ബിജെപിയുടെ രാഷ്ട്രീയ നീക്കങ്ങൾക്കെതിരെയുള്ള പ്രതിരോധം എന്തുവന്നാലും തുടരുമെന്ന് മുൻമന്ത്രിയും എംഎൽഎയുമായ പി.എ. മുഹമ്മദ് റിയാസ് വ്യക്തമാക്കി.
കോഴിക്കോട്ട് മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. തങ്ങൾ ഒരിക്കലും ഭയന്നോടില്ലെന്നും ഇത്തരം രാഷ്ട്രീയ നീചപ്രവർത്തനങ്ങളെ നിയമപരമായും രാഷ്ട്രീയമായും നേരിടുമെന്നും അദ്ദേഹം വ്യക്തമാക്കി.
സിഎംആർഎൽ – എക്സാലോജിക് ഇടപാട് കേസിന്റെ ഭാഗമായി ചൊവ്വാഴ്ച കോഴിക്കോട്ട് എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് (ഇ.ഡി) ഉദ്യോഗസ്ഥർ നടത്തിയ റെയ്ഡുകളോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം. ലേക്കർ ഇന്ത്യ എന്ന സ്ഥാപനം ഇപ്പോഴും പ്രവർത്തിക്കുന്നുണ്ടോ എന്ന മാധ്യമപ്രവർത്തകരുടെ ചോദ്യത്തിന്, സ്ഥാപനങ്ങൾ ആരംഭിക്കാനും അത് അവസാനിപ്പിക്കാനുമുള്ള പൂർണ്ണ അവകാശം അതിന്റെ സ്ഥാപകർക്കുണ്ട് എന്നായിരുന്നു അദ്ദേഹത്തിന്റെ മറുപടി.
ഈ സംരംഭം എവിടെയാണ് പ്രവർത്തിക്കുന്നത് എന്ന ചോദ്യത്തിന് അദ്ദേഹം വ്യക്തമായ മറുപടി നൽകിയില്ല. ലേക്കർ ഇന്ത്യ കോർപ് എന്ന പേരിൽ പുതിയൊരു സ്ഥാപനം ആരംഭിച്ചു എന്ന തരത്തിലുള്ള പ്രചാരണങ്ങൾ തീർത്തും അടിസ്ഥാനരഹിതമാണെന്നും ഇത് സംബന്ധിച്ച് സംശയമുള്ളവർക്ക് തന്റെ നാമനിർദ്ദേശ പത്രിക പരിശോധിക്കാമെന്നും അദ്ദേഹം വ്യക്തമാക്കി.
ഏതെങ്കിലും കാര്യങ്ങൾ ഒളിപ്പിച്ചുവെച്ചുകൊണ്ടല്ല ഈ സംരംഭം ആരംഭിച്ചതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. വീണ വിജയൻ തികച്ചും സ്വതന്ത്രയായ ഒരു വ്യക്തിയാണെന്ന് റിയാസ് ഊന്നിപ്പറഞ്ഞു.
ഭരണഘടന അനുസരിച്ച് ആർക്കും ബിസിനസ് ചെയ്യുന്നതിൽ യാതൊരുവിധ തടസ്സവുമില്ല. ഒരു രാഷ്ട്രീയ നേതാവിന്റെ മകളും ഭാര്യയും ആയതുകൊണ്ടു മാത്രം അവർക്ക് ബിസിനസ് സംരംഭങ്ങളിൽ ഏർപ്പെടാൻ അവകാശമില്ലെന്ന് പറയുന്നത് തികഞ്ഞ അന്യാദൃശ്യമാണ്.
കുടുംബ പശ്ചാത്തലം ദുരുപയോഗം ചെയ്തുകൊണ്ടോ സർക്കാരിനെ തെറ്റായ രീതിയിൽ സ്വാധീനിച്ചുകൊണ്ടോ ബിസിനസ് നടത്തുന്നതാണ് യഥാർത്ഥത്തിൽ തെറ്റ്. എന്നാൽ ഇവിടെ അത്തരത്തിലുള്ള യാതൊന്നും നടന്നിട്ടില്ലെന്നും നിയമപരമായ കരാറുകളുടെ അടിസ്ഥാനത്തിൽ സേവനങ്ങൾ നൽകി, അതിനുള്ള പ്രതിഫലം ബാങ്ക് അക്കൗണ്ട് വഴി സ്വീകരിക്കുക മാത്രമാണ് ചെയ്തിട്ടുള്ളതെന്നും അദ്ദേഹം വ്യക്തമാക്കി.
