സുൽത്താൻ ബത്തേരി സ്റ്റേഷനിൽ നിന്ന് തൊണ്ടിമുതൽ കാണാതായ സംഭവത്തിൽ ഒളിവിൽ കഴിഞ്ഞിരുന്ന പൊലീസുകാരൻ പിടിയിലായി. സീനിയർ സിവിൽ പൊലീസ് ഓഫിസർ സബിത്ത് ആണ് പിടിയിലായത്.
സംഭവം നടന്ന് പത്താം ദിവസമായ ഇന്ന് എറണാകുളം കളമശേരിയിൽ നിന്നാണ് ഇയാളെ കസ്റ്റഡിയിലെടുത്തത്. നേരത്തെ സബിത്തിന്റെ കാർ കോഴിക്കോട്ട് നിന്നും പിടിച്ചെടുത്തിരുന്നു.
സ്റ്റേഷനിൽ സൂക്ഷിച്ചിരുന്ന ഏഴ് ചാക്ക് നിരോധിത പുകയില ഉൽപന്നങ്ങൾ മോഷ്ടിച്ച കേസിലാണ് ഇയാൾക്കെതിരെ നടപടി. കഴിഞ്ഞ ജൂൺ ഏഴിന് പിടികൂടിയ ഈ തൊണ്ടിമുതൽ കോടതിയിൽ ഹാജരാക്കിയ ശേഷം സ്റ്റേഷൻ പരിസരത്തെ മുറിയിലാണ് സൂക്ഷിച്ചിരുന്നത്.
തുടർന്ന് സെപ്റ്റംബർ 10ന് പ്രോപ്പർട്ടി റൂം വൃത്തിയാക്കാൻ തുറന്നപ്പോഴാണ് മോഷണ വിവരം അധികൃതരുടെ ശ്രദ്ധയിൽപ്പെടുന്നത്. സിസിടിവി ദൃശ്യങ്ങൾ പരിശോധിച്ചപ്പോഴാണ് പൊലീസുകാരന്റെ പങ്ക് വ്യക്തമായത്.
സ്റ്റേഷനിലെ റൈറ്ററുടെ മേശപ്പുറത്തുണ്ടായിരുന്ന താക്കോൽ എടുത്തു മുറി തുറന്ന സബിത്ത്, ചാക്കുകെട്ടുകൾ സ്വന്തം വാഹനത്തിലേക്ക് കയറ്റി കടത്തുകയായിരുന്നു. അന്വേഷണം തത്തിലേക്കാണ് നീളുന്നതെന്ന് മനസ്സിലായതോടെ സെപ്റ്റംബർ 12 മുതൽ ഫോൺ സ്വിച്ച് ഓഫ് ചെയ്ത് ഇയാൾ ഒളിവിൽ പോവുകയായിരുന്നു.
ഈ സംഭവത്തിൽ ബത്തേരി ഡിവൈഎസ്പി അബ്ദുൽ കരീം സമർപ്പിച്ച അന്വേഷണ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ, വയനാട് ജില്ലാ പൊലീസ് മേധാവി ദേവമനോഹർ സബിത്തിനെ സർവീസിൽ നിന്ന് സസ്പെൻഡ് ചെയ്തിരുന്നു.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

