വടക്കാഞ്ചേരി കിള്ളിമംഗലം മുല്ലക്കൽ ചീർപ്പ് റോഡിലെ മഞ്ഞക്കാട്ടുതൊടിയിൽ ബാബുവിനെ (52) പൂമല വട്ടായിലെ വനത്തിനുള്ളിൽ കത്തിക്കരിഞ്ഞ നിലയിൽ കണ്ടെത്തി. വ്യാഴാഴ്ച ഉച്ചയോടെ പേരാമംഗലം മയിലാംകുളത്തെ ജോലിസ്ഥലത്തുനിന്ന് വാനുമായി പുറപ്പെട്ട
ബാബു പിന്നീട് വീട്ടിൽ തിരിച്ചെത്തിയിരുന്നില്ല. തുടർന്ന് അദ്ദേഹത്തെ കാണാനില്ലെന്ന് കാണിച്ച് ബന്ധുക്കൾ പേരാമംഗലം പൊലീസ് സ്റ്റേഷനിൽ ഔദ്യോഗികമായി പരാതി നൽകുകയായിരുന്നു.
വ്യാഴാഴ്ച ഉച്ചയ്ക്ക് രണ്ടരയോടെ വട്ടായി റോഡിനു സമീപം ബാബു ഓടിച്ചിരുന്ന വാൻ താക്കോൽ സഹിതം ഉപേക്ഷിക്കപ്പെട്ട നിലയിൽ നാട്ടുകാരുടെ ശ്രദ്ധയിൽപ്പെട്ടിരുന്നു.
ഈ വിവരം ലഭിച്ചതിനെ തുടർന്നാണ് ബന്ധുക്കൾ പൊലീസിനെ സമീപിച്ചത്. തുടർന്ന് വെള്ളിയാഴ്ച രാവിലെ എട്ടോടെ പ്രദേശത്ത് നടത്തിയ തെരച്ചിലിലാണ് പ്രധാന റോഡിൽനിന്നു മുന്നൂറോളം മീറ്റർ ഉള്ളിലായി മൃതദേഹം കത്തിക്കരിഞ്ഞ നിലയിൽ കണ്ടെത്തിയത്.
വിവരമറിഞ്ഞ് വനം വകുപ്പ് ഉദ്യോഗസ്ഥരും പൊലീസും സംഭവസ്ഥലത്തെത്തി പ്രാഥമിക പരിശോധനകൾ നടത്തി. പിന്നീട് ബന്ധുക്കൾ സ്ഥലത്തെത്തിയാണ് മൃതദേഹം ബാബുവിന്റേതാണെന്ന് സ്ഥിരീകരിച്ചത്.
സംഭവത്തിൽ പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. നിയമനടപടികൾക്ക് ശേഷം മൃതദേഹം ബന്ധുക്കൾക്ക് കൈമാറി.
സുനിലയാണ് ഭാര്യ. സുബിൽ, സിബിൽ എന്നിവരാണ് മക്കൾ.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