ബിടെക് അടക്കം ഉയർന്ന വിദ്യാഭ്യാസ യോഗ്യതകളുള്ള ഒരു സ്ത്രീ യാതൊരുവിധ ബിസിനസുകളിലും ഏർപ്പെടാൻ പാടില്ല എന്ന് ശഠിക്കുന്നത് എത്രമാത്രം ശരിയാണെന്ന് അദ്ദേഹം ചോദിച്ചു. ഭർത്താവ് എന്ന നിലയിൽ തനിക്ക് വീണയോട് പറയാനുള്ളത് വെറുതെയിരിക്കാതെ ബിസിനസ് ചെയ്യാനാണ്.
സ്വന്തം കഴിവിലും യോഗ്യതയിലും വിശ്വസിച്ച് യാതൊരുവിധ പുറംസ്വാധീനങ്ങളുമില്ലാതെ മുന്നോട്ട് പോകാനുള്ള എല്ലാ ശേഷിയും അവർക്കുണ്ട്. അങ്ങനെയുള്ള പ്രവർത്തനങ്ങളിൽ ഏതെങ്കിലും തരത്തിലുള്ള ഭരണപരമായ സ്വാധീനം ദുരുപയോഗം ചെയ്യപ്പെട്ടിട്ടുണ്ടെങ്കിൽ അത് തീർച്ചയായും പരിശോധിക്കപ്പെടേണ്ടതാണ്.
മുൻപ് വളരെ ഉയർന്ന അംഗീകാരമുള്ള ഒരു സ്ഥാപനത്തിൽ ഉന്നത പദവിയിൽ ജോലി ചെയ്തിരുന്ന വ്യക്തിയാണ് അവർ. ആ നിലവാരത്തിൽ പ്രവർത്തിച്ചിരുന്ന ഒരാൾ കൺസൾട്ടൻസി പോലുള്ള മേഖലകളിലേക്ക് തിരിയുമ്പോൾ അതിനുള്ള പ്രതിഫലം എത്രയായിരിക്കണം എന്നത് സാമാന്യ ബുദ്ധിയുള്ള ആർക്കും മനസ്സിലാക്കാവുന്നതേയുള്ളൂ എന്നും അദ്ദേഹം സൂചിപ്പിച്ചു.
കോളേജ് പഠനകാലം മുതലുള്ളതും അതിനുമുമ്പ് മുതൽ തനിക്ക് പരിചയമുള്ളതുമായ സുഹൃത്തുക്കളുടെ വീടുകളിലും ഓഫീസുകളിലുമാണ് രാവിലെ മുതൽ രാത്രി വരെ ഇ.ഡി പരിശോധനകൾ നടന്നത്. താൻ ഏതെങ്കിലും തരത്തിലുള്ള പാർലമെന്ററി പദവികളിൽ എത്തുന്നതിന് മുൻപുള്ള സൗഹൃദങ്ങളാണിത്.
ഇതിനെതിരെ അനാവശ്യമായ പുകമറകൾ സൃഷ്ടിച്ച് ജനങ്ങളെ തെറ്റിദ്ധരിപ്പിക്കാനാണ് ചിലർ ശ്രമിക്കുന്നത്. കേരളത്തിൽ പല മേഖലകളിലും തങ്ങൾക്ക് സുഹൃത്തുക്കളും പരിചയക്കാരുമുണ്ട്.
തൊഴിലാളികളും വ്യവസായികളും ബിസിനസുകാരും ഉൾപ്പെടെ വിവിധ തുറകളിൽപ്പെട്ടവരുമായി ബന്ധങ്ങളുണ്ട്. സ്വാഭാവികമായും അത്തരം സൗഹൃദങ്ങൾ ഇനിയുമുണ്ടാകുമെന്നും മുഹമ്മദ് റിയാസ് കൂട്ടിച്ചേർത്തു.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

