വിഴിഞ്ഞം രാജ്യാന്തര തുറമുഖം ഇനി കേവലം ട്രാൻസ്ഷിപ്മെന്റ് ഹബ്ബ് മാത്രമായി ഒതുങ്ങില്ല. തുറമുഖത്തിന് പൂർണതോതിലുള്ള കയറ്റുമതി– ഇറക്കുമതി (എക്സിം) പ്രവർത്തനങ്ങൾ ആരംഭിക്കാൻ അനുമതി ലഭിച്ചതോടെ കേരളത്തിന്റെ വ്യവസായ ഭൂപടത്തിൽ വിഴിഞ്ഞം നിർണായക വഴിത്തിരിവിലെത്തുകയാണ്.
ഓഗസ്റ്റ് 18 മുതൽ തുറമുഖത്ത് നേരിട്ടുള്ള എക്സിം പ്രവർത്തനങ്ങൾ ഔദ്യോഗികമായി ആരംഭിക്കും. ഇതോടെ ഇന്ത്യയിലേക്കുള്ള കണ്ടെയ്നറുകൾ ഇറക്കുമതി ചെയ്യാനും, ഇവിടെനിന്നുതന്നെ നേരിട്ട് സാധനങ്ങൾ വിദേശത്തേക്ക് കയറ്റി അയക്കാനും സാധിക്കും.
മുൻകാലങ്ങളിൽ മറ്റ് തുറമുഖങ്ങളെ ആശ്രയിച്ച് റോഡ്, റെയിൽ മാർഗങ്ങളിലൂടെ ചരക്കുകൾ എത്തിക്കേണ്ടി വന്ന സാഹചര്യം ഇതോടെ ഒഴിവാകും. വ്യവസായ മേഖലയ്ക്ക് വൻ നേട്ടം
യന്ത്രസാമഗ്രികൾ, അസംസ്കൃത വസ്തുക്കൾ, ഇലക്ട്രോണിക്സ് ഉപകരണങ്ങൾ, വാഹനങ്ങൾ, രാസവസ്തുക്കൾ എന്നിവ കൈകാര്യം ചെയ്യുന്ന വ്യവസായങ്ങൾക്ക് വിഴിഞ്ഞത്ത് നേരിട്ട് കസ്റ്റംസ് ക്ലിയറൻസ് ലഭിക്കുന്നത് പ്രവർത്തനക്ഷമത വർദ്ധിപ്പിക്കും.
സമുദ്രോൽപന്നങ്ങൾ, സുഗന്ധവ്യഞ്ജനങ്ങൾ, റബർ ഉൽപന്നങ്ങൾ, കയർ, വസ്ത്രങ്ങൾ, എൻജിനീയറിങ് സാധനങ്ങൾ എന്നിവയുടെ കയറ്റുമതിക്കും ഇത് വലിയൊരു ആശ്വാസമായിരിക്കും. ചരക്ക് കൈകാര്യം ചെയ്യുന്നതിലെ ഇടനില ചെലവുകൾ ഒഴിവാകുന്നതോടെ രാജ്യാന്തര വിപണിയിൽ കേരളത്തിൽ നിന്നുള്ള ഉൽപന്നങ്ങൾക്ക് കൂടുതൽ മത്സരശേഷി കൈവരിക്കാനാകും.
ഗതാഗതച്ചെലവും സമയവും ലാഭിക്കാം
തുറമുഖങ്ങൾക്കിടയിൽ കണ്ടെയ്നറുകൾ പലതവണ കൈമാറേണ്ടി വരുന്ന സാഹചര്യം മാറുന്നതോടെ ലോജിസ്റ്റിക്സ് ചെലവിൽ ഗണ്യമായ കുറവുണ്ടാകും. ട്രക്ക്, റെയിൽ ഗതാഗതച്ചെലവ് കുറയുന്നതിനൊപ്പം ചരക്കുകൾക്ക് കേടുപാടുകൾ സംഭവിക്കാനുള്ള സാധ്യതയും കുറയുന്നു.
തൊഴിൽ സാധ്യതകൾ വർദ്ധിക്കുന്നു
തുറമുഖ പ്രവർത്തനങ്ങളുടെ വിപുലീകരണത്തോടെ അനുബന്ധ മേഖലകളിലും വലിയ കുതിച്ചുചാട്ടമാണ് പ്രതീക്ഷിക്കുന്നത്. വെയർഹൗസുകൾ, ലോജിസ്റ്റിക്സ് പാർക്കുകൾ, വിതരണ കേന്ദ്രങ്ങൾ എന്നിവയുടെ കടന്നുവരവ് റിയൽ എസ്റ്റേറ്റ് മേഖലയെയും ഉണർത്തും.
ഷിപ്പിങ് ഏജൻസികൾ, കണ്ടെയ്നർ ഗതാഗതം, ഹോസ്പിറ്റാലിറ്റി തുടങ്ങി വിവിധ മേഖലകളിൽ തൊഴിലവസരങ്ങൾ സൃഷ്ടിക്കപ്പെടുമെന്നാണ് വിലയിരുത്തൽ.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

