പെരുമ്പിലാവ് (തൃശൂർ): ഇറക്കുമതി ലൈസൻസിന്റെ മറവിൽ നടക്കുന്ന വ്യാപകമായ ക്രമക്കേടുകൾ സംസ്ഥാനത്തെ അടയ്ക്ക വിപണിയെ കടുത്ത പ്രതിസന്ധിയിലാക്കുന്നു. റോസ്റ്റഡ് അടയ്ക്ക ഇറക്കുമതി ചെയ്യാൻ മാത്രമായി അനുവദിച്ചിട്ടുള്ള ലൈസൻസ് ദുരുപയോഗം ചെയ്ത്, നിരോധിത രീതിയിൽ സാധാരണ അടയ്ക്ക രാജ്യത്തേക്ക് എത്തിക്കുന്നുവെന്നാണ് ഉയരുന്ന പ്രധാന ആരോപണം.
ഇന്തൊനീഷ്യയിൽ നിന്ന് എത്തിക്കുന്ന അടയ്ക്ക പ്രാദേശിക വിപണിയിലെ വിലയെ ഗണ്യമായി ബാധിക്കുന്നുണ്ട്. കണ്ടെയ്നറുകളുടെ വാതിൽ ഭാഗത്ത് മാത്രം റോസ്റ്റ് ചെയ്ത അടയ്ക്കയുടെ ചാക്കുകൾ നിരത്തി, അതിനുള്ളിൽ സാധാരണ അടയ്ക്ക ഒളിപ്പിച്ചു കടത്തുന്ന രീതിയാണ് ഇപ്പോൾ വ്യാപകമായിട്ടുള്ളതെന്ന് ചെറുകിട
വ്യാപാരികൾ ചൂണ്ടിക്കാട്ടുന്നു. ഉദ്യോഗസ്ഥരെയും ക്ലിയറിങ് ഏജന്റുമാരെയും സ്വാധീനിച്ച് നടത്തുന്ന ഈ നീക്കം വിപണിയിൽ വലിയ പ്രത്യാഘാതങ്ങൾ സൃഷ്ടിക്കുന്നു.
കഴിഞ്ഞ വർഷം ഇതേ കാലയളവിൽ ക്വിന്റലിന് 48,000 രൂപ വരെ വിലയുണ്ടായിരുന്ന സ്ഥാനത്ത്, നിലവിൽ അത് 40,000 മുതൽ 42,000 രൂപ വരെയായി കൂപ്പുകുത്തിയിരിക്കുകയാണ്. ഈ അനധികൃത ഇറക്കുമതി തടഞ്ഞിരുന്നെങ്കിൽ നിലവിൽ പ്രാദേശിക അടയ്ക്കയ്ക്ക് ക്വിന്റലിന് 70,000 രൂപ വരെ ലഭിക്കുമായിരുന്നുവെന്ന് വ്യാപാരികൾ വ്യക്തമാക്കുന്നു.
വിദേശത്തുനിന്നുള്ള ഗുണനിലവാരമില്ലാത്ത അടയ്ക്കയുടെ കടന്നുകയറ്റം കേരളത്തിലെ ലക്ഷക്കണക്കിന് കമുക് കർഷകരെയാണ് സാമ്പത്തികമായി തളർത്തുന്നത്. ലൈസൻസ് ലഭിച്ചിട്ടുള്ള വൻകിട
വ്യാപാരികൾ നടത്തുന്ന ഈ അനധികൃത വ്യാപാരം നിയന്ത്രിക്കാൻ തുറമുഖങ്ങളിലും അതിർത്തികളിലും കർശനമായ പരിശോധനകൾ അനിവാര്യമാണെന്ന് കർഷകരും വ്യാപാരികളും ഒരേസ്വരത്തിൽ ആവശ്യപ്പെടുന്നു.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

