കാസർകോട് ജില്ലയുടെ മുൻ കലക്ടറായിരുന്ന അർജുൻ പാണ്ഡ്യന്റെ പെട്ടെന്നുള്ള സ്ഥലംമാറ്റം നിയമവിരുദ്ധമാണെന്ന് ചൂണ്ടിക്കാട്ടി മൂവ്മെന്റ് ഫോർ ബെറ്റർ കേരള (എംബികെ) സർക്കാരിന് ഔദ്യോഗികമായി നിവേദനം സമർപ്പിച്ചു. ഈ വർഷം ഏപ്രിൽ ഒന്നിനാണ് അദ്ദേഹം ചുമതലയേറ്റത്.
എന്നാൽ കേവലം അഞ്ചര മാസത്തിനകം സംസ്ഥാന കൃഷി വകുപ്പ് ഡയറക്ടറായാണ് അദ്ദേഹത്തെ സ്ഥലംമാറ്റിയത്. ഹ്രസ്വകാലയളവിൽ കലക്ടറെ മാറ്റിയ നടപടി, 2013ലെ ടി.എസ്.ആർ.സുബ്രഹ്മണ്യൻ കേസിലെ സുപ്രീം കോടതി വിധിക്കും, തുടർന്ന് കേന്ദ്ര സർക്കാർ പുറപ്പെടുവിച്ച ഐഎഎസ് (കേഡർ) ഭേദഗതി ചട്ടം, 2014 അനുശാസിക്കുന്ന രണ്ട് വർഷത്തെ കുറഞ്ഞ കാലാവധിയെന്ന മാനദണ്ഡത്തിനും വിരുദ്ധമാണെന്നാണ് എംബികെയുടെ പ്രധാന ആരോപണം.
സിവിൽ സർവീസസ് ബോർഡ് (സിഎസ്ബി) ശുപാർശയില്ലാതെ ഇത്തരം സ്ഥലംമാറ്റങ്ങൾ പാടില്ലെന്ന് കേന്ദ്ര ഭരണ ട്രൈബ്യൂണൽ (സിഎടി) വ്യക്തമാക്കിയിട്ടുണ്ടെന്നും സംഘടന ചൂണ്ടിക്കാണിക്കുന്നു. ഈ സ്ഥലംമാറ്റത്തിന് സിവിൽ സർവീസസ് ബോർഡിന്റെ മുൻകൂർ ശുപാർശയുണ്ടായിരുന്നോ എന്ന് വ്യക്തത വരുത്തുന്നതിനായി വിവരാവകാശ നിയമപ്രകാരം അപേക്ഷയും സമർപ്പിച്ചിട്ടുണ്ട്.
വിഷയം അടിയന്തരമായി പുനഃപരിശോധിക്കണമെന്നും, ഐഎഎസ് ഉദ്യോഗസ്ഥർക്ക് കലക്ടർ തസ്തികയിൽ കുറഞ്ഞ കാലാവധി ഉറപ്പാക്കണമെന്നും ആവശ്യപ്പെട്ടുകൊണ്ട് ചീഫ് സെക്രട്ടറിക്ക് നിവേദനം നൽകിയിട്ടുണ്ട്. ഇതിന്റെ പകർപ്പ് മുഖ്യമന്ത്രിയുടെ പരാതി പരിഹാര പോർട്ടൽ വഴിയും സമർപ്പിച്ചിട്ടുണ്ടെന്ന് ഭാരവാഹികൾ അറിയിച്ചു.
ഹ്രസ്വകാലത്തെ ഭരണത്തിനിടയിലും ജില്ലയ്ക്ക് ഏറെ ഗുണകരമായ നിരവധി വികസന സംരംഭങ്ങൾക്ക് അദ്ദേഹം തുടക്കമിട്ടിരുന്നതായി സംഘടനാ പ്രതിനിധികൾ വ്യക്തമാക്കി. മെഡിക്കൽ കോളജ് അടക്കമുള്ള നിർണായക വിഷയങ്ങളിലും, നീലേശ്വരം മേൽപാലവുമായി ബന്ധപ്പെട്ടും വിശദമായ റിപ്പോർട്ടുകൾ സർക്കാരിലേക്ക് അയക്കുകയും അന്തിമ തീരുമാനമാകുന്നതുവരെ നിർമാണ പ്രവർത്തനങ്ങൾ തടയുകയും ചെയ്തിരുന്നു.
മേഘ കൺസ്ട്രക്ഷന്റെ ഗുണനിലവാരമില്ലാത്ത നിർമാണ പ്രവൃത്തികൾക്കെതിരെ പ്രതിഷേധവുമായി രംഗത്തിറങ്ങിയ നാട്ടുകാർക്കൊപ്പം അദ്ദേഹം ഉറച്ചുനിന്നതായും എംബികെ അനുസ്മരിച്ചു. കൂടാതെ, ജില്ലയിൽ എയിംസ് യാഥാർത്ഥ്യമാക്കുന്നതിന്റെ ഭാഗമായി പെരിയയിൽ സർക്കാർ ഭൂമി കണ്ടെത്തി വിശദമായ റിപ്പോർട്ട് സർക്കാരിന് സമർപ്പിക്കാനും അദ്ദേഹത്തിന് കഴിഞ്ഞിട്ടുണ്ടെന്ന് സംഘടന വ്യക്തമാക്കി.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

