കേരളത്തിലെ രാഷ്ട്രീയ സാഹചര്യത്തിലുണ്ടായ മാറ്റങ്ങളെ വേറിട്ട രീതിയിൽ ആഘോഷമാക്കുകയാണ് കാസർകോട്ടെ ഹോട്ടൽ ഉടമകൾ.
നിയമസഭാ തെരഞ്ഞെടുപ്പിന് പിന്നാലെ നടന്ന രാഷ്ട്രീയ സംഭവവികാസങ്ങളുടെ പശ്ചാത്തലത്തിൽ, സതീശൻ, വിജയൻ എന്നീ പേരുകളിലുള്ളവർക്ക് സൗജന്യമായി മന്തി നൽകിയാണ് ഹോട്ടലുകൾ ശ്രദ്ധേയരായത്. തൃക്കരിപ്പൂരിലെയും കാഞ്ഞങ്ങാട് മഡിയനിലെയും ‘കാസ ഡൈൻ’ ഹോട്ടലുകളിൽ മുഖ്യമന്ത്രിയായി വി.ഡി.
സതീശൻ സത്യപ്രതിജ്ഞ ചെയ്ത ദിവസമാണ് സതീശൻമാർക്ക് സൗജന്യ മന്തി നൽകിയത്. വ്യാഴാഴ്ച രാവിലെ 11 മണി മുതൽ തന്നെ വിതരണം ആരംഭിച്ചിരുന്നു.
ആധാർ കാർഡ് ഹാജരാക്കി പേര് തെളിയിക്കുന്നവർക്കാണ് ഈ സേവനം ലഭ്യമാക്കിയത്. സമൂഹമാധ്യമങ്ങളിലൂടെ വിവരം അറിഞ്ഞ് ദൂരസ്ഥലങ്ങളിൽ നിന്ന് പോലും നിരവധി പേർ എത്തിയതായി ഹോട്ടൽ അധികൃതർ അറിയിച്ചു.
ഇതിന് പിന്നാലെ, പിണറായി വിജയൻ പ്രതിപക്ഷ നേതാവായതിൽ സന്തോഷം പ്രകടിപ്പിച്ച് കാസർകോട് ‘സിഗ്നേച്ചർ ബൈ മെട്രോ’ ഹോട്ടലിൽ വിജയൻ എന്ന് പേരുള്ളവർക്കും സൗജന്യമായി മന്തി നൽകി. ആധാർ കാർഡ് പരിശോധിച്ച ശേഷം ക്വാർട്ടർ ചിക്കൻ മന്തിയാണ് ഇവർക്ക് നൽകിയത്.
നിരവധി പേർ കുടുംബസമേതം ഇതിൽ പങ്കാളികളായി. രാഷ്ട്രീയ ആഘോഷങ്ങൾക്ക് പുറമെ, സാമൂഹിക പ്രതിബദ്ധത മുൻനിർത്തി മറ്റൊരു പ്രഖ്യാപനം കൂടി ഹോട്ടൽ അധികൃതർ നടത്തിയിട്ടുണ്ട്.
വരാനിരിക്കുന്ന എസ്.എസ്.എൽ.സി പരീക്ഷയിൽ പരാജയപ്പെട്ട വിദ്യാർത്ഥികൾക്ക് സൗജന്യമായി മന്തി നൽകുമെന്ന് ഹോട്ടൽ മാനേജർ അറിയിച്ചു.
പരാജയപ്പെടുന്ന വിദ്യാർത്ഥികളെ തളർത്താതെ അവർക്ക് പിന്തുണ നൽകുക എന്ന ലക്ഷ്യത്തോടെയാണ് ഇത്തരമൊരു തീരുമാനമെന്നും അധികൃതർ കൂട്ടിച്ചേർത്തു.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

