സൗദി അറേബ്യൻ തലസ്ഥാനമായ റിയാദ് നഗരത്തിൽ ശനിയാഴ്ച പുലർച്ചെ ശക്തമായ സ്ഫോടന ശബ്ദങ്ങൾ കേട്ടതായി റിപ്പോർട്ട്. സുരക്ഷാ ഭീഷണി നിലനിൽക്കുന്നതായി അധികൃതർ മുന്നറിയിപ്പ് നൽകിയതിന് തൊട്ടുപിന്നാലെയാണ് ഈ സംഭവങ്ങൾ ഉണ്ടായത്.
പുലർച്ചെ മൂന്ന് മണിയോടെയാണ് നഗരവാസികളുടെ മൊബൈൽ ഫോണുകളിലേക്ക് എയർ റെയ്ഡ് മുന്നറിയിപ്പ് സന്ദേശം എത്തിയത്. ‘മേഖല ശത്രുപക്ഷത്തുനിന്നുള്ള വ്യോമാക്രമണ ഭീഷണിയിലാണ്, ജനങ്ങൾ വീടുകൾക്കുള്ളിൽ തന്നെ കഴിയണം’ എന്നായിരുന്നു സന്ദേശം.
ഇതിന് പിന്നാലെ രണ്ട് ശക്തമായ സ്ഫോടന ശബ്ദങ്ങൾ ഉയർന്നതായി സ്ഥിരീകരണം വന്നിട്ടുണ്ട്. സംഭവത്തിന് അരമണിക്കൂറിന് ശേഷം സൗദി സിവിൽ ഡിഫൻസ് ഏജൻസി ജാഗ്രതാ നിർദ്ദേശം പിൻവലിച്ചു.
കഴിഞ്ഞ ജൂലൈ മാസത്തിൽ യെമനിൽ പോരാട്ടം ശക്തമാക്കിയതിന് ശേഷം ഇതാദ്യമായാണ് റിയാദ് നഗരത്തിന് നേരെ നേരിട്ടുള്ള ആക്രമണ ഭീഷണി ഉണ്ടാകുന്നത്. ബാബ് അൽ മന്ദബ് കടലിടുക്കിന്റെ നിയന്ത്രണം പിടിച്ചെടുത്ത ഹൂതികൾ, സൗദി അറേബ്യയുടെ എണ്ണക്കപ്പലുകൾക്ക് നേരെ ഉപരോധം പ്രഖ്യാപിച്ചിരിക്കുകയാണ്.
ഇതിനെ തുടർന്ന് ചെങ്കടൽ വഴിയുള്ള സൗദിയുടെ എണ്ണ കയറ്റുമതിയിൽ വലിയ ഇടിവുണ്ടായതായി നാവിക നിരീക്ഷണ ഏജൻസി വ്യക്തമാക്കിയിട്ടുണ്ട്. സൗദി കപ്പലുകൾക്കൊഴികെ മറ്റെല്ലാ അന്താരാഷ്ട്ര ചരക്കുകപ്പലുകൾക്കും ബാബ് അൽ മന്ദബ് വഴി സുരക്ഷിതമായി സഞ്ചരിക്കാമെന്നാണ് ഹൂതികളുടെ നിലപാട്.
സംഘർഷം പുനരാരംഭിച്ചതിനെ തുടർന്ന് യെമനിൽ 1,12,000ത്തിലധികം ആളുകൾക്ക് സ്വന്തം വീടുകൾ നഷ്ടപ്പെട്ടതായും, മൂവായിരത്തോളം പേർ ജിബൂട്ടിയിലേക്ക് കടൽമാർഗ്ഗം പലായനം ചെയ്തതായും ഐക്യരാഷ്ട്രസഭ വെള്ളിയാഴ്ച അറിയിച്ചു. അതിനിടെ, സൗദി അറേബ്യയുടെ എഫ്-15 യുദ്ധവിമാനം വെടിവെച്ചിട്ടതായി ഹൂതികൾ അവകാശപ്പെട്ടു.
ഇതിന്റെ ദൃശ്യങ്ങൾ യെമനിലെ ഹൂതി വിമതർ പുറത്തുവിട്ടിട്ടുണ്ട്. യെമനിലെ മാരിബ് പ്രവിശ്യയിൽ വെച്ച് തങ്ങളുടെ വ്യോമപ്രതിരോധ സേനയാണ് വിമാനം തകർത്തതെന്നാണ് ഇവർ അവകാശപ്പെടുന്നത്.
ഹൂതികൾ പുറത്തുവിട്ട നാല് മിനിറ്റ് ദൈർഘ്യമുള്ള വീഡിയോയിൽ വിമാനം ലക്ഷ്യമിടുന്ന ദൃശ്യങ്ങളും, പിന്നീട് വിമാനം തകർന്ന് കത്തിയമർന്നതിന്റെ അവശിഷ്ടങ്ങൾക്ക് സമീപം ആയുധങ്ങളേന്തിയ അംഗങ്ങൾ നിൽക്കുന്നതും വ്യക്തമാണ്.
പ്രാദേശികമായി നിർമ്മിച്ച മിസൈൽ ഉപയോഗിച്ചാണ് സൗദി വിമാനം വീഴ്ത്തിയതെന്ന് ഹൂതികളുടെ സൈനിക വക്താവ് യാഹ്യാ സാരീ പ്രസ്താവനയിലൂടെ അറിയിച്ചു. തങ്ങളുടെ വ്യോമപരിധിയിൽ അതിക്രമിച്ചു കയറി ശത്രുതാപരമായ നീക്കങ്ങൾ നടത്തിയതിനെ തുടർന്നാണ് വിമാനത്തിന് നേരെ നടപടി സ്വീകരിച്ചതെന്നാണ് ഔദ്യോഗിക വിശദീകരണം.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

