മലയാള സിനിമയിൽ ചുരുങ്ങിയ കാലംകൊണ്ട് ശ്രദ്ധേയമായ വേഷങ്ങളിലൂടെ പ്രേക്ഷകരുടെ പ്രിയങ്കരിയായി മാറിയ നടിയാണ് ആർഷ ബൈജു. ‘ആവറേജ് അമ്പിളി’ എന്ന വെബ് സീരീസിലൂടെ കടന്നുവന്ന്, അഭിനവ് സുന്ദർ നായക് സംവിധാനം ചെയ്ത ‘മുകുന്ദൻ ഉണ്ണി അസോസിയേറ്റ്സ്’ എന്ന ചിത്രത്തിലൂടെയാണ് താരം ചലച്ചിത്രരംഗത്ത് സജീവമാകുന്നത്.
തുടർന്ന് ‘രാമചന്ദ്ര ബോസ് ആന്റ് കോ’, ‘തുടരും’ തുടങ്ങിയ ചിത്രങ്ങളിലെ പ്രകടനവും ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു. ആദിത്യൻ ചന്ദ്രശേഖർ സംവിധാനം ചെയ്ത ‘പ്ലൂട്ടോ’ ആണ് ആർഷയുടെ ഏറ്റവും ഒടുവിൽ തിയേറ്ററുകളിൽ എത്തിയ ചിത്രം.
കഴിഞ്ഞ ജൂലൈ 30 ന് റിലീസ് ചെയ്ത ഈ സിനിമയ്ക്ക് മികച്ച പ്രതികരണമാണ് ലഭിച്ചുകൊണ്ടിരിക്കുന്നത്. അൽത്താഫ് സലിം, നീരജ് മാധവ് എന്നിവരാണ് ചിത്രത്തിലെ മറ്റ് പ്രധാന അഭിനേതാക്കൾ.
ഇതിനിടയിൽ, മോഹൻലാൽ – തരുൺ മൂർത്തി കൂട്ടുകെട്ടിൽ ഒരുങ്ങിയ ‘തുടരും’ എന്ന സിനിമയിലേക്ക് താൻ എത്തിപ്പെട്ട വഴികളെക്കുറിച്ചും അനുഭവിച്ച വിശേഷങ്ങളെക്കുറിച്ചും നടി തുറന്നുപറഞ്ഞ കാര്യങ്ങളാണ് ഇപ്പോൾ ശ്രദ്ധ നേടുന്നത്.
തനിക്ക് സിനിമകളിൽ നിന്നും നിരവധി അവസരങ്ങൾ ലഭിക്കാറുണ്ടെങ്കിലും കഥാപാത്രങ്ങളുടെ കാര്യത്തിൽ താൻ വളരെ സെലക്ടീവ് ആണെന്നാണ് ആർഷ വ്യക്തമാക്കുന്നത്. എന്നാൽ, ഒരു നിമിഷം പോലും ആലോചിക്കാതെ താൻ സമ്മതം മൂളിയ ചിത്രമാണ് ‘തുടരും’ എന്ന് താരം പറയുന്നു.
ഇതുവരെ വളരെ കുറഞ്ഞ സിനിമകളിൽ മാത്രമാണ് അഭിനയിച്ചിട്ടുള്ളതെന്ന് വ്യക്തമാക്കുന്ന ആർഷ ബൈജുവിന്റെ വാക്കുകൾ ഇങ്ങനെ: “ആകെ കുറച്ച് സിനിമകൾ മാത്രമാണ് ഞാൻ ഇതുവരെ ചെയ്തിട്ടുള്ളത്. സിനിമകൾ കമ്മിറ്റ് ചെയ്യാൻ ഞാൻ കുറച്ച് സമയം എടുക്കാറുണ്ട്.
ഓഫറുകൾ വരാറുണ്ടെങ്കിലും ഞാൻ വളരെ സെലക്ടീവാണ്. അതുകൊണ്ടാണ് ഞാൻ ചെയ്യുന്ന സിനിമകൾക്കിടയിൽ ഗ്യാപ്പ് വരുന്നത്.
ആരെങ്കിലും ഒരു സിനിമയുമായി സമീപിച്ചാൽ ആലോചിച്ച് മാത്രമാണ് ഞാൻ തീരുമാനം പറയാറുള്ളത്. അങ്ങനെ ആലോചിക്കാതെ ഉടൻ തന്നെ ‘യെസ്’ പറഞ്ഞ സിനിമയാണ് ‘തുടരും.
ആ സിനിമ വളരെ പെട്ടെന്ന് തുടങ്ങുമെന്ന് എന്നോട് പറഞ്ഞിരുന്നു. എനിക്ക് ആ കഥാപാത്രം നന്നായി ചെയ്യാൻ കഴിയണമെന്ന ആഗ്രഹം മാത്രമേ ഉണ്ടായിരുന്നുള്ളു.
ആകെ കുറച്ച് സീനുകൾ മാത്രമായിരുന്നു ഉണ്ടായിരുന്നത്.” “അതുകൊണ്ട് യാതൊരു പ്രശ്നങ്ങളുമില്ലാതെ അത് നന്നായി ചെയ്യണമെന്നാണ് ഞാൻ ആഗ്രഹിച്ചത്. അതോടൊപ്പം വലിയ ആകാംക്ഷയും ഉണ്ടായിരുന്നു.
സ്വാഭാവികമായും ലാലേട്ടനെയും ശോഭന മാമിനെയും കാണാനും അവരോട് സംസാരിക്കാനും ആഗ്രഹമുണ്ടായിരുന്നു. അതിലുപരി അവരുടെ കൂടെയുള്ള ഒരു സിനിമയുടെ ഭാഗമാകുക എന്നതായിരുന്നു എനിക്ക് ഏറ്റവും വലിയ സന്തോഷം.
സെറ്റിൽ ഇരുവരും വളരെ റിലാക്സ്ഡ് ആയിരുന്നു. അതുകൊണ്ട് അവരുടെ കൂടെ അഭിനയിക്കുമ്പോൾ എനിക്ക് ടെൻഷനേക്കാൾ കൂടുതൽ ആകാച്ചാംക്ഷയാണ് തോന്നിയത്.” ആർഷ ബൈജു കൂട്ടിച്ചേർത്തു.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

