റഷ്യയിൽ നിന്നും ക്രൂഡ് ഓയിൽ ഇറക്കുമതി ചെയ്യുന്നതിന്റെ പേരിൽ ഇന്ത്യക്കെതിരെ നടപടികൾ സ്വീകരിക്കുകയും ഉയർന്ന തീരുവ ചുമത്തുമെന്ന് ഭീഷണിപ്പെടുത്തുകയും ചെയ്ത അമേരിക്ക, അതേ റഷ്യയുമായി ചേർന്ന് യൂറോപ്പിലേക്ക് വാതക വ്യാപാരത്തിന് കളമൊരുക്കുന്നതായി റിപ്പോർട്ട്. റോയിട്ടേഴ്സ് ആണ് ഇതുസംബന്ധിച്ച വാർത്ത പുറത്തുവിട്ടിരിക്കുന്നത്.
യുക്രെയ്നെതിരായ റഷ്യൻ പ്രസിഡന്റ് വ്ലാഡിമിർ പുട്ടിന്റെ സൈനിക നീക്കത്തിന് ഇന്ത്യ സാമ്പത്തിക സഹായം നൽകുന്നുവെന്നും റഷ്യൻ എണ്ണ വാങ്ങുന്നത് വഴി ഇന്ത്യ നേടുന്നത് ‘ചോരപ്പണം’ ആണെന്നും മുൻപ് അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന്റെ വ്യാപാര ഉപദേഷ്ടാവ് പീറ്റർ നവാരോ അടക്കമുള്ളവർ കടുത്ത വിമർശനം ഉന്നയിച്ചിരുന്നു. റഷ്യൻ ഊർജ ഉൽപ്പന്നങ്ങൾക്കെതിരെ അമേരിക്കയും യൂറോപ്യൻ യൂണിയനും കടുത്ത ഉപരോധങ്ങൾ ഏർപ്പെടുത്തിയിരിക്കെയാണ് പുതിയ നീക്കങ്ങൾ പുറത്തുവരുന്നത്.
റഷ്യയും അമേരിക്കയും സംയുക്തമായി യൂറോപ്യൻ രാജ്യങ്ങൾക്ക് ഗ്യാസ് വിൽക്കാൻ പദ്ധതിയിടുന്നുവെന്നാണ് റോയിട്ടേഴ്സ് റിപ്പോർട്ട് ചെയ്യുന്നത്. യുഎസിന്റെ പ്രത്യേക പ്രതിനിധിയും ഡൊണാൾഡ് ട്രംപിന്റെ മരുമകനുമായ ജേർഡ് കുഷ്നറും, റഷ്യൻ ഡയറക്ട് ഇൻവെസ്റ്റ്മെന്റ് ഫണ്ട് ഡയറക്ടറും പുട്ടിന്റെ ഉപദേശകനുമായ കിറിൽ ദിമിത്രേവും മോസ്കോയിലും ന്യൂയോർക്കിലുമായി കൂടിക്കാഴ്ച നടത്തിയതായി വിവരമുണ്ട്.
റഷ്യയിൽ നിന്ന് ജർമനിയിലേക്ക് നീളുന്ന നോർഡ് സ്ട്രീം വാതക പൈപ്പ്ലൈൻ പുനരുജ്ജീവിപ്പിച്ച് വിതരണം പുനരാരംഭിക്കുന്നതുമായി ബന്ധപ്പെട്ടാണ് ചർച്ചകൾ നടക്കുന്നത്. 2010-ൽ യാഥാർഥ്യമായ ഈ പൈപ്പ്ലൈൻ പദ്ധതിക്ക് അന്ന് 1100 കോടി ഡോളർ ആയിരുന്നു നിർമാണച്ചെലവ്.
എന്നാൽ ഈ അമേരിക്കൻ-റഷ്യൻ നീക്കത്തിനെതിരെ യൂറോപ്പിൽ നിന്നും കനത്ത എതിർപ്പുകൾ ഉയരാൻ സാധ്യതയുണ്ട്. ഈ പദ്ധതിക്ക് യൂറോപ്യൻ യൂണിയന്റെ ഉപരോധമുണ്ട് എന്നതും, യുക്രെയ്ൻ യുദ്ധം ആരംഭിച്ച 2022 മുതൽ ജർമനി പൈപ്പ്ലൈനിന്റെ ലൈസൻസ് പുതുക്കിയിട്ടില്ല എന്നതും പ്രധാന തടസ്സങ്ങളാണ്.
ലൈസൻസ് പുതുക്കാൻ ഉദ്ദേശിക്കുന്നില്ലെന്ന് ജർമനി ഇതിനോടകം വ്യക്തമാക്കിയിട്ടുമുണ്ട്. കൂടാതെ, യുദ്ധത്തിനിടയിൽ പൈപ്പ്ലൈന് തകരാറുകൾ സംഭവിച്ചിട്ടുള്ളതും ഉപരോധം കാരണം നോർഡ് സ്ട്രീം-1ന്റെ അറ്റകുറ്റപ്പണികൾ റഷ്യ നിർത്തിവെച്ചതും പ്രതിസന്ധിയാണ്.
അതേസമയം, റോയിട്ടേഴ്സിന്റെ വെളിപ്പെടുത്തലുകൾ വൈറ്റ്ഹൗസ് തള്ളിക്കളഞ്ഞതായി അറിയുന്നു. നോർഡ് സ്ട്രീം സംബന്ധിച്ച് യാതൊരു ചർച്ചയും നടന്നിട്ടില്ലെന്നും അമേരിക്കൻ നികുതിദായകർക്കും കമ്പനികൾക്കും ഗുണകരമല്ലാത്ത ഒരു പദ്ധതിയെക്കുറിച്ചും ആലോചിക്കുന്നില്ലെന്നുമാണ് വൈറ്റ്ഹൗസിന്റെ പ്രതികരണം.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

