തിരഞ്ഞെടുപ്പ് കമ്മിഷന്റെ ഉത്തരവ് ഇടക്കാലത്തേക്കാണെങ്കിലും മമത ബാനർജിയുടെ തൃണമൂൽ കോൺഗ്രസിന്റെ ചിഹ്നമായ ‘പുല്ലും ഒറ്റത്തണ്ടിലെ രണ്ടു പൂക്കളും’ മരവിപ്പിക്കുമ്പോൾ മമതയ്ക്കാവും കൂടുതൽ ദുഃഖം. കാരണം, ചിത്രകാരികൂടിയായ മമത വരച്ചുണ്ടാക്കിയതാണ് ആ ചിഹ്നം.
തൃണമൂലിൽനിന്നു ഭിന്നിച്ചിറങ്ങിയ തങ്ങൾക്ക് ചിഹ്നമായി ‘കവർ’ ലഭിച്ചതിന്റെ വ്യാഖ്യാനങ്ങൾ ബംഗാൾ നിയമസഭയിലെ പ്രതിപക്ഷ നേതാവ് ഋതബ്രത ബാനർജി ചിരിച്ചുതള്ളുന്നു. ബംഗാളിൽ മമതയുടെ പാർട്ടിയുടെ മേൽവിലാസംതന്നെ ഇല്ലാതാക്കാമെന്ന പ്രതീക്ഷയിലാണ് ഋതബ്രത.
തന്റെ പൂക്കളെ ഋതബ്രതയും കൂട്ടരും കൈക്കലാക്കുമോയെന്ന് മമതയ്ക്ക് ആശങ്കപ്പെടാം. കാരണം, ശിവസേന പിളർന്നപ്പോൾ പാർട്ടിയുടെ ചിഹ്നമായ ‘അമ്പും വില്ലും’ വിമതർക്കു നൽകാനാണ് തിരഞ്ഞെടുപ്പു കമ്മിഷൻ തീരുമാനിച്ചത്.
എൻസിപി പിളർന്നപ്പോൾ, അജിത് പവാറിന്റെ പക്ഷത്തിനാണു പിളരുംമുമ്പുള്ള ചിഹ്നമായ ‘ക്ലോക്ക്’ ലഭിച്ചത്. തൃണമൂലിൽനിന്നു പിളർന്നവർ രണ്ടായിട്ടു നിൽക്കട്ടെയെന്നതുപോലും ബിജെപിയുടെ തന്ത്രപദ്ധതിയുടെ ഭാഗമെന്ന് വ്യാഖ്യാനിക്കപ്പെടുന്നു.
ഒരുകൂട്ടർ നിയമസഭയിൽ ഋതബ്രതയുടെ നേതൃത്വത്തിൽ പ്രതിപക്ഷമായി നിൽക്കുന്നു. രണ്ടാമത്തെ കൂട്ടർ ലോക്സഭയിൽ നാഷനലിസ്റ്റ് സിറ്റിസൻസ് പാർട്ടി ഓഫ് ഇന്ത്യയിൽ (എൻസിപിഐ) ചേർന്ന് എൻഡിഎയുടെ ഭാഗമായി.
ഋതബ്രതയുടേത് സൗഹൃദ പ്രതിപക്ഷം അല്ലെങ്കിൽ സർക്കാരിന്റെ സുഹൃദ്പക്ഷമാണ്. എൻസിപിഐയിൽ ചേർന്ന 20 ലോക്സഭാംഗങ്ങളിൽ 17 പേർ വൈകാതെ ബിജെപിയിൽ എത്തുമെന്ന സൂചനയുണ്ട്.
അവശേഷിക്കുന്ന യൂസഫ് പഠാൻ, അബു താഹിർ ഖാൻ, ഖലീലുർ റഹ്മാൻ എന്നിവർ ബിജെപിയിൽ ചേരില്ലെന്നു വ്യക്തമാക്കിയിട്ടുണ്ട്. അവരെ തന്റെ പക്ഷത്തേക്കു കൊണ്ടുവരാനാണ് ഋതബ്രതയുടെ ശ്രമം.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

