പറമ്പിക്കുളം-ആളിയാർ നദീജല കരാർ എന്നത് കേവലം ചിറ്റൂരിന്റെ മാത്രം വിഷയമല്ല, മറിച്ച് പാലക്കാട്, തൃശൂർ, മലപ്പുറം ജില്ലകളിലൂടെ ഒഴുകുന്ന ഭാരതപ്പുഴയുടെ നിലനിൽപ്പിനെത്തന്നെ ബാധിക്കുന്ന ഗൗരവകരമായ ഒരു വിഷയമാണ്. ആളിയാർ ഡാമിൽ നിന്ന് മൂലത്തറ വഴി ചിറ്റൂർ പുഴയിലെത്തുന്ന ജലം, പിന്നീട് പറളിയിൽ വെച്ച് ഭാരതപ്പുഴയായി മാറുന്നു.
പാലക്കാടൻ കാർഷിക മേഖലയുടെ നട്ടെല്ലായ ഈ ജലസ്രോതസ്സ് സംരക്ഷിക്കപ്പെടേണ്ടത് അത്യന്താപേക്ഷിതമാണ്. പറമ്പിക്കുളം, പെരുവാരിപ്പള്ളം, തൂണക്കടവ് ഡാമുകൾ ഉൾപ്പെട്ട
പറമ്പിക്കുളം സിസ്റ്റവും ആളിയാർ ഡാമും കേന്ദ്രീകരിച്ചാണ് ഈ കരാർ നിലനിൽക്കുന്നത്. ഇതുകൂടാതെ കേരള ഷോളയാർ, തമിഴ്നാട് ഷോളയാർ അണക്കെട്ടുകൾ, കോണ്ടൂർ കനാൽ, ആളിയാർ കനാൽ, ലോവർ-അപ്പർ നീരാർ പദ്ധതികളും ഇതിന്റെ ഭാഗമാണ്.
1958 നവംബർ ഒന്നു മുതൽ പ്രാബല്യത്തോടെ 1970 മേയ് 29നാണ് ഇരുസംസ്ഥാനങ്ങളും തമ്മിലുള്ള ഈ കരാർ ഒപ്പുവെച്ചത്. 30 വർഷം കൂടുമ്പോൾ കരാർ വ്യവസ്ഥകൾ പുനരവലോകനം ചെയ്യണമെന്ന നിബന്ധനയുണ്ടെങ്കിലും, കാലാകാലങ്ങളായി അത് പാലിക്കപ്പെട്ടിട്ടില്ല.
പ്രതിവർഷം ആളിയാറിൽ നിന്ന് കേരളത്തിന് ലഭിക്കേണ്ടത് 7.25 ടിഎംസി ജലമാണ്. എന്നാൽ, കാർഷികാവശ്യങ്ങൾക്കും കുടിവെള്ളത്തിനുമായി കുറഞ്ഞത് 12.5 ടിഎംസി ജലമെങ്കിലും ലഭിക്കേണ്ടതുണ്ട്.
കരാർ ലംഘനങ്ങൾക്കെതിരെ ഫലപ്രദമായി പ്രതികരിക്കാൻ കേരളത്തിന് പലപ്പോഴും സാധിക്കാറില്ല. മുൻ മന്ത്രി കെ.കൃഷ്ണൻകുട്ടി ജലസേചന വകുപ്പിന്റെ ചുമതല വഹിച്ചിരുന്ന കാലയളവിൽ ഉന്നതതലങ്ങളിൽ കാര്യക്ഷമമായ ചർച്ചകൾക്ക് തുടക്കമിട്ടിരുന്നു.
എന്നാൽ, അതിനുശേഷമുള്ള ഘട്ടങ്ങളിൽ ഈ വിഷയത്തിൽ ജലസേചന വകുപ്പിന്റെ ഭാഗത്തുനിന്നുണ്ടായ ഇടപെടലുകൾ മന്ദഗതിയിലായി. മുതലമട
പഞ്ചായത്തിൽ സ്ഥിതി ചെയ്യുന്ന പറമ്പിക്കുളം ഡാമുകളുടെ നിയന്ത്രണവും പരിപാലനവും കരാർ പ്രകാരം തമിഴ്നാടിനാണെന്നത് ഒരു പ്രധാന തടസ്സമാണ്. ഇത് കേരളം ഏറ്റെടുക്കണമെന്ന ആവശ്യം ശക്തമാണ്.
കരാർ പുനരവലോകനം ചെയ്യുന്നതിനായി വ്യക്തമായ ‘ടൈം ഷെഡ്യൂൾ’ നിശ്ചയിച്ച് ചർച്ചകൾ മുന്നോട്ട് കൊണ്ടുപോകേണ്ടത് സംസ്ഥാന സർക്കാരിന്റെ അടിയന്തര ഉത്തരവാദിത്തമാണ്.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

