ദേശീയ തലസ്ഥാനത്ത് പ്രതിഷേധങ്ങൾ ശക്തമാകുന്നതിനിടയിൽ, സി പി എമ്മിന്റെ പഠന കേന്ദ്രമായ ഹർകിഷൻ സിങ് സുർജിത് ഭവനിൽ എസ് എഫ് ഐ പ്രവർത്തകരെ ലക്ഷ്യമിട്ട് ദില്ലി പൊലീസ് എത്തിയതായി പരാതി. ജെ പി പ്രക്ഷോഭം ആരംഭിക്കാനിരിക്കെ യുവജന സംഘടനയിലെ അംഗങ്ങൾ ഇവിടെ ഒത്തുകൂടുന്നുണ്ടോ എന്ന് പരിശോധിക്കാനാണ് പൊലീസ് എത്തിയത്.
കേന്ദ്ര കമ്മറ്റി യോഗം ആരംഭിക്കാനിരിക്കെ മുതിർന്ന നേതാക്കളും ഈ സമയത്ത് ഇവിടെയുണ്ടായിരുന്നു. പൊലീസ് പരിശോധനയുമായി ബന്ധപ്പെട്ട
സി സി ടി വി ദൃശ്യങ്ങൾ സി പി എം ഇതിനോടകം പുറത്തുവിട്ടിട്ടുണ്ട്. മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണർ ഗ്യാനേഷ് കുമാറിന്റെ രാജി ആവശ്യപ്പെട്ടുകൊണ്ടുള്ള പ്രതിപക്ഷത്തിന്റെ പ്രക്ഷോഭങ്ങൾ രാജ്യതലസ്ഥാനത്ത് അതിശക്തമായി തുടരുകയാണ്.
ഇതിന്റെ ഭാഗമായി ഇന്ത്യാ സഖ്യം എം പിമാർ ഗാന്ധി സമാധിയിലെത്തി പ്രത്യേക പ്രാർത്ഥന നടത്തി. കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖർഗെയുടെ ക്ഷണപ്രകാരം കൊണാട്ട് പ്ലേസിലെ മോഡ്സ് ഹോട്ടലിൽ ഒത്തുകൂടി ഭക്ഷണം കഴിച്ച ശേഷമാണ് എം പിമാർ മൂന്ന് ബസുകളിലായി രാജ്ഘട്ടിലേക്ക് നീങ്ങിയത്.
അഭിഷേക് ബാനർജി അടക്കമുള്ള പ്രമുഖർ ഉച്ചഭക്ഷണത്തിനെത്തിയിരുന്നു. ഇന്നലത്തെ പ്രതിഷേധത്തിൽ നിന്ന് വിട്ടുനിന്ന സമാജ് വാദി പാർട്ടിയും ഇന്നത്തെ നടപടികളിൽ സജീവമായി പങ്കുചേർന്നു.
കൊണാട്ട് പ്ലേസിലേക്ക് നൂറുകണക്കിന് പ്രവർത്തകർ എത്തിയതോടെ വൻ സുരക്ഷാവലയമാണ് ദില്ലി പോലീസും അർദ്ധസൈനിക വിഭാഗവും ഇവിടെ തീർത്തത്. ഉച്ചയ്ക്ക് മൂന്ന് മണിയോടെ മൂന്ന് ബസ്സുകളിലായി എം പിമാർ കൊണാട്ട് പ്ലേസിൽ നിന്ന് രാജ്ഘട്ടിലേക്ക് യാത്ര തിരിച്ചു.
ആദ്യം രാജ്ഘട്ടിൽ പ്രവേശനം അനുവദിക്കാൻ ആകില്ലെന്ന നിലപാടിലായിരുന്നു പൊലീസ്. എന്നാൽ സമാധാനപരമായി പ്രാർത്ഥന നടത്താമെന്ന ഉറപ്പിന്റെ അടിസ്ഥാനത്തിൽ പിന്നീട് തടസ്സങ്ങൾ ഒഴിവാക്കുകയായിരുന്നു.
മിന്റോ റോഡ് വഴി രണ്ട് മണിക്കൂറിലധികം എടുത്താണ് എം പിമാരുടെ ബസുകൾ രാജ്ഘട്ടിൽ എത്തിയത്. വൈകുന്നേരം അഞ്ചരയോടെ എം പിമാരെ അകത്തേക്ക് പ്രവേശിക്കാൻ പൊലീസ് അനുവാദം നൽകി.
തുടർന്ന് മല്ലികാർജുൻ ഖർഗെയുടെ നേതൃത്വത്തിൽ എത്തിയ നേതാക്കൾ ഗാന്ധി സമാധിയിൽ പുഷ്പാർച്ചന നടത്തുകയും, സമാധിക്ക് അടുത്തിരുന്ന് കുറച്ചുനേരം പ്രാർത്ഥനയിൽ പങ്കെടുക്കുകയും ചെയ്തു. രാജ്യദ്രോഹം നടത്തിയ എല്ലാവർക്കും എതിരായ നടപടികൾ ഉറപ്പാക്കുന്നത് വരെ പ്രതിഷേധങ്ങൾ തുടരുമെന്ന് കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി വ്യക്തമാക്കിയിട്ടുണ്ട്.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

