പത്തനംതിട്ട ജില്ലയിലെ വിവിധ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾ സ്ത്രീകളുടെ ആരോഗ്യവും ശുചിത്വവും മുൻനിർത്തി ആവിഷ്കരിച്ച മെൻസ്ട്രൽ കപ്പ് വിതരണ പദ്ധതി ലക്ഷ്യം കാണാതെ പാളുന്നു.
നൂറു ശതമാനം സബ്സിഡി നിരക്കിൽ സ്ത്രീകൾക്ക് മെൻസ്ട്രൽ കപ്പുകൾ ലഭ്യമാക്കുക എന്ന ലക്ഷ്യത്തോടെ വൻ തുക ചെലവഴിച്ചു വാങ്ങിയ സാധനങ്ങൾ ഗുണഭോക്താക്കളിൽ എത്തുന്നതിന് മുൻപേ കാലാവധി കഴിഞ്ഞ് നശിക്കുന്ന അവസ്ഥയാണുള്ളത്. പഞ്ചായത്തുകൾ, കുടുംബശ്രീ, ഗ്രാമസഭകൾ എന്നിവയുടെ നേതൃത്വത്തിൽ തയ്യാറാക്കിയ ഗുണഭോക്താക്കളുടെ പട്ടിക പ്രകാരമാണ് കപ്പുകൾ അതത് ആരോഗ്യ കേന്ദ്രങ്ങളിലേക്ക് എത്തിച്ചത്.
കപ്പുകളുടെ ഉപയോഗരീതിയെക്കുറിച്ച് കൃത്യമായ ബോധവൽക്കരണ ക്ലാസുകൾ സംഘടിപ്പിച്ചതിന് ശേഷം മാത്രമേ വിതരണം നടത്താവൂ എന്ന് കർശന നിർദ്ദേശമുണ്ടായിരുന്നു. എന്നാൽ, മിക്കയിടങ്ങളിലും ഈ ബോധവൽക്കരണ പരിപാടികൾ നടപ്പിലാക്കാത്തത് പദ്ധതിയുടെ പരാജയത്തിന് കാരണമായി.
ഓഡിറ്റ് റിപ്പോർട്ടുകൾ പ്രകാരം, പല പഞ്ചായത്തുകളിലും കപ്പുകൾ കെട്ടിക്കിടക്കുകയാണ്. നാരങ്ങാനം പഞ്ചായത്തിൽ വികസനഫണ്ടിൽ നിന്ന് 3.44 ലക്ഷം രൂപ മുടക്കി 1150 മെൻസ്ട്രൽ കപ്പുകൾ വാങ്ങിയെങ്കിലും വിതരണം ചെയ്തത് 205 എണ്ണം മാത്രമാണ്.
ബാക്കി 945 എണ്ണം സബ് സെന്ററുകളിൽ ഉപേക്ഷിക്കപ്പെട്ട നിലയിലാണ്.
പന്തളം തെക്കേക്കര പഞ്ചായത്താകട്ടെ ഒരു ലക്ഷം രൂപ ചെലവിട്ട് വാങ്ങിയ 333 കപ്പുകളിൽ ഒരെണ്ണം പോലും വിതരണം ചെയ്തിട്ടില്ല. ഗുണഭോക്താക്കളുടെ എണ്ണം മുൻകൂട്ടി കൃത്യമായി കണക്കാക്കാതെയുള്ള പർച്ചേസാണ് ഇവിടെ വിനയായത്.
കോന്നി, കടപ്ര, കുറ്റൂർ തുടങ്ങിയ പഞ്ചായത്തുകളിലും സമാനമായ വീഴ്ചകൾ പ്രകടമാണ്. കടപ്രയിൽ 985 കപ്പുകൾ വാങ്ങിയതിൽ 80 പേരെ പട്ടികയിൽ ഉൾപ്പെടുത്തിയെങ്കിലും 23 പേർക്ക് മാത്രമാണ് കപ്പുകൾ നൽകാനായത്.
കുറ്റൂരിലാകട്ടെ വാങ്ങിയ 1423 കപ്പുകളിൽ 571 എണ്ണം ഇപ്പോഴും വിതരണം ചെയ്യാനുണ്ട്. സാനിറ്ററി പാഡുകളെ അപേക്ഷിച്ച് സുരക്ഷിതവും പരിസ്ഥിതി സൗഹൃദവുമാണ് മെൻസ്ട്രൽ കപ്പുകൾ.
ദീർഘകാലം ഉപയോഗിക്കാവുന്നതും സാമ്പത്തിക ലാഭമുണ്ടാക്കുന്നതുമായ ഈ ഉൽപ്പന്നം ജനങ്ങളിലെത്തിക്കാൻ അധികൃതർക്ക് കഴിഞ്ഞിട്ടില്ല. ആശാ വർക്കർമാരുടെയും കുടുംബശ്രീ യൂണിറ്റുകളുടെയും സഹകരണത്തോടെ അടിയന്തരമായി ബോധവൽക്കരണ പരിപാടികൾ സംഘടിപ്പിച്ചാൽ മാത്രമേ ഈ പദ്ധതി കൊണ്ട് പ്രയോജനമുണ്ടാകൂ എന്ന് ആരോഗ്യ പ്രവർത്തകർ വിലയിരുത്തുന്നു.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

