ദേശീയപാതയിൽ ആമ്പല്ലൂരിൽ നിർമിക്കുന്ന അടിപ്പാതയുടെ അശാസ്ത്രീയത പ്രദേശത്ത് രൂക്ഷമായ വെള്ളക്കെട്ടിന് കാരണമാകുമെന്ന് ആശങ്ക ഉയരുന്നു. കേളിത്തോട് മുതൽ മണലിപ്പുഴ വരെയുള്ള ഭാഗത്ത് ആവശ്യമായ ഡ്രെയ്നേജ് സംവിധാനങ്ങൾ ഒരുക്കാത്തതാണ് പ്രതിസന്ധിക്ക് വഴിവെച്ചിരിക്കുന്നത്.
നെന്മണിക്കര പഞ്ചായത്ത് അധികൃതർ നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ ദേശീയപാത അതോറിറ്റി ഉദ്യോഗസ്ഥർ സ്ഥലത്തെത്തി പരിശോധന നടത്തി. ദേശീയപാതയിലെ അടിപ്പാതകൾക്ക് സമീപത്തുനിന്ന് പടിഞ്ഞാറ് ദിശയിലേക്ക് ഒഴുകുന്ന മഴവെള്ളം നേരിട്ട് എത്തുന്നത് നെന്മണിക്കര ഭാഗത്തേക്കാണ്.
ഈ വെള്ളം സുഗമമായി ഒഴുക്കിക്കളയാൻ ശാസ്ത്രീയമായ ക്രമീകരണങ്ങൾ നിലവിലില്ല. ഇതിനെത്തുടർന്ന് പഞ്ചായത്തിലെ മൂന്ന് പ്രധാന റോഡുകളുടെ പ്രവേശന കവാടങ്ങളിൽ വെള്ളക്കെട്ടും ചെളിയും രൂപപ്പെടാൻ സാധ്യതയേറെയാണ്.
നിലവിലെ അവസ്ഥ തുടർന്നാൽ അഞ്ഞൂറിലധികം വീടുകൾ, ആരാധനാലയങ്ങൾ, വിദ്യാഭ്യാസ സ്ഥാപനങ്ങൾ എന്നിവയിലേക്കുള്ള ഗതാഗതം തടസ്സപ്പെടുകയോ അപകടകരമായ സാഹചര്യത്തിലേക്ക് നീങ്ങുകയോ ചെയ്യും. മഴക്കാലം ആരംഭിക്കുന്നതിന് മുൻപായി അടിയന്തര പരിഹാര നടപടികൾ സ്വീകരിക്കണമെന്ന് പഞ്ചായത്ത് കമ്മിറ്റി ആവശ്യപ്പെട്ടു.
ദേശീയപാത മറികടന്ന് വെള്ളം പുഴയിലേക്ക് ഒഴുക്കിവിടുന്നതിനായി ശാസ്ത്രീയമായ സംവിധാനം നിർമിക്കണമെന്നാണ് ഇവരുടെ പ്രധാന ആവശ്യം. ഉദ്യോഗസ്ഥരുടെ സന്ദർശനവേളയിൽ പഞ്ചായത്ത് പ്രസിഡന്റ് വി.ടി.വിജയലക്ഷ്മി, വൈസ് പ്രസിഡന്റ് കെ.എ.സുരേഷ്, അംഗം വി.ആർ.സുരേഷ് എന്നിവർ സന്നിഹിതരായിരുന്നു.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

