലിക്കണമെന്ന പൊതുവായ നിർദ്ദേശം നൽകിയതല്ലാതെ, ഇത്തരം സ്ഥാപനങ്ങളുടെ പ്രവർത്തനങ്ങൾ നിരീക്ഷിക്കാനോ ശക്തമായ നടപടിയെടുക്കാനോ ഇലക്ട്രിക്കൽ ഇൻസ്പെക്ടറേറ്റ് ഇതുവരെ തയാറായിട്ടില്ല. കോടതി വിധികളെയും നിയമസംവിധാനങ്ങളെയും വെല്ലുവിളിച്ചുകൊണ്ട് കൊച്ചിയിൽ ഇവരുടെ ഓഫിസ് ഇപ്പോഴും പ്രവർത്തിക്കുന്നുണ്ടെന്നും കീമ ഭാരവാഹികൾ വ്യക്തമാക്കി.
രാജ്യത്തെ നിലവിലുള്ള നിയമങ്ങൾ പ്രകാരം ലിഫ്റ്റുകളിൽ യാത്ര ചെയ്യുന്ന ഓരോ വ്യക്തിക്കും കൃത്യമായ ഇൻഷുറൻസ് പരിരക്ഷ ഉറപ്പാക്കേണ്ടതുണ്ട്. ഒന്നര മീറ്ററിലേറെ ഉയരത്തിലേക്ക് ആളുകളെ വഹിച്ചു കൊണ്ടുപോകുന്ന ഏത് ഉപകരണത്തിനും സർക്കാറിന്റെ ലൈസൻസ് നിർബന്ധമാണ്.
എന്നാൽ യാതൊരുവിധ അനുമതികളുമില്ലാത്തതിനാൽ വാക്വം ലിഫ്റ്റുകൾക്ക് ഇൻഷുറൻസ് പരിരക്ഷ സാധാരണയായി ലഭിക്കാറില്ല. അതുകൊണ്ടുതന്നെ ഇത്തരം അനധികൃത സംവിധാനങ്ങൾ മൂലമുണ്ടാകുന്ന അപകടങ്ങൾക്ക് യാതൊരുവിധ നഷ്ടപരിഹാരമോ നിയമപരിരക്ഷയോ ലഭിക്കുകയുമില്ല.
പൊതുജനങ്ങളുടെ ജീവന് പോലും വലിയ ഭീഷണിയായി മാറിയിരിക്കുന്ന ഇത്തരം അനധികൃത വാക്വം ലിഫ്റ്റുകളുടെ പ്രവർത്തനം പൂർണ്ണമായി നിർത്തലാക്കാൻ ഇലക്ട്രിക്കൽ ഇൻസ്പെക്ടറേറ്റ് അടിയന്തരമായി കർശന നടപടികൾ സ്വീകരിക്കണമെന്ന് കീമ ഭാരവാഹികൾ ആവശ്യപ്പെട്ടു. വാർത്താസമ്മേളനത്തിൽ കീമ പ്രസിഡന്റ് നാരായണ മേനോൻ (സ്മാർടെക് എലിവേറ്റേഴ്സ്), സെക്രട്ടറി സി.ബി.ശ്രീകുമാർ (കാഡിലാക് ലിഫ്റ്റ്സ് ആൻഡ് എസ്കലേറ്റേഴ്സ്), ട്രഷറർ എൻ.എം.ഷംസുദ്ദീൻ (മെട്രോ ലിഫ്റ്റ്സ്), എക്സിക്യൂട്ടീവ് കമ്മിറ്റി അംഗം ആർ.
രജീഷ് രാജ് (ഇൻഫ്രാ എലിവേറ്റേഴ്സ്) എന്നിവരും പങ്കെടുത്തു.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

