ഡൽഹി: ഏറെ കോളിളക്കം സൃഷ്ടിച്ച സിഎംആര്എല്-എക്സാലോജിക് മാസപ്പടി വിവാദവുമായി ബന്ധപ്പെട്ട നിയമനടപടികൾ നിർണ്ണായക ഘട്ടത്തിലേക്ക്.
കേസിൽ പ്രതിപക്ഷ നേതാവ് പിണറായി വിജയൻ സമർപ്പിച്ച അപ്പീൽ ഹർജി സുപ്രീം കോടതി ബുധനാഴ്ച പരിഗണിക്കും. ഇതിനായി പ്രത്യേക ബെഞ്ചും രൂപീകരിച്ചിട്ടുണ്ട്.
പിണറായി വിജയന് പുറമെ മുൻ മന്ത്രി മുഹമ്മദ് റിയാസ്, വീണ ടി എന്നിവരുടെ ഹർജികളും ഇതേ ബെഞ്ച് അന്നുതന്നെ പരിഗണനയ്ക്കെടുക്കും. കേസുമായി ബന്ധപ്പെട്ട് വെള്ളിയാഴ്ച ചോദ്യം ചെയ്യലിനായി ഹാജരാകണമെന്ന് ആവശ്യപ്പെട്ട് എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് (ഇഡി) പിണറായി വിജയന് നോട്ടീസ് അയച്ചിരുന്നു.
എന്നാൽ സുപ്രീം കോടതി ഹർജി പരിഗണിക്കുന്നത് വരെ ഹാജരാകേണ്ടതില്ലെന്ന നിലപാടിലാണ് അദ്ദേഹം. കോടതിയുടെ ഭാഗത്തുനിന്നും ബുധനാഴ്ച ഉണ്ടാകുന്ന നിർദ്ദേശങ്ങൾ ചോദ്യം ചെയ്യലിന് ഹാജരാകുന്ന കാര്യത്തിൽ നിർണ്ണായകമാകും.
വിജിലൻസ് എഫ്ഐആർ നടപടികൾ സ്റ്റേ ചെയ്യണമെന്ന് ആവശ്യപ്പെട്ടാണ് ഹർജിക്കാർ സുപ്രീം കോടതിയെ സമീപിച്ചിട്ടുള്ളത്. മാസപ്പടി ഇടപാടുമായി ബന്ധപ്പെട്ട് അഴിമതി നിരോധന നിയമപ്രകാരം കേസെടുക്കണമെന്ന സിംഗിൾ ബെഞ്ച് ഉത്തരവിനെതിരെ അപ്പീൽ നൽകാൻ അനുമതി തേടിയുള്ള ഹർജി ഹൈക്കോടതി ഡിവിഷൻ ബെഞ്ച് കഴിഞ്ഞ ദിവസം തള്ളിയിരുന്നു.
ഇതിന്റെ തുടർച്ചയായാണ് സുപ്രീം കോടതിയിൽ അപ്പീൽ നൽകിയത്. എഫ്ഐആർ രജിസ്റ്റർ ചെയ്യുന്നതിന് മുൻപ് പ്രതികളുടെ വാദം കേൾക്കേണ്ടതില്ലെന്നും, അത് നിയമപരമായ അവകാശങ്ങളുടെ ലംഘനമാകുന്നില്ലെന്നുമായിരുന്നു ഹൈക്കോടതിയുടെ നിരീക്ഷണം.
മതിയായ തെളിവുകൾ ഉള്ള ഘട്ടത്തിൽ പ്രാഥമികാന്വേഷണം നിർബന്ധമല്ലെന്നും കോടതി വ്യക്തമാക്കിയിരുന്നു. എന്നാൽ ഇഡിയുടെ കത്തിന്റെ അടിസ്ഥാനത്തിൽ അഴിമതി നിരോധന നിയമപ്രകാരം കേസെടുക്കാൻ നിർദ്ദേശിച്ച സിംഗിൾ ബെഞ്ച് ഉത്തരവ് നിയമപരമായ അവകാശങ്ങളുടെ ലംഘനമാണെന്നാണ് ഹർജിക്കാരുടെ പ്രധാന വാദം.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

