നഗരപാത വികസന പദ്ധതിയുടെ ഭാഗമായി കോഴിക്കോട് ജില്ലയിലെ ഫറോക്കിൽ ഗതാഗത നിയന്ത്രണം പ്രഖ്യാപിച്ചു. ചെറുവണ്ണൂർ മേൽപാലം നിർമാണത്തിന്റെ ഭാഗമായി ഗർഡറുകൾ സ്ഥാപിക്കുന്നതിനാണ് കർശന നിയന്ത്രണം ഏർപ്പെടുത്തിയിട്ടുള്ളത്.
ഞായറാഴ്ച രാത്രി 10 മുതൽ 26 രാത്രി വരെ ചെറുവണ്ണൂർ പഴയ ദേശീയപാതയിൽ പൂർണ ഗതാഗത നിയന്ത്രണം ഉണ്ടായിരിക്കുമെന്ന് അധികൃതർ അറിയിച്ചു. ചെറുവണ്ണൂരിൽ ചേർന്ന യോഗത്തിലെ വിശദമായ ചർച്ചകൾക്ക് ഒടുവിൽ കലക്ടർ എം.എസ്.മാധവിക്കുട്ടിയാണ് ഇതുസംബന്ധിച്ച ഉത്തരവ് പുറപ്പെടുവിച്ചത്.
നിർമാണ ജോലികൾ സുഗമമാക്കുന്നതിനും ഗതാഗതക്കുരുക്ക് ലഘුരിക്കുന്നതിനുമായി വിവിധ വാഹനങ്ങൾക്ക് ബദൽ മാർഗങ്ങളും നിർദേശിച്ചിട്ടുണ്ട്. യാത്രാവഴികളും ബദൽ മാർഗങ്ങളും: കോഴിക്കോട് നഗരത്തിൽ നിന്നും രാമനാട്ടുകര ഇടിമൂഴിക്കൽ ഭാഗങ്ങളിൽ നിന്നും എത്തുന്ന ഹെവി വാഹനങ്ങൾ ദേശീയപാതയിലേക്ക് തിരിച്ചുവിടും.
ദീർഘദൂര ബസുകൾ തൊണ്ടയാട്–പന്തീരാങ്കാവ് ദേശീയപാത വഴി രാമനാട്ടുകരയിലേക്ക് പോകേണ്ടതാണ്. മറ്റ് സർവീസുകൾ മാങ്കാവ്–പന്തീരാങ്കാവ് വഴി ദേശീയപാതയിലൂടെ രാമനാട്ടുകരയിലേക്ക് സർവീസ് നടത്തണം.
സ്വകാര്യ വാഹനങ്ങൾ മാങ്കാവ്–പന്തീരാങ്കാവ് വഴിയോ മോഡേൺ–കൊളത്തറ വഴിയോ ലഭ്യമായ മറ്റ് ബദൽ മാർഗങ്ങളോ ഉപയോഗപ്പെടുത്താം. തൃശൂർ, പാലക്കാട് ഭാഗങ്ങളിൽ നിന്നും വരുന്ന ദീർഘദൂര ബസുകൾ രാമനാട്ടുകരയിൽ സർവീസ് അവസാനിപ്പിക്കണം.
ഇവിടത്തെ യാത്രക്കാർക്ക് മറ്റ് ബസുകളെ ആശ്രയിച്ച് കോഴിക്കോട്ടേക്ക് എത്തിച്ചേരാം. വിവിധ പ്രദേശങ്ങളിൽ നിന്ന് രാമനാട്ടുകരയിൽ എത്തിച്ചേരുന്ന ഓർഡിനറി ബസുകൾക്ക് ഫാറൂഖ് കോളജ് വഴി ദേശീയപാതയിൽ പ്രവേശിച്ച് യാത്ര തുടരാവുന്നതാണ്.
ചാലിയം, കടലുണ്ടി, ഫറോക്ക് ഭാഗങ്ങളിൽ നിന്നുള്ള ബസുകളും കോഴിക്കോട് നിന്ന് ചാലിയം, കടലുണ്ടി ഭാഗങ്ങളിലേക്ക് സർവീസ് നടത്തുന്ന ബസുകളും ചെറുവണ്ണൂർ ഭാഗത്ത് യാത്ര അവസാനിപ്പിക്കണം. കോഴിക്കോട് നിന്ന് ചെറുവണ്ണൂരിൽ എത്തിച്ചേരുന്ന യാത്രക്കാർക്ക് ഫറോക്ക് പാലത്തിന്റെ മറുഭാഗത്തുള്ള ബസുകളിൽ കയറി ലക്ഷ്യസ്ഥാനങ്ങളിൽ എത്താം.
ഗതാഗത നിയന്ത്രണങ്ങൾ കാര്യക്ഷമമാക്കുന്നതിന്റെ ഭാഗമായി വാഹനങ്ങൾ വഴിതിരിച്ചുവിടുന്ന പ്രധാന പോയിന്റുകളിൽ സൈൻ ബോർഡുകളും റിഫ്ലക്ടീവ് ബാരിക്കേഡുകളും സ്ഥാപിക്കാൻ ബന്ധപ്പെട്ട വകുപ്പുകൾക്ക് കലക്ടർ കർശന നിർദേശം നൽകിയിട്ടുണ്ട്.
പന്തീരാങ്കാവ് ടോൾ പ്ലാസയിൽ രൂപപ്പെടാൻ സാധ്യതയുള്ള ഗതാഗതക്കുരുക്ക് ഒഴിവാക്കുന്നതിനായി മുൻകൂട്ടി യോഗങ്ങൾ ചേർന്ന് ആവശ്യമായ മുൻകരുതലുകൾ സ്വീകരിക്കുമെന്നും കലക്ടർ വ്യക്തമാക്കി. പാലത്തിന്റെ ചെറുവണ്ണൂർ ജംക്ഷൻ ഭാഗത്താണ് നിലവിൽ ഗർഡറുകൾ സ്ഥാപിക്കുന്നത്.
ഗതാഗത നിയന്ത്രണം ഘട്ടംഘട്ടമായി നടപ്പാക്കാനായിരുന്നു ആദ്യം തീരുമാനിച്ചിരുന്നതെങ്കിലും, ഇത് പ്രദേശത്ത് വലിയ ഗതാഗത പ്രതിസന്ധിക്കും നിർമാണ പ്രവർത്തനങ്ങളിൽ തടസ്സത്തിനും കാരണമാകും എന്ന വിലയിരുത്തലിന്റെ അടിസ്ഥാനത്തിലാണ് ഒറ്റ ഘട്ടമായി പൂർണ നിയന്ത്രണം ഏർപ്പെടുത്താൻ തീരുമാനിച്ചത്.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

