ചാലക്കുടിപ്പുഴയിൽ ജലനിരപ്പ് അപകടനില കവിയാൻ സാധ്യതയുള്ള പശ്ചാത്തലത്തിൽ, നദീതീരങ്ങളിലും താഴ്ന്ന പ്രദേശങ്ങളിലും കഴിയുന്നവരെ അടിയന്തരമായി മാറ്റിപ്പാർപ്പിക്കാൻ ജില്ലാ ദുരന്തനിവാരണ അതോറിറ്റി ചെയർപേഴ്സണും ജില്ലാ കളക്ടറുമായ ശിഖ സുരേന്ദ്രൻ ഉത്തരവിട്ടു. നിലവിൽ പുഴയിലെ ജലനിരപ്പ് 6 മീറ്റർ കടന്ന സാഹചര്യത്തിലും, പ്രദേശത്ത് മഴ ശക്തമായി തുടരുന്നതിനാലും, പെരിങ്ങൽക്കുത്ത് ഡാമിൽ നിന്ന് കൂടുതൽ ജലം ഒഴുക്കിവിടുന്നതിനാലും രാത്രിയോടെ വെള്ളം ഉയരാൻ സാധ്യതയുണ്ടെന്ന വിലയിരുത്തലിന്റെ അടിസ്ഥാനത്തിലാണ് ഈ നടപടി.
2005-ലെ ദുരന്തനിവാരണ നിയമത്തിലെ സെക്ഷൻ 30, 34 പ്രകാരമാണ് അടിയന്തര ഉത്തരവുകൾ പുറപ്പെടുവിച്ചിട്ടുള്ളത്. വെള്ളം കയറാൻ സാധ്യതയുള്ള മേഖലകളിലുള്ള മുഴുവൻ ജനങ്ങളും സുരക്ഷിത കേന്ദ്രങ്ങളിലേക്കോ ദുരിതാശ്വാസ ക്യാമ്പുകളിലേക്കോ ബന്ധുക്കളുടെ വീടുകളിലേക്കോ ഉടൻ തന്നെ മാറിത്താമസിക്കേണ്ടതാണ്.
ഈ ഒഴിപ്പിക്കൽ നടപടികൾ ഏകോപിപ്പിക്കുന്നതിന്റെ ചുമതല തഹസീൽദാർമാർക്കും വില്ലേജ് ഓഫീസർമാർക്കും നൽകിയിട്ടുണ്ട്. തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ നേതൃത്വത്തിൽ ഉടൻ തന്നെ ദുരിതാശ്വാസ ക്യാമ്പുകൾ പ്രവർത്തനക്ഷമമാക്കാനും, അവിടെ കുടിവെള്ളം, ഭക്ഷണം, വെളിച്ചം, ശുചിമുറി സൗകര്യങ്ങൾ എന്നിവ ഉറപ്പുവരുത്താനും നിർദ്ദേശം നൽകിയിട്ടുണ്ട്.
അതത് വാർഡ് മെമ്പർമാരുടെ നേതൃത്വത്തിൽ പ്രദേശങ്ങളിൽ മൈക്ക് അനൗൺസ്മെന്റ് വഴി ജാഗ്രതാ നിർദ്ദേശങ്ങൾ നൽകേണ്ടതാണ്. കൂടാതെ, സാമൂഹിക മാധ്യമങ്ങൾ വഴിയും വിവരങ്ങൾ ജനങ്ങളിലേക്ക് വേഗത്തിൽ എത്തിക്കണം.
അടിയന്തര സാഹചര്യങ്ങളിൽ ആളുകളെ നിർബന്ധിതമായി മാറ്റിപ്പാർപ്പിക്കുന്നതിന് പൊലീസിന്റെയും ഫയർഫോഴ്സിന്റെയും സേവനം ലഭ്യമാക്കിയിട്ടുണ്ട്. വ്യാജവാർത്തകളുടെ പ്രചരണം തടയുന്നതിനായി പൊലീസിന്റെ സൈബർ സെല്ലിന് പ്രത്യേക ജാഗ്രതാ നിർദ്ദേശവും നൽകിയിട്ടുണ്ട്.
ജില്ലാ ഭരണകൂടത്തിന്റെ ഔദ്യോഗിക നിർദ്ദേശങ്ങൾ ജനങ്ങൾ പൂർണ്ണ ഗൗരവത്തോടെ കാണണമെന്നും പൂർണ്ണമായി സഹകരിക്കണമെന്നും ജില്ലാ കളക്ടർ അഭ്യർത്ഥിച്ചു.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

