കേരളത്തിൽ മുൻകൂട്ടി ജാഗ്രതാ നിർദേശം നൽകാൻ കഴിയാത്തവിധം പ്രളയസമാനമായ സാഹചര്യങ്ങൾ പതിവാകുന്നുവെന്ന് റിപ്പോർട്ട്. സാധാരണഗതിയിൽ ഒന്നോ രണ്ടോ മണിക്കൂറിനിടെ അഞ്ചു മുതൽ എട്ടു സെന്റിമീറ്റർ വരെ മഴ ലഭിക്കുന്ന സ്ഥാനത്ത്, സമീപകാലത്തായി സ്ഥിതിഗതികൾ മാറിമറിഞ്ഞ് അതിതീവ്ര മഴയായി മാറുന്ന പ്രവണതയാണ് കണ്ടുവരുന്നത്.
കാലാവസ്ഥാ വകുപ്പ് ഗ്രീൻ അല്ലെങ്കിൽ യെലോ അലർട്ട് പ്രഖ്യാപിച്ചിട്ടുള്ള പ്രദേശങ്ങളിൽ പോലും കനത്ത പേമാരിയാണ് ആവർത്തിക്കുന്നത്. ഇത്തരത്തിലുള്ള അപ്രതീക്ഷിത പ്രളയമഴയ്ക്ക് കാരണം പ്രാദേശികതലത്തിലുള്ള ലഘുമേഘസ്ഫോടനങ്ങളാണെന്നാണ് വിദഗ്ധർ വിലയിരുത്തുന്നത്.
ആധുനിക ഉപഗ്രഹങ്ങൾക്കോ ഡോപ്ലർ റഡാറുകൾക്കോ മുൻകൂട്ടി കണ്ടെത്താനാവാത്ത വിധം ചെറിയ വിസ്തൃതിയിലാണ് കനംകൂടിയ മേഘങ്ങൾ പെട്ടെന്നു രൂപംകൊള്ളുന്നത്. സാങ്കേതികമായ അർത്ഥത്തിൽ മേഘസ്ഫോടനം എന്ന വിഭാഗത്തിൽ പെടില്ലെങ്കിലും, സമാനമായ രീതിയിൽ പെട്ടെന്നുള്ള വെള്ളപ്പൊക്കത്തിനും ഉരുൾപൊട്ടലിനും കാരണമാകുന്നതാണ് ഈ പ്രതിഭാസം.
കാലാവസ്ഥാ മുന്നറിയിപ്പുകളിൽ വന്ന പിഴവുകളെ തുടർന്ന് അധികൃതർക്ക് ജാഗ്രതാ നിർദേശം തിരുത്തേണ്ടി വന്നിട്ടുണ്ട്. യെലോ അലർട്ട് നൽകിയിരുന്ന പാലക്കാട്, തൃശൂർ, മലപ്പുറം തുടങ്ങിയ ജില്ലകളിൽ റെഡ് അലർട്ടിന് സമാനമായ രീതിയിൽ കനത്ത മഴയാണ് രേഖപ്പെടുത്തിയത്.
തുടർന്നാണ് കഴിഞ്ഞ ദിവസം രാവിലെ ജാഗ്രതാ നിർദേശം പരിഷ്കരിച്ച് നൽകിയത്. ഇരുപത് സെന്റിമീറ്റർ മഴ പ്രതീക്ഷിച്ച സ്ഥാനത്ത് പലയിടത്തും മുപ്പത് സെന്റിമീറ്റർ വരെ മഴയാണ് പെയ്തത്.
ശക്തമായ മൺസൂണിന്റെ ലക്ഷണങ്ങൾ ദൃശ്യമാണെങ്കിലും എൽനിനോ ഉൾപ്പെടെയുള്ള ഘടകങ്ങളുടെ സ്വാധീനം കാരണം മഴ അധികനാൾ നീണ്ടുനിൽക്കാൻ ഇടയില്ലെന്ന് തിരുവനന്തപുരം കേന്ദ്ര കാലാവസ്ഥാ നിരീക്ഷണകേന്ദ്രം ഡയറക്ടർ നീത കെ.ഗോപാൽ വ്യക്തമാക്കി. “24 മണിക്കൂറിൽ 20 സെന്റിമീറ്റർ മഴ രേഖപ്പെടുത്തുന്ന സ്ഥിതിക്കു പകരം ഒന്നോ രണ്ടോ മണിക്കൂറിനുള്ളിൽ അതിതീവ്രമായി പെയ്യുന്നതാണു കേരളത്തിൽ കാണുന്നത്.
ഇത്തരം ലഘുമേഘവിസ്ഫോടനങ്ങൾ 2019 ഓഗസ്റ്റ് മുതലാണു പ്രകടമായത്. ബംഗാൾ ഉൾക്കടലിലെ ന്യൂനമർദവും അതിന്റെ ഭാഗമായി പടിഞ്ഞാറൻകാറ്റ് ശക്തിപ്പെട്ട് അറബിക്കടലിൽനിന്നു വലിയ തോതിൽ ഈർപ്പം കരയിലേക്കു കയറുന്നതുമാണ് അതിതീവ്ര മഴയ്ക്ക് പെട്ടെന്നുള്ള കാരണം.
പശ്ചിമഘട്ട പ്രദേശങ്ങളുടെ ദുർബലാവസ്ഥ, ഭൂവിനിയോഗത്തിൽ വന്ന മാറ്റങ്ങൾ, സങ്കീർണവും കുത്തനെയുമുള്ള മലഞ്ചെരിവുകളിൽ മാനദണ്ഡങ്ങൾ പാലിക്കാതെയുള്ള നിർമാണങ്ങൾ എന്നിവയും കാരണം” – ഡോ.
പി.വിജയകുമാർ, പരിസ്ഥിതിശാസ്ത്ര വിഭാഗം, കേരള സർവകലാശാല
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

