എറണാകുളം മലയിടംതുരുത്തിൽ സുപ്രീംകോടതി ഉത്തരവ് നടപ്പിലാക്കുന്നതിന്റെ ഭാഗമായി ദളിത് കുടുംബങ്ങളെ കുടിയൊഴിപ്പിക്കാൻ നടത്തിയ ശ്രമം സംഘർഷത്തിൽ കലാശിച്ചു. സംഭവത്തിൽ തടിയിട്ടപറമ്പ് പൊലീസ് കേസ് രജിസ്റ്റർ ചെയ്തു.
സിപിഎം നേതാക്കളും പ്രദേശവാസികളായ ദളിത് കുടുംബാംഗങ്ങളും ഉൾപ്പെടെ 50 പേർക്കെതിരെയാണ് എഫ്ഐആർ ചുമത്തിയിരിക്കുന്നത്. ഔദ്യോഗിക കൃത്യനിർവഹണം തടസ്സപ്പെടുത്തൽ, അന്യായമായി സംഘം ചേരൽ തുടങ്ങിയ വകുപ്പുകൾ പ്രകാരമാണ് നടപടി.
ഏഴ് പട്ടികജാതി കുടുംബങ്ങളെ ഒഴിപ്പിക്കാനായി അഡ്വ. ജയപാലൻ കമ്മീഷൻ സ്ഥലത്തെത്തിയിരുന്നു.
എന്നാൽ, നാട്ടുകാരുടെ നേതൃത്വത്തിൽ ഉയർന്ന ശക്തമായ പ്രതിഷേധത്തെ തുടർന്ന് നടപടികൾ തടസ്സപ്പെട്ടു. പ്രതിഷേധക്കാരെ നീക്കം ചെയ്യുന്നതിനിടെയുണ്ടായ പൊലീസ് ബലപ്രയോഗം സ്ഥിതിഗതികൾ കൂടുതൽ വഷളാക്കി.
സ്ത്രീകളും കുട്ടികളും ഉൾപ്പെടെയുള്ളവർ പ്രതിഷേധത്തിൽ പങ്കുചേർന്നിരുന്നു. വിഷയത്തിന്റെ ഗൗരവം പരിഗണിച്ച് ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തല ഇടപെട്ടതിനെത്തുടർന്ന്, ഒഴിപ്പിക്കൽ നടപടികൾ നിർത്തിവെക്കാനും പൊലീസ് പിന്മാറാനും തീരുമാനിക്കുകയായിരുന്നു.
ഭൂമിയുടെ ഉടമസ്ഥാവകാശത്തെ ചൊല്ലി കഴിഞ്ഞ അരനൂറ്റാണ്ടായി തുടരുന്ന തർക്കത്തിൽ പതിനഞ്ചാം തവണയാണ് കോടതി ഉത്തരവ് നടപ്പാക്കാൻ അധികൃതർ ശ്രമിക്കുന്നത്. മുൻപും സമാനമായ രീതിയിൽ നാട്ടുകാരുടെ ശക്തമായ പ്രതിഷേധം മൂലം നടപടികൾ പരാജയപ്പെട്ടിരുന്നു.
അതേസമയം, മലയിടംതുരുത്തിലെ പൊലീസ് നടപടിക്കെതിരെ പ്രതിഷേധം ശക്തമാക്കാൻ സിപിഎം തീരുമാനിച്ചു. സംസ്ഥാന സെക്രട്ടേറിയറ്റ് അംഗം പി രാജീവ് ഉൾപ്പെടെയുള്ള നേതാക്കൾ പങ്കെടുക്കുന്ന പ്രതിഷേധ പരിപാടി ഇന്ന് പ്രദേശത്ത് നടക്കും.
വിഷയത്തിൽ ബലപ്രയോഗം പാടില്ലെന്ന കർശന നിർദേശം നിലനിൽക്കെത്തന്നെ പൊലീസ് നടപടി സ്വീകരിച്ചത് സംബന്ധിച്ച് ആലുവ റൂറൽ എസ്പി ഇന്ന് എറണാകുളം റേഞ്ച് ഐജിക്ക് വിശദമായ റിപ്പോർട്ട് സമർപ്പിക്കും.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

