ആലുവ എടത്തല പുക്കാട്ടുപടിയിൽ പിതാവ് ഏഴുവയസുകാരനായ മകനെ ചട്ടുകം കൊണ്ട് പൊള്ളിച്ചതായി പരാതി. സംഭവത്തിൽ എടത്തല പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.
കുട്ടി താമസിക്കുന്ന വാടക വീടിന് സമീപത്തുള്ളവർ നൽകിയ വിവരത്തിന്റെ അടിസ്ഥാനത്തിലാണ് പോലീസിന്റെ അടിയന്തര ഇടപെടൽ ഉണ്ടായത്. കുട്ടിയുടെ ശരീരത്തിൽ മർദനമേറ്റതിന്റെയും പൊള്ളലേറ്റതിന്റെയും ഗുരുതരമായ പാടുകൾ കണ്ടെത്തിയിട്ടുണ്ട്.
പോലീസ് നടപടികളുടെ ഭാഗമായി കുട്ടിയെ ചൈൽഡ് ലൈൻ അധികൃതർക്ക് മുന്നിൽ ഹാജരാക്കി. തുടർന്ന് കുട്ടിയെ സുരക്ഷിതമായി സംരക്ഷണ കേന്ദ്രത്തിലേക്ക് മാറ്റിയിരിക്കുകയാണ്.
വർഷങ്ങൾക്ക് മുമ്പ് മാതാവ് വിവാഹമോചനം നേടി പോയതിനെ തുടർന്ന് പിതാവിനൊപ്പമാണ് കുട്ടികൾ കഴിഞ്ഞിരുന്നത്. ഇരയായ ഏഴുവയസുകാരന് പുറമെ പന്ത്രണ്ടും പത്തും വയസുള്ള രണ്ട് സഹോദരങ്ങൾ കൂടി ഇവർക്കൊപ്പമുണ്ട്.
സംഭവത്തിൽ വിശദമായ അന്വേഷണം തുടരുകയാണെന്ന് പോലീസ് അറിയിച്ചു.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

