അങ്കമാലിയിൽ നിന്നും ആരംഭിക്കുന്ന കൊച്ചി ബൈപാസ് പദ്ധതിയുടെ രൂപരേഖയിൽ നിർണായക മാറ്റങ്ങളുമായി കേന്ദ്ര സർക്കാർ അനുമതി നൽകി. നേരത്തെ ആറുവരി പാതയായി വിഭാവനം ചെയ്തിരുന്ന പദ്ധതി ഇനി എട്ടു വരികളിലായാകും നിർമിക്കുക.
സംസ്ഥാനത്തെ ആദ്യത്തെ എട്ടു വരി പാതയെന്ന പ്രത്യേകതയും ഇതിനുണ്ടാകും. പദ്ധതിയുടെ ദൂരപരിധി 44.7 കിലോമീറ്ററിൽ നിന്ന് 50 കിലോമീറ്ററായി വർധിപ്പിച്ചിട്ടുണ്ട്.
ഇതനുസരിച്ച് പാത കുണ്ടന്നൂരിൽ നിന്ന് അരൂർ വരെ നീളും. ഭാവിയിൽ പത്തു വരികളായി വികസിപ്പിക്കാൻ സാധിക്കുന്ന രീതിയിൽ 70 മീറ്റർ വീതിയിലാകും നിർമാണം.
2024-ൽ പുറത്തിറക്കിയ 3 എ വിജ്ഞാപനം റദ്ദായതിനെത്തുടർന്ന് പദ്ധതി അനിശ്ചിതത്വത്തിലായിരുന്നു. എന്നാൽ, പുതിയ ട്രാഫിക് സർവേ റിപ്പോർട്ട് പ്രകാരം വാഹനപ്പെരുപ്പം കണക്കിലെടുത്ത് പാതയുടെ വീതി വർധിപ്പിക്കാൻ തീരുമാനിക്കുകയായിരുന്നു.
നിലവിൽ സ്ഥാപിച്ചിട്ടുള്ള 45 മീറ്റർ അതിർത്തി കല്ലുകൾ മാറ്റിസ്ഥാപിക്കാനുള്ള നടപടികൾ ഉടൻ ആരംഭിക്കും. ദേശീയപാത പാലക്കാട് പ്രോജക്ട് ഡയറക്ടർ ഓഫിസിന്റെ നേതൃത്വത്തിലാകും അതിർത്തി നിർണയം.
തുടർന്ന് പറവൂർ എൻഎച്ച്ഐ ഡപ്യൂട്ടി കലക്ടർ ഓഫിസിന്റെ നേതൃത്വത്തിൽ ഭൂമി ഏറ്റെടുക്കലുമായി ബന്ധപ്പെട്ട സർവേ നടപടികൾ നടക്കും.
പദ്ധതിയുടെ 3 എ വിജ്ഞാപനം ഉടൻ പുറപ്പെടുവിക്കുമെന്ന് ബെന്നി ബഹനാൻ എംപി അറിയിച്ചു. പദ്ധതിയുടെ സാക്ഷാത്കാരത്തിനായി കേന്ദ്ര സർക്കാരിൽ നിരന്തരമായ സമ്മർദം ചെലുത്തിയിരുന്നതായി അദ്ദേഹം വ്യക്തമാക്കി.
മുൻകാലങ്ങളിൽ ആവശ്യമായ ഉദ്യോഗസ്ഥരെ നിയോഗിക്കാത്തതിനാലും സർവേ നടപടികൾ വൈകിയതിനാലുമാണ് പദ്ധതി നീണ്ടുപോയതെന്ന് ബെന്നി ബഹനാൻ കൂട്ടിച്ചേർത്തു. അതേസമയം, കേന്ദ്ര തീരുമാനത്തെ സ്വാഗതം ചെയ്യുന്നതായി അങ്കമാലി– കുണ്ടന്നൂർ എൻഎച്ച് ബൈപാസ് ആക്ഷൻ കൗൺസിൽ ജനറൽ കൺവീനർ സജി കുടിയിരിപ്പിൽ പ്രതികരിച്ചു.
ഭൂവുടമകൾക്കിടയിലുണ്ടായിരുന്ന ആശങ്കകൾക്ക് ഇതോടെ വിരാമമായിരിക്കുകയാണ്.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

